ലോകത്തെവിടെയാണെങ്കിലും മുതിർന്നവർ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്ന കഥകളിൽ പലപ്പോഴും ദൈവവും ചെകുത്താനുമുണ്ടാകും. ദൈവം ചെകുത്താനുമേൽ വിജയം നേടുന്നതോടെ കഥയും കഴിയും. എന്നാൽ ‘ദൈവവും ചെകുത്താനും’ ഒന്നിച്ച് ഒരു ഫുട്ബോൾ മൈതാനത്ത് പന്ത് തട്ടാനിറങ്ങിയ കഥ എത്ര പേർ കേട്ടിട്ടുണ്ട്. അതെ, 40 വർഷങ്ങൾക്ക് മുമ്പ് മെക്സിക്കോ സിറ്റിയിലെ ആസ്റ്റക്ക് സ്റ്റേഡിയത്തിൽ ദൈവവും ചെകുത്താനും ഒന്നിച്ച് പന്ത് തട്ടാനിറങ്ങിയിരുന്നു. അതും ഒരേ കുപ്പായത്തിൽ. ഫുട്ബോൾ എന്ന കളിയേയും ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരേയും രണ്ടായി പകുത്ത രണ്ട് ഗോളുകളുടെ പിറവിക്ക് ലോകം സാക്ഷ്യം വഹിച്ചത് 40 വർഷം മുമ്പത്തെ ഒരു ജൂൺ 22 ആയിരുന്നു. അതിൽ കരസ്പർശമേറ്റ ആദ്യ ഗോൾ ചെകുത്താനിൽ നിന്ന് പിറവിയെടുത്തതാണെന്ന പഴി കേട്ടപ്പോൾ നാലു മിനിറ്റിന്റെ വ്യത്യാസത്തിൽ പിറന്ന മറ്റൊന്നിനെ ആ നൂറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ചതെന്ന് ലോകം വാഴ്ത്തി. രണ്ടും പിറന്നത് ഇതിഹാസതുല്യനായ ഒരു താരത്തിൽ നിന്ന്, ഡീഗോ അർമാൻഡോ മാറഡോണ എന്ന ഫുട്ബോൾ ദൈവത്തിൽ നിന്ന്. ഫുട്ബോളിന്റെ ചരിത്രത്താളുകളിൽ ഇടംനേടിയ മാറഡോണയുടെ കളിജീവിതത്തിലെ രണ്ട് പ്രധാന ഗോളുകൾ, കളിഭ്രാന്തൻമാർ ഇന്നും മനസിൽ കൊണ്ടുനടക്കുന്ന രണ്ട് ഗോളുകൾ.

To advertise here,

അർജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള ഫുട്ബോൾ വൈരത്തിന് അഞ്ചരപതിറ്റാണ്ടിലേറെ പഴക്കമുണ്ട്. 1966-ലെ ഇംഗ്ലണ്ട് ലോകകപ്പിൽ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ ഫൈനലിൽ തങ്ങളുടെ ക്യാപ്റ്റൻ അന്റോണിയോ റാറ്റിനെ പുറത്താക്കിയ ജർമൻ റഫറി റുഡോൾഫ് ക്രെയ്റ്റ്ലെയ്നിന്റെ നടപടി അവർക്ക് പൊറുക്കാൻ സാധിക്കുന്നതിലും അപ്പുറമായിരുന്നു. കാടൻ ഫൗളുകളാൽ സമ്പന്നമായ ആ മത്സരത്തിലെ തോൽവിയുടെ ഓർമകൾ കളിക്കളത്തിൽ ഉപേക്ഷിച്ച് പോരാൻ അർജന്റീനക്കാർ ഒരുക്കമല്ലായിരുന്നു. സ്പാനിഷ് ഭാഷയുടെ നെല്ലും പതിരും തിരിയാത്ത ക്രെയ്റ്റ്ലെയ്ൻ ഇംഗ്ലണ്ടിന് അനുകൂലമായി പ്രവർത്തിച്ചു എന്നു തന്നെ അവർ ഉറച്ചുവിശ്വസിച്ചു. വിവാദം അവിടം കൊണ്ടും തീർന്നില്ല. ആരാധക പ്രതിഷേധങ്ങളെ തുടർന്ന് ഇംഗ്ലീഷ് മാനേജർ ആൽഫ് റാംസി അർജന്റീനക്കാരെ 'മൃഗങ്ങൾ' എന്ന് വിളിച്ച് അപമാനിക്കുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം ഫുട്ബോൾ മൈതാനത്തിന് പുറത്തേക്കും ആ വൈരം നീണ്ടു. ദക്ഷിണ അറ്റ്ലാന്റിക്കിൽ സ്ഥിതി ചെയ്തിരുന്ന ഫോക്ലൻഡ് ദ്വീപുകളെ ചുറ്റിപ്പറ്റിയായിരുന്നു അടുത്തത്. ഇത് പിന്നീട് 1982-ലെ ഫോക്ലൻഡ് യുദ്ധത്തിന് കാരണമാകുകയും ചെയ്തും. ബ്രിട്ടീഷുകാർ തങ്ങളുടെ അധീനതയിലാണെന്ന് അവകാശവാദമുന്നയിച്ചിരുന്ന ഈ പ്രദേശത്തെ തങ്ങളുടെ സ്വന്തം ഐസ്ലാസ് മാൽവിനാസ് എന്നാണ് അർജന്റീനക്കാർ വിളിച്ചിരുന്നത്. 1982 ഏപ്രിൽ രണ്ടിന് ഫോക്ലൻഡ് ദ്വീപിലെത്തിയ അർജന്റീനിയൻ സൈന്യത്തിന്റെ നടപടിയെ തങ്ങളുടെ പ്രദേശത്തേക്കുള്ള കടന്നുകയറ്റമായാണ് ബ്രിട്ടീഷുകാർ കണ്ടത്. എഴുന്നൂറോളം അർജന്റീനക്കാരുടെ മരണത്തിലേക്ക് നയിച്ച ഈ യുദ്ധം എന്നും അവരുടെ മനസിൽ ഒരു കനലായി തന്നെ തുടർന്നു. അവിടെ നിന്നും നാലു വർഷങ്ങൾക്ക് ശേഷമാണ് മെക്സിക്കോയിൽ അർജന്റീന - ഇംഗ്ലണ്ട് മത്സരത്തിന് കളമൊരുങ്ങിയത്.

ഇക്കാരണങ്ങളാൽ തന്നെ ഒരു പകവീട്ടലിന്റെ കണക്കുകൾ മനസിൽ വെച്ചാണ് അർജന്റീനക്കാർ ആസ്റ്റക്കിൽ അണിനിരന്നത്. 90 മിനിറ്റ് സമയം കളിച്ചാൽ തീരാത്ത കണക്കുകൾ അവർക്ക് തീർക്കാൻ ബാക്കിയുണ്ടായിരുന്നു.

ദൈവത്തിന്റെ കൈ പതിഞ്ഞ ഗോൾ

ഫുട്ബോൾ മൈതാനത്ത് കാലുകളാണ് താരം. 90 മിനിറ്റ് നീളുന്ന മത്സരത്തിൽ പ്രവർത്തിക്കാൻ അവകാശമുള്ളത് ഗോൾ കീപ്പർമാരുടെ നാലേ നാലു കൈകൾക്ക് മാത്രമാണ്. 40 വർഷങ്ങൾക്കു മുമ്പ്, കൃത്യമായി പറഞ്ഞാൽ 1986 ജൂൺ 22-ന് മെക്‌സിക്കോ സിറ്റിയിലെ ആസ്റ്റക്ക് സ്റ്റേഡിയത്തിൽ ഒരു 'കൈ' പ്രയോഗം അരങ്ങേറി. ലോകത്തെ ഒരു ചെറിയ ഗോളത്തിലേക്ക് ആവാഹിക്കുന്ന ഫുട്ബോൾ എന്ന കളിക്ക് ജീവനുള്ള കാലത്തോളം ആരും മറക്കാത്ത ഒരു അറ്റ കൈ പ്രയോഗം. മാറഡോണയെന്ന അതിമാനുഷനെ കുറിച്ച് പറയുമ്പോഴെല്ലാം ആളുകൾ ഓർക്കുക 1986 ലോകകപ്പിലെ ആ ഗോളിനെ കുറിച്ചാണ്.

1986 മേയ് 31 മുതൽ ജൂൺ 29 വരെ മെക്‌സിക്കോയിൽ നടന്ന പതിമൂന്നാമത് ഫിഫ ഫുട്‌ബോൾ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനലിലാണ് വിഖ്യാതമായ ആ ഗോളിന്റെ പിറവി. ആസ്റ്റക്ക് സ്റ്റേഡിയത്തിൽ ഒരു ലക്ഷത്തിലേറെ പേർ സാക്ഷിയായ മത്സരം. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ 51-ാം മിനിറ്റിലാണ് ടീമിനായി ക്യാപ്റ്റൻ കൂടിയായ മാറഡോണ ആ കടും 'കൈ' ചെയ്തത്. മാറഡോണയും സഹതാരം ജോർജ് വാൽഡാനോയും ചേർന്ന ഒരു മുന്നേറ്റം. ക്യാപ്റ്റനിൽ നിന്ന് പാസ് സ്വീകരിച്ച വാൽഡാനോ ഇംഗ്ലീഷ് പ്രതിരോധനിരക്കാരെ വെട്ടിയൊഴിയാൻ ശ്രമിക്കുന്നു. എന്നാൽ ഇംഗ്ലീഷ് താരം സ്റ്റീവ് ഹോഡ്ജിന്റെ കൃത്യസമയത്തെ ഇടപെടൽ മൂലം ആ ശ്രമം വിഫലമാക്കപ്പെടുന്നു. പക്ഷേ ആ ശ്രമത്തിൽ ഹോഡ്ജിന് ഒരു പിഴവ് സംഭവിച്ചു. അദ്ദേഹം ഗോൾകീപ്പർ പീറ്റർ ഷിൽട്ടന് മറിച്ച് നൽകാൻ ശ്രമിച്ച പന്ത് നേരെ പോയത് മാറഡോണയുടെ മുന്നിലേക്ക്. പന്ത് പിടിക്കാൻ ഷിൽട്ടനും ഗോളടിക്കാൻ മാറഡോണയ്ക്കും ഫിഫ്റ്റി ഫിഫ്റ്റി ചാൻസ്.

പക്ഷേ തന്നേക്കാൾ 20 സെന്റീമീറ്ററോളം ഉയരമുള്ള ഷിൽട്ടനെ മറികടക്കാൻ സാധിക്കില്ലെന്ന് ഞൊടിയിടയിൽ തിരിച്ചറിഞ്ഞ മാറഡോണ ആ അറ്റ'കൈ' പ്രയോഗത്തിന് മുതിർന്നു. ബോക്സിലേക്കെത്തിയ പന്ത് വലതുകൈ കൊണ്ട് തട്ടിയകറ്റാൻ എത്തിയ ഷിൽട്ടനു മുന്നിൽ ചാടി ഉയർന്ന മാറഡോണ തന്റെ ഇടംകൈ കൊണ്ട് പന്ത് ഷിൽട്ടന്റെ തലയ്ക്ക് മുകളിലൂടെ തട്ടി വലയിലാക്കി. അപ്പോഴേക്കും മാറഡോണ ആഘോഷം തുടങ്ങി കഴിഞ്ഞിരുന്നു. എന്നാൽ മൈതാനത്തെ മറ്റുള്ളവരെല്ലാം കണ്ടിരുന്നു അയാൾ കൈകൊണ്ടാണ് ഗോൾ നേടിയതെന്ന്. ഒരാളൊഴികെ ടുണീഷ്യൻ റഫറി ബിൻ നാസർ.

ടീം അംഗങ്ങളെല്ലാം തന്നെ വന്ന് അഭിനന്ദിക്കുമെന്ന് മാറഡോണ കരുതി. പക്ഷേ അതുണ്ടായില്ല. റഫറിക്ക് സംശയം തോന്നാതിരിക്കാൻ തന്നെ വന്ന് കെട്ടിപ്പിടിക്കാൻ അയാൾക്ക് സഹതാരങ്ങളോട് പറയേണ്ടി വന്നു. ആ ഗോളിനെ കുറിച്ച് പിൽക്കാലത്ത് അദ്ദേഹം തന്നെ വെളിപ്പെടുത്തിയതാണിത്.

ലൈൻ റഫറിയായിരുന്ന ബോഗ്ഡാൻ ഗണേവ് ഡോഷേവ് എന്ന ബൾഗേറിയക്കാരൻ വെള്ളവരയ്ക്കപ്പുറത്ത് അചഞ്ചലനായി നിന്നു. ബിൻ നാസറിന്റെ വിധിവന്നു, ഗോൾ. ഷിൽട്ടൻ അടക്കമുള്ള ഇംഗ്ലണ്ട് താരങ്ങളെല്ലാം റഫറിക്ക് ചുറ്റും നിന്ന് ഹാൻഡ് ബോളാണെന്ന് വാദിച്ചു. യാതൊരു ഫലവും ഉണ്ടായില്ല.

ആസ്റ്റക്ക് സ്റ്റേഡിയത്തിലെ ഇംഗ്ലണ്ട് കാണികൾ ക്ഷുഭിതരായി. ചെകുത്താന്റെ കൈ എന്ന് അട്ടഹസിച്ച കാണികൾ മാറഡോണയ്ക്കു നേരേ കൂവി വിളിച്ചു. കമന്റേറ്റർമാരടക്കം മാറഡോണയ്ക്കെതിരേ തിരിഞ്ഞു. അടുത്ത ദിവസം അയാളുടെ പേരിനൊപ്പം ഫുട്ബോളിനെ ചതിച്ചവൻ എന്ന് അച്ചുനിരത്താൻ ഇംഗ്ലണ്ടിലെ പത്രങ്ങൾ ഒന്നടങ്കം തയ്യാറെടുത്തു. എന്നാൽ നാലു മിനിറ്റുകൾക്കപ്പുറം വില്ലനിൽ നിന്ന് നായകനായി മാറഡോണ പകർന്നാടി. നാലു മിനിറ്റുകൾക്ക് മുമ്പ് 'കൈ'യിൽ പതിഞ്ഞ പാപക്കറ കഴുകിക്കളയാൻ പോന്നൊരു ഗോളിലൂടെ.

പിന്നീട് മാറഡോണ തന്നെ പറഞ്ഞു ആ ഗോളിൽ ദൈവത്തിന്റെ കൈ പതിഞ്ഞിരുന്നു എന്ന്. എന്നാൽ മെക്‌സിക്കൻ ഫോട്ടോഗ്രാഫർ അലസാൻഡ്രോ ഒയേഡ കർബാജയുടെ ചിത്രം ആ നിമിഷത്തെ ഒപ്പിയെടുത്തിരുന്നു.

ഇംഗ്ലണ്ടിനെ 2-1ന് മറികടന്ന അർജന്റീന സെമിയിലേക്കും പിന്നീട് കിരീടത്തിലേക്കും നടന്നുകയറി. അന്ന് തോൽപ്പിച്ചത് ഫുട്‌ബോൾ ടീമിനെയായിരുന്നില്ല ഒരു രാജ്യത്തെ തന്നെയാണെന്നുവെന്ന് പിൽക്കാലത്ത് ഇംഗ്ലണ്ടിനെതിരായ ആ മത്സരത്തെ കുറിച്ച് മറഡോണ കുറിച്ചു.

നൂറ്റാണ്ടിന്റെ ഗോൾ

ഇംഗ്ലണ്ടിനെതിരായ ക്വാർട്ടറിലെ 51-ാം മിനിറ്റിൽ പിറന്ന വിവാദ ഗോളിന്റെ അലയൊലികൾ അപ്പോഴും അടങ്ങിയിട്ടുണ്ടായിരുന്നില്ല. ഇംഗ്ലീഷ് താരം ടെറി ബുച്ചർ അപ്പോഴും റഫറി ബിൻ നാസറിനോട് തർക്കിച്ച് തീർന്നിട്ടുണ്ടായിരുന്നില്ല. എന്നാൽ അൽപം മുമ്പ് തന്റെ 'കൈയിൽ' പതിഞ്ഞ പാപക്കറ കഴുകിക്കളയാൻ ആ അതിമാനുഷന് വേണ്ടിവന്നത് വെറും നാലേ നാല് മിനിറ്റുകൾ മാത്രമായിരുന്നു. മത്സരം അപ്പോഴേക്കും 55-ാം മിനിറ്റിലേക്ക് കടന്നിരുന്നു. സ്വന്തം ഹാഫിൽ നിന്ന് ഹെക്ടർ എന്റിക്വേ പന്ത് മാറഡോണയ്ക്ക് നീട്ടുമ്പോൾ അതിൽ അസാധാരണമായത് ഒന്നും തന്നെ ആസ്റ്റക്കിൽ കൂടിയിരുന്നവർക്ക് അനുഭവപ്പെട്ടില്ല. എന്നാൽ ഫുട്ബോൾ ലോകം അദ്ഭുതപ്പെട്ടുപോയ അടുത്ത പത്തുസെക്കന്റുകളിൽ മൈതാനത്തിന്റെ 60 വാരയിടം കീഴടക്കി മാറഡോണയെന്ന താരത്തിന്റെ അശ്വമേധമായിരുന്നു. 10 സെക്കൻഡുകൾ, വെറും 10 സെക്കന്റുകൾക്കുള്ളിൽ എല്ലാം കഴിഞ്ഞു. തന്റെ ഇടംകാലിൽ വിനീതവിധേയനായി നിലകൊണ്ട പന്തുമായി ആദ്യം പീറ്റർ ബിയേഡസ്ലിയെ പിന്നാലെ പീറ്റർ റെയ്ഡിനെ ശേഷം ടെറി ബുച്ചറിനെ തുടർന്ന് ടെറി ഫെൻവിക്കിനെ ഏറ്റവുമൊടുവിൽ പീറ്റർ ഷിൽട്ടനേയും മറികടന്ന് ബോക്സിന്റെ ഇടത് ഭാഗത്തുനിന്ന് പന്ത് ആ പത്താം നമ്പറുകാരൻ വലയിലെത്തിയപ്പോൾ ഒരു നിമിഷം തങ്ങൾക്ക് മുന്നിൽ സംഭവിച്ചതെന്തെന്ന് തിരിച്ചറിയാനാകാതെ നിൽക്കുകയായിരുന്നു കാണികൾ. നാലു മിനിറ്റ് മുമ്പ് തന്നെ ചെകുത്താനെന്ന് വിളിച്ചവരുടെ കൈയടികളുടെ മുഴക്കത്തിൽ ചെകുത്താനിൽ നിന്ന് ദൈവത്തിലേക്ക് ആ അഞ്ചടി നാലിഞ്ചുകാരൻ പരകായപ്രവേശം ചെയ്തു.

അന്ന് കമന്ററി ബോക്സിലിരുന്ന് സ്പാനിഷ് ഭാഷയിൽ യുറഗ്വായൻ ജേർണലിസ്റ്റ് വിക്ടർ ഹ്യൂഗോ മൊറാലസ് അലറിവിളിച്ചു. നൂറ്റാണ്ടിന്റെ ആ ഗോളിനൊപ്പം മൊറാലസും അദ്ദേഹത്തിന്റെ കമന്ററിയും ഇന്നും ചരിത്രത്തിന്റെ ഭാഗമായി തുടരുന്നു. 81-ാം മിനിറ്റിലെ ഗാരി ലിനേക്കറിന്റെ ഗോളിനും അർജന്റീനയുടെ വിജയത്തെ തടയാനായില്ല. 2-1ന് ജയിച്ചുകയറിയതിനു പിന്നാലെ വെറുമൊരു മത്സരമല്ല ഞങ്ങൾ ഒരു യുദ്ധം തന്നെയാണ് ജയിച്ചതെന്നായിരുന്നു മാറഡോണയുടെ പ്രഖ്യാപനം.