ന്യൂഡല്‍ഹി: ഇന്ത്യയുടെ സീനിയര്‍ പുരുഷ ഫുട്‌ബോള്‍ ടീം മുഖ്യ പരിശീലകനായി മനോളോ മാര്‍ക്കേസിനെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ തിരഞ്ഞെടുത്തിരിക്കുകയാണ്. സ്‌പെയിനിലെ ബാഴ്‌സലോണയില്‍നിന്ന് വരുന്ന അദ്ദേഹം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്.സി. ഗോവയുടെ മുഖ്യ പരിശീലക ഉത്തരവാദിത്വംകൂടി വഹിക്കുന്നുണ്ട്. 2024-25 സീസണിലും ഗോവയെ നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ വന്നാല്‍ ഇരട്ട ചുമതലകളായിരിക്കും അടുത്ത ഒരുവര്‍ഷം അദ്ദേഹത്തിന് നിര്‍വഹിക്കേണ്ടിവരിക.
ഫുട്‌ബോളില്‍ അഗാധമായ അനുഭവശേഷിയും പാണ്ഡിത്യവും നിറഞ്ഞ വ്യക്തിത്വമാണ് അന്‍പത്തഞ്ചുകാരനായ മാനോളോ മാര്‍ക്കേസ്. ചെറുപ്പത്തില്‍ ഫുട്‌ബോള്‍ കളിക്കാരനായും കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ സ്‌പെയിനില്‍ പേരുകേട്ട താരമായി വളരാനായില്ല. അതോടെ 28-ാം വയസ്സില്‍ കളി മതിയാക്കി. 2002-ല്‍ പരിശീലക വേഷം അണിഞ്ഞുതുടങ്ങി. അവസാനം കളിച്ച സ്പാനിഷ് ക്ലബ്ബായ പിബി അങ്ക്വേറയിലാണ് കോച്ചായി തുടക്കമിട്ടതും. സ്‌പെയിനിലെ ടോപ് ഡിവിഷന്‍ ക്ലബായ ലാസ് പാല്‍മാസ്, ലാസ് പാല്‍മാസ് ബി, എസ്പാന്യോള്‍ ബി, ബദലോണ, പ്രാത്, യൂറോപ്പ (മൂന്നാം ഡിവിഷന്‍) ക്ലബുകളില്‍ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് ക്രൊയേഷ്യയിലേക്കും തായ്‌ലാന്‍ഡിലേക്കും നീങ്ങി.
2020-ല്‍ ഇന്ത്യയിലെത്തിയ അദ്ദേഹം 2023 വരെയുള്ള മൂന്നുവര്‍ഷക്കാലം ഹൈദരാബാദ് എഫ്.സി.യുടെ പരിശീലകനായി. ഇക്കാലയളവില്‍ ഹൈദരാബാദ് ടീമിലെ നിരവധി താരങ്ങള്‍ ഇന്ത്യന്‍ ദേശീയ ടീമിലെത്തി. 2021-22 സീസണില്‍ ഹൈദരാബാദിനെ ഐ.എസ്.എല്‍. ചാമ്പ്യന്മാരാക്കുന്നതിലും അദ്ദേഹം പങ്കുവഹിച്ചു. ഹൈദരാബാദിന്റെ ആദ്യ ഐ.എസ്.എല്‍. കിരീടമായിരുന്നു അത്. അന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്താണ് കിരീടം നേടിയത്. കഴിഞ്ഞവര്‍ഷം മുതല്‍ ഗോവ എഫ്.സി.യുടെ പരിശീലക ചുമതല നിര്‍വഹിച്ചുവരുന്നു. കഴിഞ്ഞ സീസണില്‍ ഗോവയെ 12 മത്സരങ്ങളില്‍ തോല്‍ക്കാതെ മുന്നോട്ടുനയിച്ചെങ്കിലും ഒടുക്കം കാലിടറി. സീസണില്‍ മൂന്നാംസ്ഥാനംകൊണ്ട് ഗോവയ്ക്ക് തൃപ്തിപ്പെടേണ്ടിവന്നു.
വിവിധ ക്ലബ്ബുകളിലായി 585 മത്സരങ്ങളില്‍ അദ്ദേഹം പരിശീലകവേഷമണിഞ്ഞു. 46.67 ആണ് വിജയശതമാനം. ഇന്ത്യയില്‍ 75 മത്സരങ്ങളില്‍ പരിശീലകനായപ്പോള്‍
48 ശതമാനമാണ് വിജയശതമാനം. എഫ്.സി. ഗോവയിലെത്തുമ്പോള്‍ 33 മത്സരങ്ങളില്‍ 57.58 ശതമാനം കണക്കിലും വിജയശതമാനമുണ്ട്.
2024-25 സീസണ്‍ കഴിയുന്ന മുറയ്ക്ക്, ഗോവയുടെ കോച്ചിങ് സ്ഥാനം ഒഴിഞ്ഞ് ഇന്ത്യയുടെ മുഖ്യപരിശീലക സ്ഥാനം മാത്രം വഹിക്കുമെന്നാണ് കരുതുന്നത്. അദ്ദേഹത്തിന്റെ കാറ്റലോണിയന്‍ അനുഭവജ്ഞാനങ്ങളും ഇന്ത്യന്‍ ഫുട്‌ബോളിനെ മനസ്സിലാക്കിയുള്ള പരിചയങ്ങളും മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തലുകള്‍. ക്ലബ്ബ് തലത്തില്‍ അദ്ദേഹം പുലര്‍ത്തിയ മികവുകള്‍ ദേശീയ ടീമിലും ആവര്‍ത്തിച്ചാല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ രംഗം പുതിയ മാനം കൈവരിക്കും.
എ.ഐ.എഫ്.എഫ്. പ്രസിഡന്റ് കല്യാണ്‍ ചൗബേയുടെ നേതൃത്വത്തിലുള്ള ഫുട്‌ബോള്‍ ഫെഡറേഷന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് മാനോളോ മാര്‍ക്കേസിനെ മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ ഫുട്‌ബോള്‍ ഹൗസില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. തീരുമാനത്തില്‍ പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്.
'എന്റ രണ്ടാം രാജ്യമായി പരിഗണിക്കുന്ന ഇന്ത്യയുടെ ദേശീയ ഫുട്‌ബോള്‍ ടീം കോച്ചാവാനായത് ഒരു ബഹുമതിയാണ്. ഈ രാജ്യവുമായും അതിലെ ജനങ്ങളുമായും എനിക്ക് നല്ല ബന്ധമുണ്ട്. ഈ മനോഹരമായ രാജ്യത്ത് ഞാന്‍ ആദ്യമായി വന്നത് മുതല്‍ അതിന്റെ ഭാഗമാണ്. നമ്മുടെ ദശലക്ഷക്കണക്കിനു വരുന്ന ആരാധകര്‍ക്ക് വിജയം കൊണ്ടുവരാനായി ഞാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കും. ക്ലബ്ബിന്റെ പരിശീലകനായിരിക്കെത്തന്നെ, ദേശീയ ടീമിനെകൂടി സഹായിക്കാന്‍ അനുവദിച്ച എഫ്.സി. ഗോവയോട് വളരെ നന്ദിയുണ്ട്. ഈ അവസരത്തില്‍ എ.ഐ.എഫ്.എഫിനോടും നന്ദി പ്രകടിപ്പിക്കുന്നു. ഇന്ത്യന്‍ ഫുട്‌ബോളില്‍ മികച്ച കാര്യങ്ങള്‍ ചെയ്യാനാവുമെന്ന് പ്രതീക്ഷിക്കുന്നു' -മാര്‍ക്കേസ് പറഞ്ഞു.
2026 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത മൂന്നാം റൗണ്ടിലേക്ക് കടക്കാതെ ഇന്ത്യ പുറത്തായതിനു പിന്നാലെ മുഖ്യപരിശീലക സ്ഥാനത്തുനിന്ന് ഇഗോര്‍ സ്റ്റിമാച്ചിനെ എ.ഐ.എഫ്.എഫ്. പുറത്താക്കിയിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 11-ന് ഖത്തറിനെതിരേ ഗ്രൂപ്പ് എ മത്സരത്തില്‍ 2-1ന് പരാജയപ്പെട്ടതോടെയാണ് ഇന്ത്യയുടെ വഴിയടഞ്ഞത്. അടുത്തിടെ ഫിഫ റാങ്കിങ്ങിലും ഇന്ത്യക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. 121-ാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടിരുന്നത്. സ്റ്റിമാച്ചിനു കീഴില്‍ കഴിഞ്ഞ വര്‍ഷം ആദ്യ നൂറിനുള്ളില്‍ ഇടംപിടിച്ചിരുന്നെങ്കിലും വീണ്ടും താഴേക്ക് പോയി. ഇതൊക്കെ അദ്ദേഹത്തെ ഒഴിവാക്കുന്നതിലേക്ക് നയിച്ചു. അത്തരം അവസ്ഥകള്‍ നിലനില്‍ക്കെയാണ് മാര്‍ക്കേസ് പിന്‍ഗാമിയായി വരുന്നത്. അദ്ദേഹത്തെ സംബന്ധിച്ച്, തീര്‍ച്ചയായും വെല്ലുവിളി നിറഞ്ഞ ഒരു ദൗത്യമാണിത്.
Content Highlights: manolo marquez new head coach of the Indian mens football team
Published: 20 Jul 2024, 08:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented