ന്യൂഡല്‍ഹി: ഇന്ത്യയുടെ സീനിയര്‍ പുരുഷ ഫുട്‌ബോള്‍ ടീം മുഖ്യ പരിശീലകനായി മാനോളോ മാര്‍ക്കേസിനെ തിരഞ്ഞെടുത്തു. നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ എഫ്.സി. ഗോവയുടെ മുഖ്യ പരിശീലക ചുമതല വഹിക്കുന്നുണ്ട് അദ്ദേഹം. 2024-25 സീസണിലും ഗോവയുടെ പരിശീലക സ്ഥാനത്ത് തുടരും. ഡല്‍ഹിയില്‍ ചേര്‍ന്ന അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് പുതിയ പരിശീലകനെ പ്രഖ്യാപിച്ചത്.
ഇന്ത്യന്‍ ടീമിന്റെ കോച്ചിങ് ചുമതല വഹിക്കുന്നതിനൊപ്പംതന്നെ എഫ്.സി. ഗോവയുടെ ചുമതലയും ഒരേസമയം നിര്‍വഹിക്കും. ദേശീയ ടീമിനൊപ്പം ജോലി നിര്‍വഹിക്കാന്‍ അദ്ദേഹത്തെ ഗോവ വിട്ടുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നിയമനം. ഫുട്‌ബോള്‍ രംഗത്ത് മികച്ച പ്രാവീണ്യവും പാണ്ഡിത്യവുമുള്ള താരമാണ് സ്പാനിഷ് മുന്‍ താരമായ മാര്‍ക്കേസ്.
ഡല്‍ഹിയിലെ ഫുട്‌ബോള്‍ ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഐ.എഫ്.എഫ്. പ്രസിഡന്റ് കല്യാണ്‍ ചൗബേ, വൈസ് പ്രസിഡന്റ് എന്‍.എ. ഹാരിസ്, മെമ്പര്‍മാര്‍, എക്‌സിക്യുട്ടീവ് കമ്മിറ്റി മെംബര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. മാര്‍ക്കേസിനെ ദേശീയ ടീം കോച്ചിങ് രംഗത്തേക്ക് വിട്ടുനല്‍കിയതിന് കല്യാണ്‍ ചൗബേ എഫ്.സി. ഗോവയ്ക്ക് നന്ദിയറിയിച്ചു. ദേശീയ ഫുട്‌ബോള്‍ ടീം പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു ബഹുമതിയായി കാണുന്നുവെന്നും അനുമതി നല്‍കിയതിന് ഗോവയോട് നന്ദിയുണ്ടെന്നും മാര്‍ക്കേസ് പറഞ്ഞു. ഇന്ത്യയെ രണ്ടാമത്തെ രാജ്യമായാണ് പരിഗണിക്കുന്നത്. ഇവിടെയെത്തിയതോടെ ഈ രാജ്യവുമായും ഇവിടത്തെ ജനങ്ങളുമായും വലിയ ബന്ധം സ്ഥാപിക്കാനായി. നമ്മുടെ ദശലക്ഷക്കണക്കിന് വരുന്ന ആരാധകരില്‍ വിജയം കൊണ്ടുവരാനായി കഴിവിന്റെ പരമാവധി ശ്രമിക്കും. അവസരം നല്‍കിയ എ.ഐ.എഫ്.എഫിന് നന്ദിയുണ്ടെന്നും മാര്‍ക്കേസ് വ്യക്തമാക്കി.
2020-ലാണ് ഇന്ത്യയില്‍ പരിശീലകനായി എത്തുന്നത്. 2020 മുതല്‍ 2023 വരെ മൂന്നുവര്‍ഷക്കാലം ഹൈദരാബാദ് എഫ്.സി.യുടെ പരിശീലകനായി. ഇക്കാലയളവില്‍ ഹൈദരാബാദ് ടീമിലെ നിരവധി താരങ്ങള്‍ ഇന്ത്യന്‍ ദേശീയ ടീമിലെത്തി. 2021-22 സീസണില്‍ ഹൈദരാബാദിനെ ഐ.എസ്.എല്‍. ചാമ്പ്യന്മാരാക്കാനും അദ്ദേഹത്തിനായി. കഴിഞ്ഞവര്‍ഷം മുതല്‍ ഗോവ എഫ്.സി.യുടെ പരിശീലക ചുമതല നിര്‍വഹിച്ചുവരുന്നു. ഇന്ത്യയിലെത്തുന്നതിന് മുന്‍പ് സ്വന്തം നാടായ സ്‌പെയിനില്‍ പരിശീലക കരിയര്‍ ആരംഭിച്ചിരുന്നു. ടോപ് ഡിവിഷന്‍ ക്ലബായ ലാസ് പാല്‍മാസ്, ലാസ് പാല്‍മാസ് ബി, എസ്പാന്യോള്‍ ബി, ബദലോണ, പ്രാത്, യൂറോപ്പ (മൂന്നാം ഡിവിഷന്‍) ക്ലബുകളില്‍ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇഗോര്‍ സ്റ്റിമാച്ചിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം ഇന്ത്യന്‍ ടീം പരിശീലക സ്ഥാനത്തെത്തുന്നത്.
Content Highlights: manolo marquez appointed head coach of senior mens national team
Published: 20 Jul 2024, 06:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented