എത്തിഹാദ്: കാല്‍പ്പന്തുകളിയുടെ അപ്രവചനീയത നടമാടിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ അവസാന രാവില്‍ സിറ്റിയുടെ നിറഞ്ഞചിരി. ആന്‍ഫീല്‍ഡില്‍ ചെമ്പടയുടെ ചിതറിയ സ്വപ്‌നം. ആരവങ്ങളലടകടലായ എത്തിഹാദില്‍ 2021-22 സീസണ്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടമുയര്‍ത്തി സിറ്റി നിറഞ്ഞാടി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആറാം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം. മരണം പലകുറി കടന്നുപോയ എത്തിഹാദില്‍ ഉയിര്‍ത്തെഴുന്നേറ്റ് ഇതാ സിറ്റിയുടെ അശ്വമേധം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെന്ന പേര് ഒരിക്കല്‍കൂടി അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.
അത്യന്തം ആവേശത്തോടെയാണ് 2021-22 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ അവസാനദിനം തുടങ്ങിയത്. അവസാനദിനമായതിനാല്‍ ലീഗിലെ എല്ലാ മത്സരങ്ങളും ഒരേ സമയമാണ് നടന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും ജീവന്‍മരണപോരാട്ടത്തിനൊരുങ്ങിയാണ് മൈതാനത്ത് ഇറങ്ങിയത്. ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി ഇരു ടീമുകളുടേയും മത്സരങ്ങള്‍ തുടങ്ങി. എത്തിഹാദില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആസ്റ്റണ്‍ വില്ലയെയും ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ വോള്‍വ്‌സിനെയും നേരിടുന്നു.
കൊടിതോരണങ്ങളും ബാനറുകളും കൊണ്ട് ചെങ്കോട്ടയായി മാറിയ ആന്‍ഫീല്‍ഡ് മൂന്നാം മിനിറ്റില്‍ ഞെട്ടിത്തരിച്ചു. പെഡ്രോ നെറ്റോയുടെ ഗോളിലൂടെ വോള്‍വ്‌സ് മുന്നിലെത്തി. ആന്‍ഫീല്‍ഡ് വലിയ നിശബ്ദതയിലേക്ക് ഉള്‍വലിഞ്ഞു. എത്തിഹാദില്‍ ആരവങ്ങളുയര്‍ന്നു. പക്ഷേ ചെമ്പട തളര്‍ന്നില്ല. അവര്‍ മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. കിരീടപ്രതീക്ഷകളെ സജീവമാക്കി ലിവര്‍പൂള്‍ സമനില ഗോള്‍ നേടി. 24-ാം മിനിറ്റില്‍ സാദിയോ മാനെയാണ് വലകുലുക്കിയത്. അപ്പോഴും സിറ്റിയും ആസ്റ്റണ്‍ വില്ലയും ഗോള്‍രഹിത സമനിലയില്‍ തന്നെ തുടര്‍ന്നു.
ഗോള്‍ നേടാനായി സിറ്റി മുന്നേറിക്കൊണ്ടേയിരുന്നു.പക്ഷേ പെട്ടെന്നൊരു നിമിഷം എത്തിഹാദ് നിശ്ചലമായി. സിറ്റിയുടെ ഹൃദയം തുളച്ച് വില്ല പ്രതിരോധനിരക്കാരന്‍ മാറ്റി കാഷിന്റെ ഹെഡര്‍ ഗോള്‍. സിറ്റി വലിയ പ്രതിരോധത്തിലേയ്ക്ക് വീണു. ഇരുടീമുകള്‍ക്കും 90 പോയന്റ്. ഗോള്‍ വ്യത്യാസത്തിന്റെ ആനുകൂല്യത്തില്‍ മാത്രം സിറ്റി ഒന്നാമത് നില്‍ക്കുന്നു. ലിവര്‍പൂള്‍ ഒരു ഗോള്‍ കൂടി നേടിയാല്‍ പട്ടികയില്‍ മുന്നിലെത്തും. സിറ്റിക്ക് ജയിക്കാന്‍ രണ്ട് ഗോളുകള്‍ നേടണം.
രണ്ടാം പകുതിയില്‍ പന്തുരുണ്ട് തുടങ്ങിയതും ഗോള്‍ നേടുകയെന്ന ഒറ്റ ലക്ഷ്യവുമായാണ്. 50-ാം മിനിറ്റില്‍ സാദിയോ മാനെ വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായിരുന്നു. സൂപ്പര്‍താരം മുഹമ്മദ് സലയെ കളത്തിലിറക്കി ലിവര്‍പൂള്‍ ആക്രമണങ്ങള്‍ക്ക് വീണ്ടും മൂര്‍ച്ച കൂട്ടി. അവര്‍ ഗോളിനായി വോള്‍വ്‌സിന്റെ പെനാല്‍റ്റി ബോക്‌സില്‍ പലകുറി കയറിയിറങ്ങി.
എത്തിഹാദിനെ വീണ്ടും നിശബ്ദമാക്കി ആസ്റ്റണ്‍ വില്ല രണ്ടാം ഗോളും നേടി. എല്ലാവരും ലിവര്‍പൂളിനെ ഉറ്റുനോക്കി. ജയിച്ചാല്‍ ചെമ്പടയ്ക്ക് കിരീടമാണ്. അതിനിടയില്‍ സിറ്റി ഒരു ഗോള്‍ മടക്കി. 76-ാം മിനിറ്റില്‍ ഇക്കായി ഗുണ്‍ഡോഗനാണ് ഗോള്‍ നേടിയത്. സിറ്റിക്ക് വിജയിക്കണമെങ്കില്‍ രണ്ടു ഗോള്‍ നേടണം. മുന്നേറ്റങ്ങള്‍ക്കൊടുവില്‍ സിറ്റി വീണ്ടും വലകുലുക്കി. ഇരു ടീമുകളും രണ്ട് ഗോള്‍ നേടി സമനിലയില്‍. പോയന്റ് പട്ടികയില്‍ അപ്പോഴും ഒരു പോയന്റിനാണ് സിറ്റി മുന്നിട്ടു നിന്നത്. ലിവര്‍പൂള്‍ ഒരു ഗോള്‍ നേടിയാല്‍ അവര്‍ മുന്നിലെത്തുമെന്നുളള അവസ്ഥ.
പക്ഷേ മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടം അവസാനിപ്പിച്ചില്ല. ചെമ്പടയുടെ സ്വപ്‌നങ്ങളെ തകര്‍ത്തുകൊണ്ട് മൂന്നാം ഗോള്‍ നേടി. എത്തിഹാദ് ആവേശത്തിന്റെ പരകോടിയിലേക്ക് വലിച്ചെറിയപ്പെട്ടു.സ്വപ്‌നങ്ങള്‍ വീണ്ടെടുത്ത മറ്റൊരു രാത്രിയുടെ പിറവി. അവസാനവിസിലിനൊടുക്കം ആറാം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തില്‍ സിറ്റിയുടെ മുത്തം.
Content Highlights: Manchester City produce a stunning comeback to win the Premier League for the sixth time
Published: 22 May 2022, 10:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented