ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റിയ്ക്ക് സമനില. ആസ്റ്റണ്‍ വില്ലയാണ് സിറ്റിയെ സമനിലയില്‍ തളച്ചത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. 

To advertise here,

സിറ്റിയ്ക്ക് വേണ്ടി സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ടും ആസ്റ്റണ്‍ വില്ലയ്ക്ക് വേണ്ടി ലിയോണ്‍ ബെയ്‌ലിയും ഗോളടിച്ചു. രണ്ടാം പകുതിയിലാണ് ഇരുഗോളുകളും പിറന്നത്. 50-ാം മിനിറ്റില്‍ ഹാളണ്ടിലൂടെ സിറ്റിയാണ് മത്സരത്തില്‍ ലീഡെടുത്തത്. 

കെവിന്‍ ഡിബ്രുയിനെയുടെ മനോഹരമായ ക്രോസ് ബോക്‌സില്‍ ചാടിയുയര്‍ന്നുകൊണ്ട് ഹാളണ്ട് വലയിലേക്ക് തട്ടിയിട്ടു. ആറ് മത്സരങ്ങളില്‍ നിന്ന് ഹാളണ്ട് നേടുന്ന പത്താം ഗോളാണിത്. ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഹാളണ്ട് ഒന്നാം സ്ഥാനത്ത് തുടരുന്നു. 

എന്നാല്‍ സിറ്റിയുടെ ലീഡിന് അധികം ആയുസ്സുണ്ടായില്ല. 74-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഫിനിഷിലൂടെ ലിയോണ്‍ ആസ്റ്റണ്‍ വില്ലയ്ക്ക് വേണ്ടി സമനില ഗോള്‍ നേടി. 80-ാം മിനിറ്റില്‍ ഫിലിപ്പ് കുടീന്യോയിലൂടെ വില്ല വീണ്ടും ഗോളടിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 

ഈ സമനിലയോടെ സിറ്റി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തന്നെ തുടരുന്നു. ആറ് മത്സരങ്ങളില്‍ നിന്ന് 14 പോയന്റാണ് ടീമിനുള്ളത്. ഒരു മത്സരം കുറച്ചുകളിച്ച ആഴ്‌സനല്‍ 15 പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. ആഴ്‌സനല്‍ ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ നേരിടും.