ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ - ചെല്‍സി മത്സരം ഗോള്‍രഹിത സമനിലയില്‍. മത്സരം സ്വന്തം മൈതാനത്തായിരുന്നിട്ടും കളിയില്‍ ആധിപത്യം നേടാന്‍ ലിവര്‍പൂളിന് സാധിച്ചില്ല.

To advertise here,

ആദ്യപകുതിയില്‍ മികച്ച കളി പുറത്തെടുത്തത് ചെല്‍സിയായിരുന്നു. പക്ഷേ ഗോളിനടുത്തെത്താന്‍ അവര്‍ക്കായില്ല. ചെല്‍സി ആക്രമണങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും ലിവര്‍പൂള്‍ പ്രതിരോധം ചിതറിപ്പോകുകയും ചെയ്തു.

മൂന്നാം മിനിറ്റില്‍ തന്നെ കായ് ഹാവെര്‍ട്‌സിലൂടെ ചെല്‍സി വലകുലുക്കിയെങ്കിലും വാര്‍ പരിശോധിച്ച റഫറി ഹാവെര്‍ട്‌സ് ഓഫ്‌സൈഡായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗോള്‍ നിഷേധിച്ചു.

എന്നാല്‍ രണ്ടാം പകുതിയില്‍ പതിയെ ലിവര്‍പൂള്‍ കളിയുടെ താളം തിരികെ പിടിച്ചു. പക്ഷേ അപ്പോഴും കാര്യമായ അവസരങ്ങളൊരുക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.

19 കളികളില്‍ നിന്ന് 29 പോയന്റുളള ലിവര്‍പൂള്‍ നിലവില്‍ എട്ടാം സ്ഥാനത്താണ്. 20 കളികളില്‍ നിന്ന് 29 പോയന്റ് തന്നെയുള്ള ചെല്‍സി 10-ാമതും.