ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിൽ സ്‌പെയ്‌നിനോട് തോറ്റതിന് പിന്നാലെ വാർത്താസമ്മേളനത്തിനിടെ കരച്ചിലടക്കാനാകാതെ അർജന്റീന പരിശീലകൻ ലയണൽ സ്്കലോണി. ഈ പരാജയം ദീർഘകാലം വേദനിപ്പിക്കുമെന്നും ഫുട്‌ബോളിലെ ഏറ്റവും വലിയ വേദിയിൽ രണ്ടാം തവണയും ഫൈനലിലെത്തിയ തന്റെ ടീമിൽ നിന്ന് ഇതിലും മികച്ചതൊന്നും ഇനി ആവശ്യപ്പെടാനില്ലെന്നും സ്‌കലോണി വ്യക്തമാക്കി.

To advertise here,

'എന്റെ ടീമിന്റെ ഇതുവരേയുള്ള നേട്ടങ്ങൾ ഞാൻ ഓർമയിൽ സൂക്ഷിക്കും. ഫൈനൽ വരെ എത്താൻ വളരേയധികം പരിശ്രമം ആവശ്യമായിരുന്നു. ഈ തോൽവി അംഗീകരിക്കുന്നു,. പക്ഷേ അതിന് അർഥം എല്ലാം അവസാനിച്ചുവെന്നല്ല. ഞങ്ങൾക്ക് തോൽക്കാനും അറിയാമെന്ന് ഇത് കാണിച്ചു. ഫൈനൽ കളിക്കാൻ കഴിഞ്ഞത് ഒരു അംഗീകാരമായി കണക്കാക്കുന്നു. 2026-ലെ ലോകകപ്പിൽ ആരാധകർ തന്ന പിന്തുണയ്ക്ക് നന്ദി'-സ്‌കലോണി വ്യക്തമാക്കി.

ഇനി ഭാവികാര്യങ്ങൾ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റുമായി സംസാരിക്കുമെന്നും കരാർ അവസാനിക്കുന്ന ഡിസംബർ വരെ അർജന്റീന ടീമിനൊപ്പമുണ്ടാകുമെന്നും സ്‌കലോണി വ്യക്തമാക്കി. 'മെസ്സിയുമായി ഞാൻ ഒന്നും സംസാരിച്ചിട്ടില്ല. അസോസിയേഷൻ പ്രസിഡന്റുമായി സംസാരിക്കും. എനിക്ക് എന്ത് ചെയ്യണമെന്ന് ധാരണയുണ്ട്. എന്റെ കരാർ ഞാൻ പൂർത്തിയാക്കും. ബാക്കി കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്.

ഒരു ടൂർണമെന്റ് വിജയിക്കുന്നതിനൊപ്പം റണ്ണറപ്പാകുന്നതും ആസ്വദിക്കാൻ പറ്റുമെന്ന് ആളുകളെ പറഞ്ഞു മനസിലാക്കാൻ ബുദ്ധിമുട്ടാണ്. രണ്ടാം സ്ഥാനവും ഒരു വിജയമാണ്. ടൂർണമെന്റിലൂടനീളം എന്റെ ടീം യോദ്ധാക്കളെപ്പോലെയാണ് പോരാടിയത്. ഈ ടീമിനോട് ഞാൻ നന്ദി പറയണം. ഒരു അദ്ഭുത ടീമിനെതിരെയാണ് ഞങ്ങൾ ഫൈനലിൽ മത്സരിച്ചത്. ഞങ്ങൾ എത്രമാത്രം മത്സരബുദ്ധിയുള്ളവരായിരുന്നു എന്നതിൽ അവർ ശരിക്കും അദ്ഭുതപ്പെട്ടുവെന്ന് അവർ ഞങ്ങളോട് പറഞ്ഞു.' സ്‌കലോണി വ്യക്തമാക്കി.

ഫൈനലിൽ അപ്രതീക്ഷിതമായുണ്ടായ പരിക്കുകളും തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങൾ പ്രതീക്ഷിക്കാത്ത സമയങ്ങളിൽ പരിക്കുണ്ടായി. അതിന്റെ ഫലം വളരെ വലുതായിരുന്നു. അവർ അവരുടെ അവസാനത്തെ ശ്രമം നടത്തി. ഈ സ്വപ്‌നതുല്ല്യമായ ഇടം തന്നതിന് അസോസിയേഷൻ പ്രസിഡന്റിന് നന്ദി പറയുന്നു. ഈ സ്ഥലം അത്ഭുതകരമാണ്. ഇതുപോലൊരു ടീം രൂപീകരിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. ഈ നഷ്ടം എന്റെ ആത്മാവിനെ വേദനിപ്പിക്കുന്നു.'-സ്‌കലോണി കൂട്ടിച്ചേർത്തു.