ഡാലസ്: ഖത്തർ ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ തുടങ്ങിയ മെസ്സിയുടെ ഗോളടി മൂന്നരക്കൊല്ലം പിന്നിട്ട് 2026-ലെ അവസാന ഗ്രൂപ്പ് മത്സരം പൂർത്തിയാകുമ്പോഴും തുടരുകയാണ്. ഇതോടെ തുടർച്ചയായി ഏഴ് ലോകകപ്പ് മത്സരങ്ങളിൽ സ്‌കോർ ചെയ്യുന്ന ആദ്യ താരമെന്ന നേട്ടവും ഈ പത്താം നമ്പറുകാരന് സ്വന്തം. ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ ഗോളുകളെന്ന മുൻ ജർമൻ താരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോഡ് തകർത്ത് ദിവസങ്ങൾക്കുള്ളിലാണ് അദ്ദേഹത്തിന്റെ മറ്റൊരു നേട്ടം.

To advertise here,

തുടർച്ചയായ ആറ് ലോകകപ്പ് മത്സരങ്ങളിൽ സ്‌കോർ ചെയ്ത ഫ്രാൻസിന്റെ ഇതിഹാസ താരം ജസ്റ്റ് ഫോണ്ടെയ്ൻ (1958), ബ്രസീലിയൻ ഇതിഹാസം ജെയർസീഞ്ഞോ (1970) എന്നിവരുടെ റെക്കോഡാണ് മെസ്സി മറികടന്നത്.

2026 ലോകകപ്പിൽ ഇതുവരെ ആറു ഗോളുകൾ നേടിയ മെസ്സി, ലോകകപ്പുകളിലെ തന്റെ ഗോൾ നേട്ടം 19 ആക്കി ഉയർത്തി.

മെസ്സിയുടെ തുടർ ഗോളടി ഇങ്ങനെ

-2022 ഖത്തർ ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരായ പ്രീക്വാർട്ടറിൽ 35-ാം മിനിറ്റിൽ ഗോൾ.

-നെതർലൻഡ്‌സിനെതിരായ ക്വാർട്ടറിൽ 73-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഗോൾ.

-ക്രൊയേഷ്യയ്‌ക്കെതിരായ സെമിയിൽ 34-ാം മിനിറ്റിൽ പെനാൽറ്റി ഗോൾ.

-ഫ്രാൻസിനെതിരായ ഫൈനലിൽ 23-ാം മിനിറ്റിൽ പെനാൽറ്റി ഗോൾ, 108-ാം മിനിറ്റിലും ഗോൾ.

-ഈ ലോകകപ്പിൽ അൾജീരിയക്കെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ 17, 60, 76 മിനിറ്റുകളിൽ ഗോളുകൾ.

-ഓസ്ട്രിയക്കെതിരേ 38, 90+5 മിനിറ്റുകളിൽ ഗോളുകൾ.

-ജോർദാനെതിരേ 80-ാം മിനിറ്റിൽ ഗോൾ.