ലണ്ടൻ: ക്ലബ്ബ് ഫുട്‌ബോളിൽ മൂന്നാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് മുൻ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റി. കഴിഞ്ഞ ദിവസം ഇഎഫ്എൽ ചാമ്പ്യൻഷിപ്പിൽ ഹൾസിറ്റിയോട് സമനിലപാലിച്ചതാണ് ലെസ്റ്ററിന് തിരിച്ചടിയായത്. ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി. പ്രീമിയർ ലീഗ് ജേതാക്കളായി പത്ത് വർഷം കഴിയുമ്പോഴാണ് ടീമിന്റെ ഈ പതനം. മൂന്നാം ഡിവിഷൻ ലീഗ് ലീഗ് വണ്ണിലാണ് അടുത്ത സീസണിൽ ലെസ്റ്റർ പന്തുതട്ടുക.

To advertise here,

2016 ൽ പ്രീമിയർ ലീഗിൽ അവിശ്വസനീയ കുതിപ്പ് നടത്തിയ ലെസ്റ്റർ ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ചിരുന്നു. എന്നാൽ തുടർന്നുള്ള സീസണുകളിൽ ഈ പ്രകടനം ആവർത്തിക്കാൻ ക്ലബ്ബിന് സാധിച്ചില്ല. 2023,2025 വർഷങ്ങളിൽ ലെസ്റ്റർ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടിരുന്നു. ഇപ്പോഴിതാ രണ്ടാം ഡിവിഷനിലും മോശം പ്രകടനം കാഴ്ചവെച്ചതോടെ മൂന്നാം ഡിവിഷനിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് ക്ലബ്ബ്.

ഇഎഫ്എൽ ചാമ്പ്യൻഷിപ്പിൽ ഹൾസിറ്റിക്കെതിരായ മത്സരത്തിൽ ജയിച്ചാൽ മാത്രമേ ടീമിന് തരംതാഴ്ത്തൽ ഒഴിവാക്കാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ മത്സരം സമനിലയിൽ കലാശിച്ചു. 2-1 ന് മുന്നിലായിരുന്നുവെങ്കിലും അവസാനനിമിഷം ഹൾസിറ്റി ഒപ്പമെത്തുകയായിരുന്നു. ചാമ്പ്യൻഷിപ്പ് ടേബിളിൽ നിലവിൽ 23-ാം സ്ഥാനത്താണ് ക്ലബ്ബ്. 44 മത്സരങ്ങളിൽ നിന്ന് 42 പോയന്റ് മാത്രമാണ് ലെസ്റ്ററിന്റെ സമ്പാദ്യം.

2015-2016 സീസണിലാണ് മുൻനിര ക്ലബ്ബുകളെ അട്ടിമറിച്ചുകൊണ്ട് ലെസ്റ്റർ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ടത്. ജെയ്മി വാർഡി, റിയാദ് മഹ്‌റെസ്, എൻഗോളോ കാന്റെ, ഹാരി മഗ്വയർ, ജെയിംസ് മാഡിസൺ, വെസ്ലി ഫൊഫാന, ഹാർവി ബാൺസ് തുടങ്ങിയ ലോകോത്തര താരങ്ങളെ സമ്മാനിച്ച ലെസ്റ്റർ സിറ്റിയുടെ പതനം ഞെട്ടിക്കുന്നതാണ്. 2021 എഫ്.എ കപ്പ് ഫൈനലിൽ ചെൽസിയെ തകർത്ത് ലെസ്റ്റർ കിരീടം നേടിയിട്ടുണ്ട്.