
കോഴിക്കോട്: ഇത്തവണത്തെ ഐഎസ്എൽ സീസണിൽ തങ്ങളുടെ ഹോം മത്സരങ്ങൾ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ കളിക്കാനുള്ള താത്പര്യവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. നേരത്തേ തന്നെ ഇക്കാര്യവുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട് ജില്ലാ ഫുട്‌ബോൾ അസോസിനെ സമീപിച്ചിരുന്നു. എന്നാൽ ഐഎസ്എൽ സീസൺ അനിശ്ചിതത്വത്തിലായതോടെ ഈ നീക്കവും വൈകി. എന്നാൽ ഫെബ്രുവരി 14-ന് ലീഗ് സീസൺ തുടങ്ങുമെന്ന് കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചതോടെ ക്ലബ്ബുകൾ മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായിട്ടാണ് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം ഹോം ഗ്രൗണ്ടാക്കാനുള്ള നീക്കങ്ങളുമായി ബ്ലാസ്‌റ്റേഴ്‌സ് മുന്നോട്ടുപോകുന്നത്.
കോഴിക്കോടിനൊപ്പം മലപ്പുറം പയ്യനാട്ടെ സ്റ്റേഡിയവും പരിഗണനയിലുണ്ടെന്ന് ക്ലബ്ബുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ ഒരാൾ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. എന്നാൽ, കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലെ പുൽമൈതാനത്തിന്റെ നിലവിലെ അവസ്ഥ തിരിച്ചടിയാണ്. സൂപ്പർക്രോസ് റേസിങ് ലീഗിന് വിട്ടുനൽകിയ ശേഷം ഭാഗികമായി തകർന്ന കോർപ്പറേഷൻ സ്റ്റേഡിയത്തിലെ പുൽമൈതാനം പഴയപടിയാവാൻ ഇനിയും സമയമെടുക്കും. റേസിങ് ലീഗിനായി പലകയിട്ട് അതിനുമുകളിൽ ലോഡുകണക്കിന് മണ്ണിടുകയാണ് ചെയ്തത്. ഇതിടാനായി ടിപ്പർ ലോറി വന്നതോടെ മൈതാനം അമർന്നു. അതോടെയാണ് മൈതാനത്തിന്റെ രൂപഘടനയ്ക്കുതന്നെ മാറ്റംവന്നതും പുല്ല് ഉണങ്ങി നശിച്ചതും. ഇനി പുല്ല്മാറ്റി അതിനുമുകളിൽ മണ്ണും പൂഴിയുമൊക്കെ ചേർത്തിട്ട് മൈതാനം നിരപ്പാക്കണം. അതിനുമുകളിലൂടെ പുല്ല് വളർന്നാൽ മാത്രമേ പഴയപടിയാകൂവെന്നാണ് വിലയിരുത്തൽ. ഇത് വളരെപ്പെട്ടെന്ന് സാധ്യമല്ലെന്നാണ് വിലയിരുത്തുന്നത്. മൈതാനം പഴയപടിയാകാതെ മത്സരങ്ങൾ നടത്താനാകില്ല. ഭാരം കാരണം ടർഫ് അമർന്നുപോയിട്ടുണ്ട്. ഇത് മൃദുവാക്കാതെ മത്സരങ്ങൾ നടത്താനാകില്ല. നിലവിൽ മേൽത്തട്ടിന്റെ മൃദുലത നഷ്ടമായി. പകരം കട്ടിയായി മാറി. രൂപഘടന മാറിയെന്നുപറയാൻ ഇതാണ് കാരണം.
കോഴിക്കോട്ടും പയ്യനാട്ടും കഴിഞ്ഞ ദിവസങ്ങളിൽ ക്ലബ്ബ് അധികൃതർ പരിശോധനയ്ക്ക് എത്തിയിരുന്നുവെന്നും ക്ലബ്ബുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് താത്പര്യമറിയിച്ചിട്ടുണ്ടെന്ന് കോഴിക്കോട് ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറി ഷാജേഷ് കുമാർ പറഞ്ഞു.
കഴിഞ്ഞ വർഷം ഏപ്രിൽ മൂന്നാം തീയതി പുതിയ പരിശീലകൻ ഡേവിഡ് കാറ്റാലയെ ഔദ്യോഗികമായി പരിചയപ്പെടുത്തിക്കൊണ്ടുള്ള വാർത്താസമ്മേളനത്തിൽ ഐഎസ്എല്ലിലെ ബ്ലാസ്റ്റേഴ്സിന്റെ ചില മത്സരങ്ങൾ കോഴിക്കോട്ട് നടത്തുന്ന കാര്യം ക്ലബ്ബ് പരിഗണിക്കുന്നുണ്ടെന്ന് ക്ലബ്ബ് സിഇഒ അഭീക് ചാറ്റർജി പറഞ്ഞിരുന്നു. കോഴിക്കോട്ടെ ഫുട്‌ബോൾ പ്രേമികൾ ഇതോടെ ആവേശത്തിലായി.
കൊച്ചിയിലെ മത്സര നടത്തിപ്പിനുള്ള ഉയർന്ന ചെലവും ക്ലബ്ബിന്റെ ഈ നീക്കത്തിനു പിന്നിലുണ്ട് എന്നാണ് അറിയുന്നത്. കൊച്ചിയിൽ ഒരു മത്സരം നടത്താനായി 40-45 ലക്ഷം രൂപയാണ് ക്ലബ്ബ് മാനേജ്മെന്റിന് ചെലവ് വരുന്നത്. സ്റ്റേഡിയം വാടക, കോർപ്പറേഷൻ നികുതി, സുരക്ഷാചെലവ് തുടങ്ങിയവയടക്കമാണിത്. എന്നാൽ ടിക്കറ്റ് വിൽപ്പനയിലൂടെ ഈ ചെലവിന്റെ പകുതി പോലും കണ്ടെത്താൻ സാധിക്കുന്നില്ലെന്നാണ് ക്ലബ്ബ് പറയുന്നത്.
അതേസമയം ഐഎസ്എല്ലിലെ നിലവിലെ പ്രശ്‌നങ്ങൾ കാരണം ഇത്തവണ ഐഎസ്എലിൽ കളിക്കാനിറങ്ങിയാൽ കുറഞ്ഞത് 30 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റിന്റെ കണക്കുകൂട്ടൽ. മുൻവർഷങ്ങളിലെല്ലാം നഷ്ടത്തിലായിരുന്ന ബ്ലാസ്റ്റേഴ്സിന് ഇക്കുറിയും കളിക്കാനിറങ്ങിയാൽ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന ആശങ്കയുണ്ട്. ഇത്തരത്തിൽ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കോഴിക്കോട് ഹോം ഗ്രൗണ്ടാക്കാനുള്ള നീക്കം ബ്ലാസ്‌റ്റേഴ്‌സ് നടത്തുന്നത്.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നിലവിൽ ഐഎസ്എൽ മത്സരങ്ങൾ നടത്താൻ പ്രായോഗിക തടസങ്ങളുണ്ട്. സൂപ്പർ ലീഗ് അധികൃതരുടെ അനുമതിയും ലീഗ് നിഷ്‌കർഷിക്കുന്ന തരത്തിലുള്ള വിപുലമായ സംവിധാനങ്ങളും ഇവിടെ ആവശ്യമാണ്.
Content Highlights: Kerala Blasters expresses interest in playing ISL home matches at Kozhikode Corporation Stadium. Decision hinges on ground condition improvements.
Published: 15 Jan 2026, 12:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented