കൊച്ചി: കേരള വിമന്‍സ് ലീഗ് ഫുട്‌ബോളിലെ രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയം. എസ്.ബി.എഫ്.എ. പൂവാറിനെ എതിരില്ലാത്ത പത്തുഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തത്. 

To advertise here,

ആദ്യപകുതിയില്‍ തന്നെ ഏഴ് ഗോളുകളടിച്ച ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയില്‍ ബാക്കി മൂന്ന് ഗോളുകള്‍ കൂടി കണ്ടെത്തി. ബ്ലാസ്റ്റേഴ്‌സിനുവേണ്ടി സിവിഷ ഹാട്രിക്ക് നേടി. ഗാഥ, നിധിയ എന്നിവര്‍ രണ്ട് ഗോള്‍ വീതമടിച്ചപ്പോള്‍ കിരണ്‍, അശ്വതി, കൃഷ്ണപ്രിയ എന്നിവരും ഓരോ തവണ ലക്ഷ്യം കണ്ടു. 

മത്സരത്തിന്റെ തുടക്കത്തില്‍ എട്ടാം മിനിറ്റില്‍ തന്നെ കിരണിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി. 13-ാം മിനിറ്റില്‍ ഗാഥയിലൂടെ മഞ്ഞപ്പട ലീഡ് രണ്ടാക്കി. 17-ാം മിനിറ്റില്‍ സിവിഷയും 22-ാം മിനിറ്റില്‍ അശ്വതിയും 36-ാം മിനിറ്റില്‍ കൃഷ്ണപ്രിയയും ഗോളടിച്ചു. 40-ാം മിനിറ്റില്‍ സിവിഷ തന്റെ രണ്ടാം ഗോള്‍ നേടി. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ഗാഥയും തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി. 

രണ്ടാം പകുതിയില്‍ 52-ാം മിനിറ്റിലും 65-ാം മിനിറ്റിലും ഗോളടിച്ച് നിധിയ ലീഡ് ഒന്‍പതാക്കി. മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ സിവിഷയിലൂടെ ബ്ലാസ്റ്റേഴ്‌സ് പത്താം ഗോള്‍ നേടി. ഈ ഗോളിലൂടെ സിവിഷ ഹാട്രിക്കും തികച്ചു. 

ആദ്യമത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് എമിറേറ്റ്‌സ് എഫ്.സിയെ എതിരില്ലാത്ത പത്തുഗോളുകള്‍ക്ക് തകര്‍ത്തിരുന്നു.