
ഡാലസ്: ഡാലസ് സ്റ്റേഡിയത്തിൽ നെതർലൻഡ്‌സ്-ജപ്പാൻ മത്സരത്തിനു പിന്നാലെ ലോകത്തിന്റെ മനസ്സ് കവർന്ന് ജപ്പാൻ ആരാധകർ. കളി കഴിഞ്ഞതിന് പിന്നാലെ സ്റ്റേഡിയത്തിലെ ഗാലറിയിലുണ്ടായിരുന്ന മാലിന്യങ്ങളെല്ലാം വൃത്തിയാക്കിയ ശേഷമാണ് ജാപ്പനീസ് ആരാധകർ മടങ്ങിയത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
നീല നിറത്തിലുള്ള വലിയ ഗാർബേജ് ബാഗുകൾ കൈയിൽ കരുതിയാണ് ആരാധകർ സ്റ്റേഡിയത്തിലെത്തിയതുതന്നെ. മത്സരം അവസാനിച്ചതോടെ ഗാലറിയിലെ സീറ്റുകൾക്കിടയിൽ കിടന്ന അവശിഷ്ടങ്ങളും മാലിന്യങ്ങളും അവർ ഈ ബാഗുകളിൽ ശേഖരിക്കാൻ തുടങ്ങി. അക്കൂട്ടത്തിൽ വീൽചെയറിലിരുന്ന് സ്റ്റേഡിയം വൃത്തിയാക്കുന്ന ഒരു ഭിന്നശേഷിക്കാരനായ ആരാധകന്റെ വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ടീം ജയിച്ചാലും തോറ്റാലും സമനിലയിലായാലും സ്റ്റേഡിയം വൃത്തിയാക്കുന്ന ഈ ശീലം ജാപ്പനീസ് ആരാധകർ കാലങ്ങളായി തുടരുന്ന ഒന്നാണ്.
തങ്ങളുടെ സ്വന്തം മാലിന്യങ്ങൾ മാത്രമല്ല, മറ്റുള്ളവർ ഉപേക്ഷിച്ചു പോകുന്ന കവറുകളും കുപ്പികളും വരെ ഇവർ കൃത്യമായി പെറുക്കിയെടുക്കുന്നു. കുട്ടിക്കാലം മുതൽ ജാപ്പനീസ് സമൂഹത്തിൽനിന്ന് പഠിച്ചെടുക്കുന്ന ഉയർന്ന മൂല്യങ്ങളാണ് ഇതിനു പിന്നിൽ. ജപ്പാനിലെ സ്‌കൂളുകളിൽ ശുചീകരണ തൊഴിലാളികളെ ആശ്രയിക്കുന്നതിന് പകരം ക്ലാസ് മുറികളും ശുചിമുറികളും മറ്റ് സ്‌കൂൾ പരിസരങ്ങളും വിദ്യാർഥികൾ തന്നെയാണ് വൃത്തിയാക്കാറുള്ളത്.
മറ്റുള്ളവർക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടോ ശല്യമോ ഉണ്ടാക്കരുത് എന്ന അർഥം വരുന്ന 'മെയ്വാകു' (Meiwaku) എന്നൊരു പ്രധാന ആശയം ജാപ്പനീസ് സംസ്‌കാരത്തിലുണ്ട്. സ്റ്റേഡിയം വൃത്തികേടാക്കി ഇട്ടിട്ടുപോയാൽ അത് അവിടത്തെ ജീവനക്കാർക്ക് വലിയ പ്രയാസമുണ്ടാക്കുമെന്ന് അവർ കരുതും. 1998-ൽ ഫ്രാൻസിൽ നടന്ന ലോകകപ്പിലാണ് ജപ്പാന്റെ ഈ മാതൃകാപരമായ ശീലം ആദ്യമായി ലോകശ്രദ്ധ നേടുന്നത്. പിന്നീട് 2022-ൽ ഖത്തറിൽ നടന്ന ലോകകപ്പിലും ഇപ്പോൾ 2026-ലും ഉൾപ്പെടെ എല്ലാ പ്രമുഖ അന്താരാഷ്ട്ര ടൂർണമെന്റുകളിലും ഈ പാരമ്പര്യം അവർ കാത്തുസൂക്ഷിക്കുന്നു.
Content Highlights: Japanese supporters cleaned Dallas Stadium following a 2-2 draw against the Netherlands., The act of cleaning is rooted in Japanese educational values and the concept of Meiwaku., This tradition has been consistently practiced by Japanese fans since the 1998 World Cup., Viral videos highlight the inclusivity of the effort, featuring fans of all abilities.
Published: 15 Jun 2026, 02:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented