സിനിമ വേറെ സോക്കര് വേറെ. എങ്കിലും ഇട്ടി മാത്യുവിനെ കുറിച്ചോര്ക്കുമ്പോഴെല്ലാം മനസ്സില് തെളിയുക നടന് മധുവിന്റെ മുഖമാണ്. സത്യനും പ്രേംനസീറും കത്തിനില്ക്കുമ്പോള് അഭിനയരംഗത്ത് കടന്നുവരികയും സ്വന്തം കഴിവ് കൊണ്ടുമാത്രം മലയാള സിനിമയില് അനിഷേധ്യമായ ഇടം വെട്ടിപ്പിടിക്കുകയും ചെയ്ത പ്രതിഭാശാലിയുടെ മുഖം. രണ്ട് മഹാനടന്മാരോടാണ് നിലനില്പ്പിനായുള്ള മത്സരമെന്ന് അറിഞ്ഞുകൊണ്ടുതന്നെ തെല്ലും പതറാതെ, സ്വയം വെട്ടിത്തെളിച്ച പാതയിലൂടെ ഏകാഗ്രമായി മുന്നേറുകയായിരുന്നു മധു. ഇട്ടി മാത്യുവിന്റെ കഥയും അതുതന്നെ. കേരളം സൃഷ്ടിച്ച എക്കാലത്തെയും വിശ്വസ്തരായ രണ്ടു ഗോള്കീപ്പര്മാരായിരുന്നു ഇട്ടിയുടെ സമകാലീനര്, വിക്ടര് മഞ്ഞിലയും സേതുമാധവനും. പ്രായം കൊണ്ടും പരിചയസമ്പത്ത് കൊണ്ടും മുതിര്ന്നവര്. സ്വന്തം ആരാധനാപാത്രങ്ങള് കൂടിയായ ആ രണ്ടു പ്രതിഭകള്ക്കൊപ്പം സമാന്തരമായി സഞ്ചരിച്ചുകൊണ്ട് തിളക്കമാര്ന്ന ഒരു കരീയര് ഗ്രാഫ് തന്നെ സൃഷ്ടിച്ചു ഇട്ടി മാത്യു. ഒപ്പം ആ ഗ്രാഫിനെ കേരള ഫുട്ബോളിന്റെ വളര്ച്ചയുടെ ഭാഗമാക്കി.
'തിരിഞ്ഞുനോക്കുമ്പോള് സന്തോഷമുണ്ട്.' എഴുപത്തഞ്ചാം പിറന്നാളിന്റെ നിറവിലെത്തി നില്ക്കുന്ന മുന് ടൈറ്റാനിയം ഗോള്കീപ്പറുടെ വാക്കുകള്. 'കേരള ഫുട്ബോളിന്റെ സുവര്ണ്ണയുഗം എന്നൊക്കെ പലരും വിശേഷിപ്പിക്കുന്ന കാലത്തിന്റെ ഭാഗമാകാന് കഴിഞ്ഞു. അതിപ്രഗത്ഭരായ ഒട്ടേറെ കളിക്കാര്ക്കൊപ്പം കളിക്കാനായി. അവരില് പലരും ഇന്ന് ഒപ്പമില്ല എന്നത് വ്യക്തിപരമായി ദുഖമുളവാക്കുന്ന കാര്യം.'
മുഴുക്കയ്യന് ജേഴ്സിയണിഞ്ഞ് ക്രോസ്ബാറിനടിയില് ഉലാത്തുന്ന സുന്ദരന്മാരായ ഗോള്ക്കീപ്പര്മാരോട് കുട്ടിക്കാലം മുതലേയുണ്ട് ആരാധന. അങ്ങനെ കൗമാരകുതൂഹലങ്ങളുടെ ഭാഗമായിത്തീര്ന്നവരാണ് മുസ്തഫയും സുധീറും സേതുവും വിക്ടറും രവിയുമെല്ലാം. ആ സുവര്ണ്ണനിരയുടെ തുടര്ച്ച തന്നെയായിരുന്നു ഇരിഞ്ഞാലക്കുടക്കാരന് ഇട്ടി മാത്യുവും. കളിക്കളത്തിന് പുറത്ത് സദാ പുഞ്ചിരിയോടെ മാത്രം കാണാറുള്ള സൗമ്യന്. എന്നാല് കളത്തിനകത്തെ ഇട്ടി മറ്റൊരാളാണ്. അവസാന ശ്വാസം വരെ പൊരുതിനില്ക്കാന് തയ്യാറുള്ള, പ്രതിരോധനിരയിലെ ഏറ്റവും ശക്തനായ കണ്ണി. പരിക്കുകള്ക്ക് പോലും തളര്ത്താന് കഴിയാത്ത മനോവീര്യത്തിന്റെ ഉടമ.
ഏറ്റവും അവിസ്മരണീയ മത്സരം ഏതായിരുന്നു? ഇട്ടിയോടൊരു ചോദ്യം. 'പെട്ടെന്ന് ഓര്മ്മവരുന്നത് 1974-ല് ബെംഗളൂരുവില് നടന്ന പെന്റാംഗുലര് ടൂര്ണമെന്റില് ഇന്ത്യന് ഇലവനെതിരായ മത്സരമാണ്. തൊട്ടു മുന്പത്തെ കളിയില് ആന്ധ്രയോട് തോറ്റിരുന്നു കേരളം. അന്ന് കളിച്ച പരിചയസമ്പന്നനായ കീപ്പര്ക്ക് പകരം നിര്ണ്ണായക മത്സരത്തില് ഇന്ത്യന് ടീമിനെതിരെ കളിക്കാന് നറുക്ക് വീണത് ടീമിലെ മൂന്നാം ഗോള്ക്കീപ്പറായ എനിക്ക്. പ്രതീക്ഷിക്കാത്ത വെല്ലുവിളിയായിരുന്നു അത്. ചില്ലറക്കാരല്ലല്ലോ എതിരാളികള്: മഗന് സിംഗ്, ശ്യാം ഥാപ്പ, സുഭാഷ് ഭൗമിക്, സുബ്രതോ ഭട്ടാചാര്ജി, പ്രദീപ് ചൗധരി, നിക്കളസ് പെരേര, ജോഹര്ദാസ്, അങ്ങനെ കൊലകൊമ്പന്മാരുടെ ഒരു നിര.'
എല്ലാവരും എഴുതിത്തള്ളിയ കേരള ടീമിന്റെ ഗോള്വലയത്തില് മഹാമേരുവിനെപ്പോലെ ഉയര്ന്നുനിന്നു അന്ന് ഇട്ടി മാത്യു. തലങ്ങും വിലങ്ങും ഡൈവ് ചെയ്തും അസാധ്യമായ മനസ്സാന്നിധ്യത്തോടെ പൊള്ളുന്ന ഷോട്ടുകള് തടുത്തിട്ടും ബാറിനടിയില് വിളയാടിയ ഇട്ടിയുടെ ഏകാംഗ യുദ്ധമാണ് ഇന്ത്യന് ഇലവനെ ഗോളടിക്കാന് വിടാതെ പിടിച്ചുനിര്ത്തിയത്. 'ഓര്ക്കുമ്പോള് അവിശ്വസനീയമായി തോന്നുന്ന പ്രകടനം.' ഇട്ടി പറയുന്നു. 'ആളുകള് എന്നെ ശ്രദ്ധിച്ചുതുടങ്ങുന്നത് അതോടെയാവണം...'
തൃശ്ശിനാപ്പള്ളി റോക്ക്ഫോര്ട്ട് ടൂര്ണമെന്റില് ബര്ണാഡും ചാത്തുണ്ണിയുമൊക്കെ കളിച്ച ഓര്ക്കേ മില്സിനെതിരായ സെമിഫൈനലാണ് മായാത്ത മറ്റൊരു ഓര്മ്മ. ഗോള്രഹിതമായ മത്സരം ടൈബ്രേക്കറിലേക്കും സഡന് ഡെത്തിലേക്കും നീണ്ടപ്പോള് ടൈറ്റാനിയത്തിനു വേണ്ടി രക്ഷകന്റെ 'ഇരട്ട' റോള് ഏറ്റെടുക്കുന്നു ഇട്ടി. സ്പോട്ട് കിക്കുകള് വഴിക്കുവഴിയായി തടുത്തിടുക മാത്രമല്ല, സഡന് ഡെത്തിലെ നിര്ണ്ണായക കിക്ക് ഗോളാക്കി മാറ്റുക കൂടി ചെയ്തു ആ കാവല്ഭടന്. 1974-ലെ കണ്ണൂര് ശ്രീനാരായണ ഫുട്ബോള് ഫൈനലില് ഡിഫന്ഡര് ചേക്കുവിനെയും വെട്ടിച്ചു കടന്ന് എയര് ഫോഴ്സ് സ്ട്രൈക്കര് സാഹ ബോക്സിനകത്തുനിന്ന് തൊടുത്ത വെടിയുണ്ട മുഴുനീള ഡൈവിലൂടെ വാരിയെടുത്ത് നെഞ്ചോടടുക്കിയത് മറ്റൊരു കോരിത്തരിപ്പിക്കുന്ന ഓര്മ്മ.
ദുഃഖസ്മരണകളും കുറവല്ല. 'പ്രബലരായ മോഹന് ബഗാനെതിരായ 1978-ലെ സേട്ട് നാഗ്ജി ഫൈനല് ഓര്മ്മവരുന്നു. അന്ന് കളിച്ചത് മുഴുവന് ടൈറ്റാനിയമാണ്. ഞാനും മികച്ച ഫോമിലായിരുന്നു. എന്നാല് ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം മാറിമറിഞ്ഞു. അക്ബറിന്റെ തകര്പ്പനൊരു ഷോട്ട് അല്പ്പം അഡ്വാന്സ് ചെയ്തു നിന്ന എന്റെ വിരല് തൊട്ടു തൊട്ടില്ല എന്ന മട്ടില് പോസ്റ്റിലേക്ക്. ആ അഭിശപ്ത നിമിഷത്തെക്കുറിച്ച് ഓര്ക്കാന് പോലും വയ്യ. ജയിക്കേണ്ട മത്സരമായിരുന്നു..'
ഇരിഞ്ഞാലക്കുട ഡോണ് ബോസ്കോ സ്കൂളിലും ക്രൈസ്റ്റ് കോളേജിലുമായി വിദ്യാഭ്യാസം പൂര്ത്തിയാക്കിയ എന്.കെ ഇട്ടി മാത്യു ഉയരങ്ങളിലേക്കുള്ള പ്രയാണം തുടങ്ങിയത് 1972-ലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമില് നിന്നാണ്. തൊട്ടടുത്ത വര്ഷം കാലിക്കറ്റിന്റെ അഖിലേന്ത്യാ വിജയത്തില് പങ്കാളിയായി. അതേ വര്ഷം തന്നെ ചരിത്രത്തിലാദ്യമായി ദേശീയ ജൂനിയര് കിരീടവും സന്തോഷ് ട്രോഫിയും നേടിയ സംസ്ഥാന ടീമുകളില് അംഗത്വം. 1978-വരെ സീനിയര് നാഷണല്സില് കേരളത്തിന് കളിച്ചു. 1979 വരെ ടൈറ്റാനിയത്തിനും. കളി നിര്ത്തിയ ശേഷം ടൈറ്റാനിയത്തില് സ്പോര്ട്ട്സ് ഓഫീസറായിരുന്നു ദീര്ഘകാലം. അസിസ്റ്റന്റ് മാനേജര് (കമേഴ്സ്യല്) ആയി കമ്പനിയില് നിന്ന് ഔദ്യോഗികമായി വിരമിച്ചത് 2008-ല്. കളിക്കളത്തോട് വിടവാങ്ങി കാലമേറെ കഴിഞ്ഞെങ്കിലും കളിയില് നിന്നകന്നിട്ടില്ല ഇട്ടി. ആലുവ ഫുട്ബോള് അക്കാദമിയിലെ പ്രതിഭകളെ പരിശീലിപ്പിക്കാന് സമയം കണ്ടെത്തുന്നു ഇപ്പോഴും.
വിരമിച്ച് രണ്ടു വര്ഷത്തിന് ശേഷം കരാറടിസ്ഥാനത്തില് ടൈറ്റാനിയത്തില് വീണ്ടും നിയമിക്കപ്പെട്ട അപൂര്വ ചരിത്രം കൂടിയുണ്ട് ഇട്ടി മാത്യുവിന്. ഔദ്യോഗിക തലത്തിലെ മികച്ച ട്രാക്ക് റെക്കോര്ഡ് തന്നെയായിരുന്നു തിരിച്ചുവരവിന് പിന്നില്. വിവിധ ഘട്ടങ്ങളിലായി ആറര വര്ഷം കൂടി കമ്പനിയില് തുടര്ന്നു അദ്ദേഹം. 'കളിക്കളത്തിലെ നേട്ടങ്ങളോളം തന്നെ ആഹ്ലാദവും അഭിമാനവും പകര്ന്ന അംഗീകാരമായിരുന്നു അത്.' ഇട്ടിയുടെ വാക്കുകള്. എല്ലാം കളി കൊണ്ടുവന്ന സൗഭാഗ്യങ്ങള്.
ഭാഗ്യം ഒഴിഞ്ഞുനിന്ന ഘട്ടങ്ങളുമുണ്ട് ജീവിതത്തില്. നടുക്കത്തോടെ മാത്രം ഓര്ക്കാന് കഴിയുന്ന നിമിഷങ്ങള്. ബോര്ഡര് സെക്യൂരിറ്റി ഫോഴ്സിനെതിരായ 1979-ലെ സേട്ട് നാഗ്ജി ക്വാര്ട്ടര് ഫൈനല് ഉദാഹരണം. ടൈറ്റാനിയത്തിന്റെ ഗോള്വലയത്തില് പതിവുപോലെ ജാഗരൂകനായി ഇട്ടിയുണ്ട്. ബി എസ് എഫിന്റെ ഒരു മുന്നേറ്റത്തില് നിന്ന് ബോക്സില് പറന്നിറങ്ങിവന്ന ക്രോസ് വായുവില് നീന്തി കയ്യിലൊതുക്കിയതാണ് ഇട്ടി. തൊട്ടു പിന്നാലെ എങ്ങുനിന്നോ കുതിച്ചെത്തിയ സ്ട്രൈക്കര് നരേന്ദര് ഗുരുംഗ് നിലത്തുവീണു കിടന്ന കീപ്പറുടെ കൈകളില് നിന്ന് പന്ത് ബൂട്ടു കൊണ്ട് റാഞ്ചിയെടുത്ത് പോസ്റ്റിലേക്ക് തിരിച്ചുവിടാന് ശ്രമിക്കുന്നതിനിടെ അനിവാര്യമായ ആ അപകടം സംഭവിച്ചുകഴിഞ്ഞിരുന്നു. ഗുരുംഗിന്റെ ബൂട്ട് ചെന്നുകൊണ്ടത് ഇട്ടിയുടെ നെഞ്ചില്. ഇടിയുടെ ആഘാതത്തില് വാരിയെല്ലിന് സാരമായ പരിക്കേറ്റു. ശ്വാസകോശത്തേയും ബാധിച്ചു ആ പരിക്ക്.
'ചോര ഛര്ദിച്ചു ബോധഹീനനായി നിലത്തുവീണ എന്നെ സ്ട്രെച്ചറിലാണ് ഗ്രൗണ്ടിന് പുറത്തുകൊണ്ടുപോയത്.' ഇട്ടി ഓര്ക്കുന്നു. 'ബോധം വന്നപ്പോള് മെഡിക്കല് കോളേജിലെ കിടക്കയിലാണ്; അസഹ്യമായ വേദനയോടെ. പത്തുദിവസം വേണ്ടിവന്നു എണീറ്റ് നടക്കാന്.' പിന്നീടൊരിക്കലും കളിക്കളത്തിലേക്ക് തിരിച്ചു ചെന്നില്ല ഇട്ടി. കളിജീവിതത്തിന്റെ ക്ലൈമാക്സ് ഇത്ര വേദനാജനകമാകുമെന്ന് ആരോര്ത്തു?
Content Highlights: Remembering Itty Mathew, the legendary Kerala goalkeeper who stood tall against top Indian teams. A true icon of Indian football.
Published: 14 Dec 2025, 11:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented