ടെഹ്‌റാന്‍: ഇറാനിലെ സ്ത്രീകള്‍ക്ക് ഇനി സ്‌റ്റേഡിയത്തിലിരുന്ന് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാം. സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം അനുവദിക്കുമെന്ന് ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തലവന്‍ മെഹ്ദി താജ് അറിയിച്ചു. ഇറാന്‍ ടോപ് ലെവല്‍ ഫുട്‌ബോള്‍ ലീഗിന്റെ ഉദ്ഘാടന ചടങ്ങിലാണ് മെഹ്ദി താജ് ഇക്കാര്യമറിയിച്ചത്. 

To advertise here,

16 ടീമുകള്‍ പങ്കെടുക്കുന്ന ലീഗ് അടുത്ത മാസം ആരംഭിക്കും. ഇറാനില്‍ 1979 മുതല്‍ സ്ത്രീകള്‍ക്ക് ഫുട്‌ബോളും മറ്റ് കായിക മത്സരങ്ങളും നേരിട്ട് കാണുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. 2022 ഓഗസ്റ്റില്‍ ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കാണാനായി സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ചിരുന്നു. എസ്റ്റേഗ്ലാലും മെസ് കെര്‍മാനും തമ്മിലുള്ള മത്സരം കാണാന്‍ നിരവധി സ്ത്രീകള്‍ അന്ന് എത്തിയിരുന്നു. 2019 ഒക്ടോബറില്‍ ഇറാന്റെ കംബോഡിയയ്‌ക്കെതിരായ 2022 ലോകകപ്പ് യോഗ്യതാ മത്സരം കാണാനും സ്ത്രീകള്‍ക്ക് അനുമതി നല്‍കിയിരുന്നു. അന്ന് 4000 സ്ത്രീകള്‍ മത്സരം കണ്ടു. 

സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് ഇറാന്‍ ഫുട്‌ബോള്‍ ഈയിടെ വലിയ വിവാദത്തിലകപ്പെട്ടിരുന്നു. ഫുട്‌ബോള്‍ മത്സരം കാണാനായി സ്‌റ്റേഡിയത്തില്‍ പുരുഷന്റെ വേഷം ധരിച്ചെത്തിയ സഹര്‍ ഖോദയാരി എന്ന പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഇറാന്‍ ഏറെ വിമര്‍ശനങ്ങള്‍ ആഗോളതലത്തില്‍ നേരിട്ടിരുന്നു. പുരുഷവേഷം ധരിച്ചെത്തിയ സഹറിനെ പോലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചു. ഇതില്‍ മനംനൊന്ത സഹര്‍ 2019 സെപ്റ്റംബര്‍ ഒന്‍പതിന് സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭങ്ങള്‍ അരങ്ങേറി. ഇതെല്ലാം കണക്കിലെടുത്താണ് ഇപ്പോള്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.