കോഴിക്കോട്: ഐ ലീഗ് ഫുട്ബോളില്‍ രണ്ടുവട്ടം ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സിക്ക് പുതിയ സീസണില്‍ സമനിലത്തുടക്കം. പുതുമുഖ ടീം ഇന്റര്‍ കാശിയാണ് മലബാറിയന്‍സിനെ പിടിച്ചുകെട്ടിയത് (2-2). സ്വന്തം തട്ടകത്തില്‍നടന്ന മത്സരത്തില്‍ അവസരങ്ങള്‍ തുലച്ചത് ഗോകുലത്തിന് വിനയായി. ഗോകുലത്തിനായി ക്യാപ്റ്റന്‍ അലക്‌സ് സാഞ്ചെസും (8) പി.എന്‍. നൗഫലും (54) ഗോള്‍ നേടി. ഇന്റര്‍ കാശിക്കുവേണ്ടി എഡ്മണ്ട് ലാല്‍റിന്‍ഡികയും (29) മുഹമ്മദ് ആസിഫ് ഖാനും (90+1) സ്‌കോര്‍ചെയ്തു. രണ്ടുവട്ടം പിന്നിലായ കാശി ടീം തിരിച്ചടിച്ച് തോല്‍വി ഒഴിവാക്കിയപ്പോള്‍ ഇഞ്ചുറിസമയത്ത് ഗോള്‍ വഴങ്ങിയ ആതിഥേയര്‍ അര്‍ഹിച്ച വിജയം കൈവിട്ടു.

To advertise here,

ഒന്നാംപകുതിയില്‍ വ്യക്തമായ ആധിപത്യം ഗോകുലത്തിനായിരുന്നു. തുടക്കത്തിലേ എതിര്‍ പ്രതിരോധം ഭേദിച്ച് മുന്നേറാന്‍ ക്യാപ്റ്റന്‍ അലക്‌സ് സാഞ്ചെസ്-ശ്രീക്കുട്ടന്‍ കൂട്ടുകെട്ടിന് സാധിച്ചു. എട്ടാം മിനിറ്റില്‍ ഇടതുവശത്തുകൂടി ശ്രീക്കുട്ടന്റെ വേഗമേറിയ മുന്നേറ്റമാണ് ഗോളിലെത്തിയത്. എതിര്‍ പ്രതിരോധതാരത്തെ മറികടന്ന് ബോക്സിനുള്ളില്‍ക്കയറി ശ്രീക്കുട്ടന്‍ നല്‍കിയ പാസ് കാശി ഗോളി അരിന്ദാമിനെ നിസ്സഹായനാക്കി സാഞ്ചെസ് പോസ്റ്റിലേക്ക് തട്ടിയിട്ടു. ലീഡ് ഉയര്‍ത്താന്‍ സാഞ്ചസിന് 20-ാം മിനിറ്റില്‍ നല്ല അവസരം ലഭിച്ചു. എന്നാല്‍, ബോക്സിനുള്ളില്‍ ഗോകുലം നായകന്‍ ഉതിര്‍ത്ത ഷോട്ട് പുറത്തുപോയി.

കളിയുടെ ഗതിക്കെതിരായി 28-ാം മിനിറ്റില്‍ എഡ്മണ്ട് ലാല്‍റിന്‍ഡിക ഇന്‍ര്‍ കാശിയുടെ സമനിലഗോള്‍ കണ്ടെത്തി. 54-ാം മിനിറ്റില്‍ നൗഫല്‍ മലബാറിയന്‍സിനെ വീണ്ടും മുന്നിലെത്തിച്ചു. മധ്യഭാഗത്തുനിന്ന് ലഭിച്ച ഹൈബോള്‍ പിടിച്ചെടുത്ത് മുന്നോട്ടുകയറിനില്‍ക്കുകയായിരുന്ന കാശി ഗോളി അരിന്ദമിന്റെ മുകളിലൂടെ നൗഫല്‍ പന്ത് വലകടത്തി. ഗോകുലം ജയം പ്രതീക്ഷിച്ചിരിക്കെ, ഇഞ്ചുറിസമയത്തിന്റെ ആദ്യ മിനിറ്റില്‍ കാശി ഗോള്‍ മടക്കി. വലതുവശത്തുനിന്ന് മാരിയോ ബ്രാങ്കൊ ഉയര്‍ത്തിയടിച്ച പന്ത് ഗോകുലം ഗോളി ദേവാന്‍ഷിന് തട്ടിയകറ്റാനായില്ല. പോസ്റ്റിന് തൊട്ടുമുന്നിലുണ്ടായിരുന്ന മുഹമ്മദ് ആസിഫ് ഖാന്‍ പന്ത് വലയിലാക്കി.