കോഴിക്കോട്: ഐ ലീഗില്‍ ഏഴു ഗോളുകള്‍ പിറന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഗോകുലം കേരള എഫ്‌സിക്ക് ജയം. മൂന്നിനെതിരേ നാല് ഗോളുകള്‍ക്ക് മിസോറം ക്ലബ്ബ് ഐസോളിനെയാണ് ഗോകുലം തകര്‍ത്തത്. ജയത്തോടെ 20 മത്സരങ്ങളില്‍ നിന്ന് 36 പോയന്റുമായി ഗോകുലം രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ലീഗില്‍ മൂന്ന് മത്സരങ്ങള്‍ക്കു ശേഷമാണ് ഗോകുലം ഒരു ജയം സ്വന്തമാക്കുന്നത്.

To advertise here,

മതിയ ബബോവിച്ചിന്റെ ഇരട്ട ഗോളുകളാണ് (29, 64) ഗോകുലത്തെ തുണച്ചത്. നിക്കോള സ്‌റ്റൊയാന്‍കോവിച്ച് (43), ജൊനാഥന്‍ വിയേര ഒട്ടിറോ (70) എന്നിവരും ഗോകുലത്തിനായി ലക്ഷ്യം കണ്ടു. ഐസോളിനായി ലാല്‍ബിയാക്ഡിക വാന്‍ലാല്‍വുംഗ (20), ലാല്‍റിന്‍സുല ലാല്‍ ബിയാക്‌നിയ (84) എന്നിവരും ലക്ഷ്യം കണ്ടു. 45-ാം മിനിറ്റില്‍ ഗോളിയുമായുള്ള ആശയക്കുഴപ്പത്തെ തുടര്‍ന്നുണ്ടായ അഖില്‍ പ്രവീണിന്റെ സെല്‍ഫ് ഗോളും ഐസോളിന്റെ ഗോള്‍പട്ടികയിലെത്തി.