മെക്‌സിക്കോ സിറ്റി: ലോകകപ്പിൽ 40 വർഷത്തിനുശേഷം ആദ്യമായി നോക്കൗട്ട് മത്സരം ജയിച്ചിരിക്കുകയാണ് മെക്‌സിക്കോ. എക്വഡോറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ആതിഥേയർ പ്രീക്വാർട്ടറിലേക്ക് മുന്നേറിയത്. 17 വയസ്സ് മാത്രമുള്ള മിഡ്ഫീൽഡർ ഗിൽബെർട്ടോ മോറയുടെ തിളക്കമാർന്ന പ്രകടനവും മത്സരത്തെ ശ്രദ്ധേയമാക്കി. മെക്‌സിക്കൻ ഫുട്‌ബോളിലെ വളർന്നുവരുന്ന പ്രതിഭയായാണ് മോറയെ കണക്കാക്കുന്നത്.

To advertise here,

എക്വഡോറിനെതിരേ മെക്‌സിക്കൻ ജഴ്‌സിയിൽ മോറയുടെ അഞ്ചാമത്തെ മാത്രം മത്സരമായിരുന്നു. 17 വയസ്സും 240 ദിവസവും മാത്രം പ്രായമുള്ളപ്പൾത്തന്നെ ലോകകപ്പ് അരങ്ങേറ്റം സാധ്യമായി. ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു അരങ്ങേറ്റം. എക്വഡോറിനെതിരായ മത്സരത്തിലൂടെ ലോകകപ്പിൽ നോക്കൗട്ടിൽ കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ ലോകത്തെ രണ്ടാമത്തെ താരമായി മാറി. ഒന്നാമത്തെ താരമായ പെലെയെക്കാൾ 20 ദിവസം മാത്രം പ്രായക്കൂടുതൽ. 1958 ലോകകപ്പിൽ 17 വയസ്സും 20 ദിവസവും പ്രായമുള്ളപ്പോഴാണ് പെലെ ഇറങ്ങിയത്. അതേസമയം, മെക്‌സിക്കോയുടെ ഏറ്റവും പ്രായംകുറഞ്ഞ ലോകകപ്പ് താരമായും ഈ ലോകകപ്പിലെ ഏറ്റവും പ്രായംകുറഞ്ഞ താരമായും മോറ മാറി.

മുൻമത്സരങ്ങളിൽ ഒരു അസിസ്റ്റ് മാത്രമേ ഈ അറ്റാക്കിങ് മിഡ്ഫീൽഡറുടെ പേരിലുള്ളൂ. പക്ഷേ, ഇറങ്ങിയ മത്സരങ്ങളിലെല്ലാം കാഴ്ചവെച്ച അതിശയകരമായ പ്രകടനമാണ് മോറയെ വീണ്ടും കളത്തിലിറക്കാൻ കോച്ച് ഹാവിയർ അഗ്വിറയെ പ്രേരിപ്പിച്ചത്. എക്വഡോറിനെതിരേ ആദ്യ മിനിറ്റുകളിൽ മോറ മൈതാനത്ത് നിറഞ്ഞാടി. 16-ാം മിനിറ്റിൽ ദൂരെനിന്നുതിർത്ത ഷോട്ട്, വളഞ്ഞ് പോസ്റ്റിന് തൊട്ടരികിലൂടെ കടന്നുപോയത് നിർഭാഗ്യമായി. എങ്കിലും പരിശീലകൻ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാൻ മോറയ്ക്കായി.

ലോകകപ്പിലെ പ്രകടനംവഴി മാഞ്ചെസ്റ്റർ സിറ്റി, യുണൈറ്റഡ്, റയൽ മാഡ്രിഡ് ഉൾപ്പെടെയുള്ള വമ്പൻ ക്ലബ്ബുകൾ മോറയെ നോട്ടമിട്ടുകഴിഞ്ഞു. എന്നാൽ, പഠനം തുടരേണ്ടതിനാൽ ഇത്തരത്തിലുള്ള ദീർഘമായ യാത്രകളും പരിശീലന സെഷനുകളും മോറയുടെ വിദ്യാഭ്യാസ വഴിയെ തടസ്സപ്പെടുത്തും. അതിനാൽ ടിജുവാനയിലെ ഹൈസ്‌കൂൾ പഠനത്തോടൊപ്പം, അവിടത്തെ പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബ്ബിലാണ് നിലവിൽ പരിശീലനം തുടരുന്നത്. പഠനവും പരിശീലനവും മെക്‌സിക്കൻ ടീമിനോടുള്ള പ്രതിബദ്ധതയും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുക ലക്ഷ്യമിട്ടാണ് ഈ നീക്കം. ലിഗ എം.എക്‌സ്. ക്ലബ്ബ് ടിജുവാനയുമായി അടുത്തിടെയാണ് മോറ കരാർ പുതുക്കിയത്.

കളിക്കളത്തിൽ മികച്ചരീതിയിൽ ആക്രമണങ്ങൾ മെനയാൻ ശേഷിയുള്ള താരമാണ് മോറ. പന്ത് കാലുകളിൽ എത്തുന്നതിന് മുൻപുതന്നെ തല ഇരുവശങ്ങളിലേക്കും വേഗത്തിൽ തിരിച്ച് മൈതാനത്തെ സാഹചര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുന്ന സ്വഭാവം മോറയുടെ പ്രത്യേകതകളിലൊന്നാണ്. കൂടാതെ മികച്ച ഡ്രിബ്ലിങ് വൈദഗ്ധ്യവും പാസിങ്ങിലെ കൃത്യതയും പന്തിന്മേലുള്ള നിയന്ത്രണവും പ്രായത്തിൽ വളരെ മുതിർന്ന താരങ്ങളെപ്പോലും മറികടന്ന് മുന്നേറാൻ കഴിയുന്നതും മോറയ്ക്ക് കരിയറിൽ ഗുണംചെയ്യും.