ലോകകപ്പ് ക്വാർട്ടർ സ്വപ്‌നവുമായെത്തിയ ബ്രസീലിനെ തകർത്തെറിഞ്ഞത് എർലിങ് ഹാളണ്ട് എന്ന ഗോൾ മെഷീനായിരുന്നു. ഹാളണ്ടിന്റെ ഇരട്ടഗോൾ മികവിലാണ് നോർവേ കാനറികളെ കീഴടക്കുന്നത്. ഫുട്‌ബോൾ ചരിത്രത്തിലിന്നുവരെ ബ്രസീലിനോട് തോറ്റിട്ടില്ലെന്ന റെക്കോഡ് നിലനിർത്താനും നോർവേയ്ക്ക് സാധിച്ചു. ലോകഫുട്‌ബോളിലെ സൂപ്പർ സ്‌ട്രൈക്കറായി ഇതിനോടകം തന്നെ മാറിയ ഹാളണ്ട് ലോകകപ്പിലും ഞെട്ടിക്കുകയാണ്. ഹാളണ്ടിന്റെ മിന്നും ഫോമിൽ പ്രതീക്ഷയർപ്പിക്കുകയാണ് നോർവേ ടീം.

To advertise here,

ബ്രസീലിനെതിരായ ഇരട്ടഗോളുകളോടെ അന്താരാഷ്ട്ര കരിയറിലെ താരത്തിന്റെ ആകെ ഗോൾനേട്ടം 62 ആയി ഉയർന്നു. അതും വെറും 54 മത്സരങ്ങളിൽ നിന്നാണ് ഇത്രയും ഗോളുകളടിച്ചുകൂട്ടിയത്. ഈ ലോകകപ്പിലും ഗോളടിച്ചുകൂട്ടുകയാണ് ഹാളണ്ട്. ആകെ എഴുഗോളുകളോടെ ഗോൽഡൻ ബൂട്ട് റേസിലും മുന്നിലുണ്ട്.

ലയണൽ മെസ്സിക്കും കിലിയൻ എംബാപ്പെയ്ക്കും ഒപ്പമെത്താൻ ഹാളണ്ടിനായി. നാലുമത്സരങ്ങളിൽ നിന്നാണ് നോർവേ സ്‌ട്രൈക്കർ ഇത്രയും സ്‌കോർ ചെയ്തത്. ആദ്യമത്സരങ്ങളിൽ ഇറാഖിനെതിരേയും സെനഗലിനെതിരേയും ഡബിൾ. ഐവറി കോസ്റ്റിനെതിരേ ഒരു ഗോൾ. ഇപ്പോഴിതാ ബ്രസീലിനെതിരേയും.

2019 ലാണ് ഹാളണ്ട് നോർവേ ടീമിനായി അരങ്ങേറ്റം കുറിക്കുന്നത്. 2019 ൽ മാൽട്ടയ്‌ക്കെതിരായ യൂറോ കപ്പ് യോഗ്യതാ മത്സരത്തിലാണ് അരങ്ങേറ്റം. അന്ന് മുതൽ നോർവേയ്ക്കായി ഗോളടിച്ചുകൂട്ടുകയാണ് താരം. സീനിയർ ടീമിനായി അരങ്ങേറുന്നതിന് മുൻപേ അണ്ടർ-17 തലത്തിലും ഹാളണ്ട് ഇതേ മികവ് പുലർത്തിയിരുന്നു. പത്ത് വർഷം മുൻപ് ഇന്ത്യക്കെതിരേയും നോർവേയുടെ ഈ സൂപ്പർമാൻ വലകുലുക്കി. 2016 ജൂണിലാണ് ഇന്ത്യയുടെ അണ്ടർ-17 ടീം നോർവേയുടെ അണ്ടർ-16 ടീമുമായി ഏറ്റുമുട്ടിയത്. അന്ന് നോർവേയുടെ സംഘത്തിൽ ഹാളണ്ടുണ്ടായിരുന്നു. 2017 ൽ നടക്കുന്ന ഫിഫ അണ്ടർ-17 ലോകകപ്പിനോടനുബന്ധിച്ചുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിരുന്നു മത്സരം. നോർവേക്കെതിരേ മാത്രമായിരുന്നില്ല, ബ്രസീലിന്റെ അണ്ടർ-17 ടീമുമായും ഇന്ത്യൻ അണ്ടർ-17 സംഘം ഏറ്റുമുട്ടി. അന്ന് വിനീഷ്യസ് ജൂനിയർ ആ ബ്രസീൽ നിരയിലുണ്ടായിരുന്നു.

നോർവേക്കെതിരായ മത്സരത്തിൽ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് ഇന്ത്യ പരാജയപ്പെട്ടു. ആദ്യപകുതി ഗോൾരഹിതമായിരുന്നുവെങ്കിലും രണ്ടാം പകുതിയിൽ കളി മാറി. 54-ാം മിനിറ്റിൽ ഇന്ത്യയുടെ സഞ്ജീവിന് ചുവപ്പ് കാർഡ് കിട്ടിയതാണ് തിരിച്ചടിയായത്. പിന്നീട് പത്തുപേരുമായാണ് ഇന്ത്യ കളിച്ചത്. 57-ാം മിനിറ്റിൽ നോർവേ ലീഡെടുത്തു. ഗോളടിച്ചതാകട്ടെ ഹാളണ്ട്. 80-ാം മിനിറ്റിൽ എറിക് ബോത്തെമിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി. അതോടെ ഇന്ത്യ തോൽവിയോടെ മടങ്ങി. അന്ന് തന്നെ ഹാളണ്ട് ഫുട്‌ബോൾ ലോകത്തിന്റെ റഡാറിൽ തെളിഞ്ഞുവന്നിരുന്നു. പിന്നീട് സീനിയർ ടീമിൽ അരങ്ങേറിയതോടെ ലോകവേദികളിലും താരം തിളങ്ങി. ഇപ്പോഴിതാ നോർവേയുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ക്വാർട്ടർ പ്രവേശവും ഹാളണ്ടിലൂടെ സാധ്യമാകുന്നു.