ഡാലസ്: പത്തുവർഷം മുൻപ് കോപ്പയിലെ കലാശക്കളിയിൽ തോറ്റ് നിരായുധനായി മിശിഹ തേങ്ങിക്കരയുന്നത് കണ്ടപ്പോൾ ഹൃദയം തകർന്ന ഒരു പതിനഞ്ചുകാരനുണ്ടായിരുന്നു. ഇനി അർജന്റീനയുടെ കുപ്പായത്തിൽ കളിക്കാനില്ലെന്ന് പറഞ്ഞ് മെസ്സി തിരിഞ്ഞുനടക്കുമ്പോൾ നെഞ്ചുകീറികരഞ്ഞവരുടെ കൂട്ടത്തിലുമുണ്ടായിരുന്നു അവൻ. ലിയോ പോകരുതെന്ന് കുറിച്ചിട്ടു. ആ തീരുമാനം മെസ്സി പിൻവലിച്ച് 2022 ൽ ലോകകിരീടം ചൂടി. ഇന്ന് കിരീടം നിലനിർത്താനൊരുങ്ങുന്ന അർജന്റീനയുടെ ജീവൻ തിരിച്ചുപിടിച്ച രക്ഷകനാണവൻ. പ്രായം 25-ലെത്തി നിൽക്കുന്നു. ഈജിപ്തിനെതിരേ വിജയഗോൾ നേടിയ എൻസോയ്ക്ക് ഇതൊരു സ്വപ്നം പോലെ തോന്നിക്കാണണം.

To advertise here,

രണ്ടുഗോളിന് പിന്നിൽ നിന്ന് ശേഷം അവിശ്വസനീയമാംവിധമാണ് മെസ്സിയും സംഘവും മത്സരത്തിലേക്ക് തിരിച്ചുവരുന്നത്. മെസ്സിയിലൂടെ സമനിലഗോൾ നേടിയ അർജന്റീന ഇഞ്ചുറി ടൈമിലെ എൻസോ ഫെർണാണ്ടസിന്റെ ഹെഡറിലൂടെയാണ് ജയമുറപ്പിക്കുന്നത്. അതോടെ അർജന്റീന ക്വാർട്ടർ ടിക്കറ്റെടുത്തു. ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെ മെസ്സി വികാരാധീനനയായി. മങ്ങലേറ്റ സ്വപ്നങ്ങൾക്ക് വീണ്ടും ജീവൻ വെച്ചതായി മെസ്സി തിരിച്ചറിഞ്ഞു. ആ സ്വപ്നങ്ങൾക്ക് നിറംപിടിപ്പിച്ച ആ കൗമാരക്കാരനെ മെസ്സി കെട്ടിപ്പിടിച്ചു. കാലം കാത്തുവെച്ച കെട്ടിപ്പിടിത്തം.

പ്രീക്വാർട്ടറിൽ ഈജിപ്തിനെതിരെ അർജന്റീന നടത്തിയ അതിശയകരമായ തിരിച്ചുവരവിന് പിന്നാലെ എൻസോയുടെ പഴയ കത്ത് വീണ്ടും ചർച്ചയാവുകയാണ്. കൗമാരക്കാരന്റെ ഹൃദയത്തിൽ നിന്ന് കടലാസിലേക്കൊഴുകിയ ഏതാനും വരികളാണ് അതിന് തുടക്കം.'വിരമിക്കരുത് മെസ്സി' എന്ന അഭ്യർത്ഥനയുമായി അന്ന് 15-കാരനായ എൻസോ ഫെർണാണ്ടസ് എഴുതിയ ആ കത്ത് ഇന്ന് ലോകകപ്പ് വേദിയിൽ മെസ്സിക്കൊപ്പം ചരിത്രമെഴുതുന്ന ഒരു സ്വപ്‌നത്തിന്റെ മറ്റൊരു അധ്യായമായി മാറുന്നു.

2016 കോപ്പ അമേരിക്ക ഫൈനലിൽ ചിലിയോട് തോറ്റതിന് പിന്നാലെ ലയണൽ മെസ്സി ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ ലോകമെമ്പാടുമുള്ള അർജന്റീന ആരാധകരെപ്പോലെ എൻസോയും തകർന്നുപോയിരുന്നു. ആ വേദനയിലാണ് എൻസോ മെസ്സിക്കൊരു കത്തെഴുതുന്നത്.

'ലയണൽ, നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്‌തോളൂ, പക്ഷേ ഇവിടെ തുടരുന്നതിനെക്കുറിച്ച് ദയവായി ഒന്ന് ആലോചിക്കണം. മൈതാനത്ത് കളി ആസ്വദിക്കാൻ വേണ്ടി മാത്രം ഇവിടെ തുടരുക. കാരണം നിങ്ങൾ ആസ്വദിച്ച് കളിക്കുമ്പോൾ, ഞങ്ങൾ എത്രമാത്രം ആനന്ദിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് ഊഹിക്കാൻപോലും കഴിയില്ല. നിങ്ങളെ ആവശ്യമുള്ള ഒരു രാജ്യമുണ്ട്. നിങ്ങൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരമാണ്.....' - അന്ന് എൻസോ കുറിച്ചു.

ഇന്ന് ആ കത്ത് വീണ്ടും വായിക്കുമ്പോൾ വികാരങ്ങളെ നിയന്ത്രിക്കാനാകുന്നില്ലെന്ന് എൻസോ പറയുന്നു. അന്ന് ഞാൻ എഴുതിയത് ഒരു കത്തായിരുന്നു. ഇന്ന് ഞങ്ങൾ ഒരുമിച്ചെഴുതുന്നത് ഒരു കഥയാണ്. അത് എഴുതാൻ ഇനി പുസ്തകങ്ങൾപോലും മതിയാകില്ല.' കാലം കടലാസിലെ മഷിയെ മായ്ച്ചില്ല. മറിച്ച് അതിന് ജീവൻ നൽകി. ഒരിക്കൽ ദൂരെയിരുന്ന് ഇതിഹാസത്തോട് സ്വപ്‌നങ്ങൾ പറഞ്ഞ ബാലൻ ഇന്ന് അതേ ഇതിഹാസത്തിനൊപ്പം ചേർന്ന് ലോകവേദിയിൽ പന്തുതട്ടുന്നു. പോരാടുന്നു. വിശ്വകിരീടത്തിനായി.