ലണ്ടൻ: വർത്തമാനകാല ഫുട്‌ബോളിലെ ഏറ്റവും തന്ത്രശാലിയായ പരിശീലകനാരെന്ന ചോദ്യത്തിനുള്ള മികച്ച മറുപടിയാണ് സ്പാനിഷുകാരൻ പെപ്പ് ഗാർഡിയോള. ഗാർഡിയോളയുടെ പരിശീലകക്കളരിയിൽ അടവുകൾ പഠിച്ചിറങ്ങിയതാണ് മൈക്കൽ അർട്ടേറ്റ. ഗുരുവിന്റെയും ശിഷ്യന്റെയും ടീമുകൾ മുഖാമുഖംവരുമ്പോൾ ഫുട്‌ബോൾലോകം ആവേശത്തോടെയും കൗതുകത്തോടെയും പോരാട്ടത്തെ നോക്കിനിൽക്കാറുണ്ട്. ഞായറാഴ്ച ശിഷ്യന്റെ ടീമായ ആഴ്‌സനൽ പെപ്പ് പരിശീലിപ്പിച്ചിറക്കിയ മാഞ്ചെസ്റ്റർ സിറ്റിയെ നിലംപരിശാക്കുന്നതാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കണ്ടത്.

To advertise here,

5-1നാണ് ആഴ്‌സനൽ സിറ്റിയെ വീഴ്ത്തിയത്. മാർട്ടിൻ ഓഡെഗാർഡ് (രണ്ട്), തോമസ് പാർട്ടി (56), മെയ്‌ലെസ് ലൂയി സ്‌കെല്ലി (62), കെയ് ഹാവെർട്‌സ് (76), എഥൻ എൻവാനേരി (90+3) എന്നിവർ ആഴ്‌സനലിനായി ഗോൾ നേടി. സിറ്റിയുടെ ഗോൾ എർലിങ് ഹാളണ്ടിന്റെ (55) വകയായിരുന്നു. 24 കളിയിൽനിന്ന് 50 പോയിന്റായ ആഴ്‌സനൽ ലീഗിൽ രണ്ടാമതുണ്ട്. 23 കളിയിൽനിന്ന് 56 പോയിന്റുമായി ലിവർപൂളാണ് ഒന്നാമത്. 41 പോയിന്റുള്ള സിറ്റി നാലാം സ്ഥാനത്താണ്. അർട്ടേറ്റയും പെപ്പും ടീമുകളുമായി 14-ാം തവണയാണ് മുഖാമുഖം വരുന്നത്. ഇതിൽ അർട്ടേറ്റയുടെ ആറാം ജയമാണ്. പെപ്പ് എട്ടുതവണ ജയംനേടിയപ്പോൾ രണ്ടുതവണ സമനിലയായി.

അവസാനം മുഖാമുഖംവന്ന അഞ്ചുമത്സരത്തിലും അർട്ടേറ്റയുടെ ആഴ്‌സനൽ തോറ്റിട്ടില്ല. മൂന്നുജയവും രണ്ടു സമനിലയുമാണ് ഫലം. ഇത്തവണത്തേത് ആശാനെതിരേ ശിഷ്യൻനേടുന്ന ഏറ്റവും വലിയ വിജയമാണെന്ന പ്രത്യേകതയുമുണ്ട്. 

സിറ്റിയിൽ പെപ്പിന്റെ സഹപരിശീലകനായിരുന്നു അർട്ടേറ്റ ആഴ്‌സനലിന്റെ ചുമതലയേറ്റെടുത്തശേഷം 2020 ജൂൺ 17-ന് പ്രീമിയർ ലീഗിലാണ് ഇരുവരും ആദ്യമായി മുഖാമുഖംവരുന്നത്. അന്ന് സിറ്റി 3-0ത്തിന് ജയിച്ചു.

അതേവർഷം എഫ്.എ. കപ്പ് സെമിഫൈനലിൽ സിറ്റിയെ കീഴടക്കി അർട്ടേറ്റ ഗുരുവിനെതിരേ ആദ്യജയം നേടി. പിന്നീട് ഏഴു കളികളിൽ പെപ്പിന്റെ ടീമാണ് ജയംനേടിയത്. 2023 ഓഗസ്റ്റ് ആറിന് കമ്യൂണിറ്റി ഷീൽഡ് ഫൈനലിൽ സിറ്റിയെ കീഴടക്കി ആഴ്‌സനൽ തിരിച്ചുവന്നു.