ടൂറിന്‍: യുവന്റസിന്റെ പ്രതിരോധതാരം മാത്തിസ് ഡി ലിറ്റിനെ സ്വന്തമാക്കി ബയേണ്‍ മ്യൂണിക്ക്. 80 മില്യണ്‍ യൂറോയ്ക്കാണ് (ഏകദേശം 650 കോടി രൂപ) താരത്തെ ബയേണ്‍ സ്വന്തമാക്കിയത്. 

To advertise here,

അഞ്ചുവര്‍ഷത്തെ കരാറിലാണ് ഡി ലിറ്റ് ബയേണിലെത്തുന്നത്. വൈദ്യപരിശോധനും കരാറില്‍ ഒപ്പിടലും മാത്രമാണ് ഇനി ബാക്കിയുള്ളത്. ഡി ലിറ്റിനായി ചെല്‍സിയടക്കമുള്ള നിരവധി ക്ലബ്ബുകള്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍ ബയേണിലേക്ക് ചേക്കേറാനാണ് താരം ശ്രമിച്ചത്. നെതര്‍ലന്‍ഡ്‌സ് ദേശീയ ടീമിലംഗമായ ഡി ലിറ്റ് അയാക്‌സില്‍ നിന്നാണ് യുവന്റസിലെത്തിയത്. 

യുവന്റസിന്റെ മറ്റൊരു താരമായ പൗലോ ഡിബാലയും ടീം വിട്ടു. ഡിബാലയെ ഇറ്റാലിയന്‍ ക്ലബ്ബായ എ.എസ് റോമ സ്വന്തമാക്കി. മൂന്നുവര്‍ഷത്തെ കരാറിലാണ് താരം റോമയിലെത്തുന്നത്.  റോമയുടെ പരിശീലകന്‍ ഹോസെ മൗറീന്യോയുടെ ആവശ്യപ്രകാരമാണ് ഡിബാലയെ ക്ലബ്ബ് സ്വന്തമാക്കിയത്. 

അര്‍ജന്റീനയുടെ മുന്നേറ്റതാരമായ ഡിബാലയെ എത്ര തുകയ്ക്കാണ് റോമ സ്വന്തമാക്കിയിരിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഈ രണ്ട് ട്രാന്‍സ്ഫറുകളെയും കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.