ലിസ്ബൺ: ലോകകപ്പിൽ നിറംമങ്ങിയ തുടക്കമായിരുന്നു പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടേത്. കോംഗോയ്‌ക്കെതിരായ മത്സരത്തിൽ ആകെ 25 ടച്ചുകളും മൂന്ന് ഷോട്ടുകളും മാത്രമാണ് താരത്തിന് നേടാനായത്. മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്തു. അതിന് പിന്നാലെ ക്രിസ്റ്റിയാനോയ്‌ക്കെതിരേയും സഹതാരങ്ങൾക്കെതിരേയും വിമർശനങ്ങളുയർന്നിരുന്നു. ഇപ്പോഴിതാ പോർച്ചുഗീസ് മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസിന് നേരെ ഉയർന്ന വിമർശനങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് റോണോയുടെ സഹോദരി കാറ്റിയ അവെയ്‌റോ.

To advertise here,

പോർച്ചുഗീസ് ടീമിലെ മറ്റുതാരങ്ങൾ ക്രിസ്റ്റ്യാനോയ്ക്ക് പാസ് നൽകുന്നില്ലെന്നും മൈതാനത്ത് പിന്തുണ നൽകുന്നില്ലെന്നുമുള്ള വിമർശനങ്ങൾ ആരാധകർ ഉയർത്തിയിരുന്നു. ക്രിസ്റ്റ്യാനോയ്ക്ക് ദേശീയ ടീമിൽ നിന്ന് അവഗണനയാണ് നേരിടേണ്ടിവരുന്നതെന്നും പലരും വിമർശിച്ചു. ക്രിസ്റ്റ്യാനോയുടെ മോശം പ്രകടനത്തിൽ രൂക്ഷവിമർശനമുയരുമ്പോഴാണ് മറുവശത്ത് സഹതാരങ്ങൾക്കെതിരേയും ചൂണ്ടുവിരലുകളുയരുന്നത്. അത്തരമൊരു പോസ്റ്റിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോയുടെ സഹോദരി.

ഒരു ബ്രസീലിയൻ ഫുട്‌ബോൾ പേജിൽ വന്ന പോസ്റ്റ് കാറ്റിയ അവെയ്‌റോ ലൈക്ക് ചെയ്തതായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ബ്രൂണോയ്‌ക്കെതിരായ വിമർശനമാണ് പോസ്റ്റിലുള്ളത്. ബ്രൂണോ മാഞ്ചെസ്റ്ററിൽ നന്നായി കളിക്കുന്നുവെന്നും എന്നാൽ പോർച്ചുഗലിലെത്തുമ്പോൾ നിരാശപ്പെടുത്തുന്നുവെന്നുമാണ് പോസ്റ്റിലുള്ളത്. ബ്രസീലിയൻ വിങ്ങൾ റാഫിന്യയോട് താരതമ്യപ്പെടുത്തിയിട്ടുമുണ്ട്. റാഫിന്യയും സമാനമായ വിമർശനങ്ങൾ നേരിട്ടയാളാണ്. ക്രിസ്റ്റ്യാനോയുടെ സഹോദരിയുടെ ലൈക്ക് വൻ ചർച്ചകൾക്ക് തുടക്കമിട്ടും കഴിഞ്ഞു.

കോംഗോയ്ക്ക് മുന്നിൽ പോർച്ചുഗീസ് സംഘം അമ്പേ പാളുന്നതാണ് കഴിഞ്ഞദിവസം കണ്ടത്. റോണോയാകട്ടെ പന്ത് പോലും കിട്ടാതെ മൈതാനത്ത് അലഞ്ഞുതിരിഞ്ഞു. കിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാനുമായില്ല. മത്സരത്തിൽ 25 ടച്ചുകൾ മാത്രമാണ് ക്രിസ്റ്റ്യാനോയുടെ സമ്പാദ്യം. മൂന്ന് ഷോട്ടുകളുതിർത്തു. എന്നാൽ ലക്ഷ്യത്തിലേക്ക് ഒന്നും പോലും പോയില്ല. എല്ലാം പുറത്തേക്ക്. ലോകകപ്പിലെ തന്നെ താരത്തിന്റെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണ് ബുധനാഴ്ചത്തേത്. രാജ്യത്തിനായി പ്രധാന ടൂർണമെന്റുകളിൽ റോണോ അവസാനമായി ഗോൾ നേടുന്നത് പത്ത് മത്സരങ്ങൾ മുൻപാണ്. കഴിഞ്ഞ അഞ്ച് ലോകകപ്പ് മത്സരങ്ങളിലും ലക്ഷ്യം കാണാനായില്ല.