Photo: twitter.com/selecaoportugal
ലിസ്ബണ്‍: രണ്ട് തകര്‍പ്പന്‍ ഗോളുകളും ഒരു റെക്കോഡും... ലീക്ടെന്‍സ്‌റ്റെയ്‌നെതിരായ മത്സരത്തില്‍ ശ്രദ്ധേയപ്രകടനവുമായി ആരാധകരുടെ മനം കവര്‍ന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പോര്‍ച്ചുഗലിന് വേണ്ടി രണ്ട് ഗോളടിച്ച് നായകന്‍ കൂടിയായ റൊണാള്‍ഡോ ടീമിന് ഉഗ്രന്‍ വിജയം സമ്മാനിച്ചു. 2024 യൂറോകപ്പ് യോഗ്യതാ മത്സരത്തില്‍ ഗ്രൂപ്പ് ജെയില്‍ നടന്ന പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ലിച്ചന്‍സ്റ്റീനെ കീഴടക്കിയത്.
ഇരട്ട ഗോളുകളുമായി റൊണാള്‍ഡോ തിളങ്ങിയപ്പോള്‍ ജാവോ ക്യാന്‍സലോയും ബെര്‍ണാഡോ സില്‍വയും ടീമിനായി ലക്ഷ്യം കണ്ടു. പുതിയ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസിന് കീഴില്‍ കളിച്ച ആദ്യമത്സരത്തില്‍ തന്നെ മികച്ച വിജയം നേടാന്‍ പോര്‍ച്ചുഗലിന് സാധിച്ചു.
മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് റൊണാള്‍ഡോയുടെ ഗോളുകള്‍ വന്നത്. 51-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലക്ഷ്യം കണ്ട റൊണാള്‍ഡോയ 63-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ വീണ്ടും ലക്ഷ്യം കണ്ടു. റൊണാള്‍ഡോയുടെ ഫ്രീ കിക്ക് ഗോള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ബോക്‌സിന് തൊട്ടുപുറത്തുവെച്ച് റൊണാള്‍ഡോ തൊടുത്തുവിട്ട ബുള്ളറ്റ് ഷോട്ട് ഗോള്‍കീപ്പറുടെ കൈയ്യില്‍ തട്ടി വലയില്‍ കയറി. റൊണാള്‍ഡോയുടെ അതിശക്തമായ ഷോട്ട് തട്ടിയകറ്റാന്‍ പോലും ഗോള്‍കീപ്പര്‍ ബുച്ചെലിന് സാധിച്ചില്ല.
മത്സരത്തിലൂടെ പുതിയൊരു റെക്കോഡും താരം സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച ഫുട്‌ബോള്‍ താരം എന്ന അത്യപൂര്‍വമായ റെക്കോഡാണ് റൊണാള്‍ഡോ സ്വന്തം പേരില്‍ കുറിച്ചത്. ലിച്ചന്‍സ്റ്റീനെതിരായ കളിച്ചതോടെ റൊണാള്‍ഡോയുടെ അന്താരാഷ്ട്ര മത്സരങ്ങളുടെ എണ്ണം 197 ആയി ഉയര്‍ന്നു. കുവൈത്തിനുവേണ്ടി 196 മത്സരങ്ങള്‍ കളിച്ച ബദര്‍ അല്‍ മുത്താവയുടെ റെക്കോഡ് റൊണാള്‍ഡോ തിരുത്തി. 120 അന്താരാഷ്ട്ര ഗോളുകളും താരത്തിന്റെ അക്കൗണ്ടിലുണ്ട്. ഏറ്റവുമധികം അന്താരാഷ്ട്ര ഗോളുകള്‍ നേടിയ താരവും റൊണാള്‍ഡോയാണ്.
ഈ വിജയത്തോടെ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ജെയില്‍ ഒന്നാമതെത്തി. ബോസ്‌നിയ, സ്ലൊവാക്യ, ലക്‌സംബര്‍ഗ്, ഐസ്‌ലന്‍ഡ്, ലിച്ചന്‍സ്റ്റീന്‍ എന്നീ ടീമുകളാണ് ജെ ഗ്രൂപ്പില്‍ പോര്‍ച്ചുഗലിനൊപ്പം മത്സരിക്കുന്നത്.
Content Highlights: Cristiano Ronaldo becomes most capped player in international football
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..