
സീലൻഡ്: യുക്രൈനെതിരെയുള്ള സൗഹൃദ മത്സരത്തിനിടെ ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്‌സൺ കളിക്കളത്തിൽ കുഴഞ്ഞുവീണു. നിലവിൽ ബോധം വീണ്ടെടുത്തതായി ഡാനിഷ് ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചു. ഒഡെൻസെയിൽ നടന്ന മത്സരത്തിന്റെ 65-ാം മിനിറ്റിലാണ് എറിക്‌സൺ കുഴഞ്ഞുവീണത്. ഇതേത്തുടർന്ന് കളി താത്കാലികമായി നിർത്തുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്തു. മൈതാനത്തുനിന്ന് സ്വയം നടന്നുനീങ്ങാൻ 34-കാരനായ താരത്തിന് സാധിച്ചിരുന്നു.
2021-ലെ യൂറോ കപ്പ് മത്സരത്തിൽ ഫിൻലൻഡിനെതിരേ കളിക്കുന്നതിനിടെ എറിക്‌സണ് ഹൃദയാഘാതം സംഭവിച്ചിരുന്നു. ഇതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ശരീരത്തിൽ പേസ്‌മേക്കർ വിഭാഗത്തിൽപ്പെടുന്ന ഐ.സി.ഡി. (Implantable Cardioverter Defibrillator) ഘടിപ്പിച്ചിരുന്നു. നിലവിൽ എറിക്‌സൺ സുഖമായിരിക്കുന്നുവെന്നും അദ്ദേഹം സ്വയം നടന്നുതന്നെയാണ് മൈതാനം വിട്ടതെന്നും ഡെന്മാർക്ക് ദേശീയ ടീം ഡോക്ടർ മോർട്ടൻ ബോസെൻ പറഞ്ഞു. പേസ്‌മേക്കർ കൃത്യമായാണ് പ്രതികരിച്ചതെന്നും, ചെറിയ സമയത്തേക്ക് ബോധം നഷ്ടപ്പെട്ടെങ്കിലും വളരെ പെട്ടെന്നുതന്നെ അദ്ദേഹം ബോധം വീണ്ടെടുത്തതായും ഡോക്ടർ വ്യക്തമാക്കി. കൂടുതൽ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
യൂറോ കപ്പിലെ ഹൃദയാഘാതത്തിന് എട്ടുമാസങ്ങൾക്കുശേഷം, ഈ ഐ.സി.ഡി.യുടെ സഹായത്തോടെയാണ് എറിക്‌സൺ 2022-ൽ ബ്രെന്റ്‌ഫോർഡിലൂടെ ഫുട്‌ബോളിലേക്ക് തിരിച്ചെത്തിയത്. പിന്നീട് മൂന്നുവർഷം മാഞ്ചെസ്റ്റർ യുണൈറ്റഡിനായി കളിച്ചു. കഴിഞ്ഞ വേനൽക്കാലത്ത് ജർമൻ ക്ലബ്ബായ വോൾഫ്‌സ്ബർഗിൽ ചേർന്ന അദ്ദേഹം ഈ സീസണിൽ 34 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഡെന്മാർക്കിനായി തന്റെ 151-ാം അന്താരാഷ്ട്ര മത്സരം കളിക്കുന്നതിനിടയിലാണ് ഈ പുതിയ സംഭവം ഉണ്ടായത്. താൻ സുഖമായിരിക്കുന്നുവെന്ന് എറിക്‌സൺ സഹതാരങ്ങളെ അറിയിച്ചിട്ടുണ്ട്.
എറിക്‌സൺ വീഴുന്നത് കണ്ടയുടൻ മെഡിക്കൽ സംഘവും സഹതാരങ്ങളും വളരെ വേഗത്തിലാണ് പ്രതികരിച്ചതെന്ന് ഡെന്മാർക്ക് ക്യാപ്റ്റൻ പിയറി-എമിൽ ഹോജ്‌ബെർഗ് പറഞ്ഞു. അഞ്ചുവർഷംമുൻപ് യൂറോ കപ്പിൽ സംഭവിച്ചതുപോലെ, ഇത്തവണയും എറിക്‌സണ് മെഡിക്കൽ സംഘം ചികിത്സ നൽകുമ്പോൾ ഇരുടീമിലെയും കളിക്കാർ അദ്ദേഹത്തിന് ചുറ്റും ഒരു മനുഷ്യമതിൽ തീർത്ത് സംരക്ഷണമൊരുക്കി.
ഒരു ഐ.സി.ഡി. ശരീരത്തിൽവെച്ച് കളിക്കുന്നതിൽ തനിക്ക് യാതൊരു ഭയവുമില്ലെന്ന് 2022-ൽ തന്റെ തിരിച്ചുവരവിന് തൊട്ടുമുമ്പ് ബി.ബി.സി. സ്‌പോർട്‌സിനോട് സംസാരിക്കവെ എറിക്‌സൺ പറഞ്ഞിരുന്നു. എന്തെങ്കിലും സംഭവിച്ചാൽപോലും താൻ സുരക്ഷിതനാണെന്നും ഐ.സി.ഡി. ഉള്ളതുകൊണ്ട് ഒരുവിധ അപകടസാധ്യതയും കാണുന്നില്ലെന്നുമാണ് അന്ന് അദ്ദേഹം വ്യക്തമാക്കിയത്. അതേസമയം, വ്യാഴാഴ്ച ആരംഭിക്കുന്ന ലോകകപ്പിന് ഡെന്മാർക്കോ യുക്രൈനോ യോഗ്യത നേടിയിട്ടില്ല.
Content Highlights: Christian Eriksen remained conscious after a mid-game collapse in 2026., The incident occurred during a friendly match between Denmark and Ukraine., Eriksen, equipped with an ICD, walked off the pitch under his own power., Medical staff and teammates acted swiftly, mirroring the 2021 incident protocol., Eriksen is currently undergoing further hospital examinations.
Published: 08 Jun 2026, 09:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented