നെന്മാറ: ലോകകപ്പിന്റെ ആവേശമുള്ളപ്പോൾ മാത്രമല്ല, മൈതാനത്ത് ഫുട്ബോൾ ഉരുളാത്തപ്പോഴും കടുത്ത ആരാധനയാണ് ബ്രസീലിനോട്. ഇതോടെ പണിതുയർത്തിയ വീടിനും ബ്രസീലിന്റെ പതാകയുടെ നിറംനൽകി നെന്മാറ വക്കാവ് കുറുപ്പുകുളമ്പിൽ ഷെയ്ക്ക് ഷബീർ.

To advertise here,

2018-ലാണ് വീടുനിർമാണം പൂർത്തിയായത്. തന്റെ സ്വപ്നടീമായ ബ്രസീലിന്റെ മഞ്ഞയും പച്ചയും നിറം വീടിനു നൽകി. എല്ലാ ഫുട്‌ബോൾ ലോകകപ്പ് മത്സരസമയത്തും നിറം പുതുക്കും. വീടിന്റെ മതിലിലും പടിയിലും ചുമരുകളിലും നിറംനൽകി ലോകകപ്പ് ട്രോഫിയുടെ ചെറിയമാതൃകയും വെച്ചാണ് ഇത്തവണയും ഫുട്‌ബോൾ ആവേശത്തിനൊപ്പം ചേർന്നത്.

തുടക്കത്തിൽ, പത്താം നമ്പർ ജേഴ്സി അണിഞ്ഞുനിൽക്കുന്ന നെയ്മറുടെ വലിയ കട്ടൗട്ടുകൾ വീടുനുമുകളിൽ സ്ഥാപിച്ചിരുന്നു. ഉപയോഗിച്ചിരുന്ന ബൈക്കിനുപോലും ലോകകപ്പ് സമയത്ത് മഞ്ഞയും പച്ചയും നിറംനൽകി ആവേശത്തിനൊപ്പം കൂടിയിരുന്നു. ഫുട്ബോൾ കളികാണുന്നതിന് വീട്ടിൽ സൗകര്യമൊരുക്കുകയും ചെയ്യാറുണ്ട്.

ബ്രസീലിന്റെ ഇതിഹാസതാരം റൊണാൾഡോ നസാരിയോയുടെ കടുത്ത ആരാധകനാണു താനെന്നാണു ഷബീർ പറയുന്നത്. പുതിയ പരിശീലകനായി എത്തിയ കാർലോ ആഞ്ചലോട്ടിയുടെ കീഴിൽ ഇത്തവണ ബ്രസീൽ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും ആറാംകിരീടം ചൂടുമെന്നുമാണ് ഷബീർ പറയുന്നത്. സിവിൽ എൻജിനിയറായ ഷബീറിന്റെ ഭാര്യ ഷംനയും മക്കളായ ഷാനൂനും ഷയാനും മഞ്ഞപ്പടയുടെ ആരാധകരാണ്. 'ബ്രസീൽവീടി'ന്റെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിലും വന്നതോടെ ഷബീറിന്റെ വീട് ബ്രസീൽ ആരാധകരുടെ സെൽഫി സ്‌പോട്ട് കൂടിയാണ്.