സ്വപ്‌നസമാനം… ഹൂസ്റ്റണിൽ അവസാന വിസിലിന്റെ മുഴക്കം മഞ്ഞക്കുപ്പായവുമിട്ട് കളി കാണാനെത്തിയ ഒരാൾപോലും കേട്ടിട്ടുണ്ടാവില്ല. കാനറികൾ ഇരമ്പിയാർത്ത ആ 95-ാം മിനിറ്റിന്റെ ആഘോഷം അപ്പോഴും അവസാനിച്ചിരുന്നില്ല. ആദ്യ പകുതിയിലെ ഒരു ഗോളിന് രണ്ടാം പകുതിയിലെ രണ്ടുഗോളോടെ മറുപടി. അതും വിജയഗോൾ ഇഞ്ചുറി ടൈമിൽ. അങ്ങനെ ബ്രസീൽ ചിറകടിച്ചുയരുന്നു. പ്രീ-ക്വാർട്ടറിലേക്ക്. നെഞ്ചുതകർന്ന് ജപ്പാനീസ് പോരാളികൾ മുഖംപൊത്തിക്കിടന്നു. പക്ഷേ അവർക്ക് സല്യൂട്ട്. നിങ്ങൾ ലോകഫുട്‌ബോളിൽ ഏഷ്യൻ കരുത്തറിയിച്ചാണ് മടങ്ങുന്നത്.
ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ബ്രസീൽ രണ്ടു ഗോളടിച്ചത്. 29-ാം മിനിറ്റിൽ കയ്ഷു സാനോ ഏഷ്യൻ കരുത്തർക്കായി വലകുലുക്കി. ഡാനിലോയുടെ പാസ് കൃത്യമായി ഇന്റർസെപ്റ്റ് ചെയ്ത് മുന്നേറിയ സാനോ കസമിറോയെ ഡ്രിബിൾ ചെയ്ത് മുന്നേറി. പിന്നാലെ ബോക്‌സിന് പുറത്തുനിന്ന് ഉഗ്രൻ ഷോട്ടിലൂടെ വലകുലുക്കി. രണ്ടാം പകുതിയിൽ ഹെഡർ ഗോളിലൂടെ കാസമിറോ തിരിച്ചടിച്ചു. പിന്നാലെ 95-ാം മിനിറ്റിൽ മാർട്ടിനെല്ലിയിലൂടെ വിജയഗോൾ.
മത്സരത്തിന്റെ തുടക്കത്തിൽ ശ്രദ്ധയോടെയാണ് ഇരുടീമുകളും കളിച്ചത്. കൂടുതൽ ആക്രമണങ്ങൾക്ക് മുതിരാതെ പതിയെ ആണ് നീക്കങ്ങൾ നടത്തിയത്. അതുകൊണ്ടുതന്നെ ആരാധകർ പ്രതീക്ഷിച്ചതരത്തിലുള്ള ചടുലനീക്കങ്ങളൊന്നും ആദ്യ മിനിറ്റുകളിൽ പിറന്നില്ല. ബ്രസീൽ പന്ത് കൈവശം വെച്ച് അവസരങ്ങൾ സൃഷ്ടിക്കാനാണ് ശ്രമിച്ചത്. മറുവശത്ത് ജപ്പാൻ ഹൈബോൾ കളിച്ച് ബ്രസീൽ പ്രതിരോധത്തെ പിളർക്കാനാണ് ശ്രമിച്ചത്. അത് വിലപ്പോയില്ല. ബ്രസീലിന്റെ കരുത്തുറ്റ പ്രതിരോധനിരയെ അത്തരത്തിൽ മറികടക്കാനുള്ള പദ്ധതി പാളി. അതോടെ ജപ്പാൻ കോച്ച് മറുതന്ത്രമൊരുക്കി.
പിന്നീട് കളിയുടെ ഗതി മാറി. ജപ്പാൻ കടുത്ത ആക്രമണങ്ങളിലേക്ക് കടന്നു. കാസമിറോയ്ക്ക് മഞ്ഞക്കാർഡ് വാങ്ങേണ്ടിയും വന്നു. കിട്ടിയ അവസരങ്ങളിൽ ബ്രസീലും മുന്നേറി. വിനീഷ്യസ് ജൂനിയർ ഇടതുവിങ്ങിലും സ്‌ട്രൈക്കർ റോളിലുമൊക്കെ മാറി മാറി വന്നു. വലതുവിങ്ങിൽ നിന്ന് റയാനിലൂടെയും മുന്നേറ്റങ്ങളുണ്ടായി. എന്നാൽ കൗണ്ടർ അറ്റാക്കുകളിൽ ടൂർണമെന്റിലുടനീളം മികവുപുലർത്തിയ ഹജിമെ മൊറിയാസോയും സംഘവും കാനറികൾക്കെതിരേയും അതാവർത്തിച്ചു. പിന്നാലെ ബ്രസീലിനെ ഞെട്ടിച്ച് ഗോൾ.
29-ാം മിനിറ്റിൽ കയ്ഷു സാനോ ഏഷ്യൻ കരുത്തർക്കായി വലകുലുക്കി. ഡാനിലോയുടെ പാസ് കൃത്യമായി ഇന്റർസെപ്റ്റ് ചെയ്ത് മുന്നേറിയ സാനോ കസമിറോയെ ഡ്രിബിൾ ചെയ്ത് മുന്നേറി. പിന്നാലെ ബോക്‌സിന് പുറത്തുനിന്ന് ഉഗ്രൻ ഷോട്ടിലൂടെ വലകുലുക്കി. സ്കോർ 1-0. ജാപ്പനീസ് നിരയിലെ മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ ഒരാളാണ് സാനോ. എതിരാളികളുടെ മുന്നേറ്റങ്ങൾ മനസിലാക്കി മൈതാനമധ്യത്ത്‌വെച്ച് തന്നെ അത് തടയാൻ പ്രത്യേക മികവ് പുലർത്തുന്ന താരം. അതേ മികവാണ് കാനറികൾക്കെതിരേയും കണ്ടത്.
അതേസമയം ലോകകപ്പിന് മുൻപ് തന്നെ വാർത്തകളിലിടം നേടിയ താരമാണ് സാനോ. ബലാത്സംഗക്കേസിൽ ഉൾപ്പെട്ടയാളാണ് കയ്ഷു സാനോ. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടുപേർക്കൊപ്പം സാനോയും 2024 ൽ അറസ്റ്റിലായിരുന്നു. എന്നാൽ കേസ് അധികം മുന്നോട്ടുപോയില്ല. കോടതിക്ക് പുറത്തുവെച്ച് കേസ് ഒത്തുതീർപ്പാക്കി. കസ്റ്റഡിയിൽ നിന്ന് മോചിതനായി. സാനോയെ ടീമിൽ ഉൾപ്പെടുത്തിയതിൽ വൻ വിമർശനവും നേരിട്ടിരുന്നു.
സാനോയുടെ ഗോൾ വീണതിന് പിന്നാലെ ബ്രസീൽ തിരിച്ചടിക്കാനുള്ള ശ്രമം ആരംഭിച്ചു. വിനീഷ്യസും ലൂക്കാസ് പക്വേറ്റയും ജപ്പാൻ ഗോൾമുഖം വിറപ്പിച്ചു. ബ്രസീലിന്റെ തുടർമുന്നേറ്റങ്ങൾ നിരന്തരം ജപ്പാനീസ് ബോക്‌സിൽ അപകടം വിതച്ചു. 38-ാം മിനിറ്റിൽ മാത്യുസ് കുന്യയുടെ ഷോട്ട് ജപ്പാൻ ഗോളി സുസുക്കി തട്ടിയകറ്റി. ജപ്പാനീസ് പ്രതിരോധത്തെ ആദ്യ പകുതിയിൽ പിളർക്കാൻ ആൻസലോട്ടിക്കും സംഘത്തിനും സാധിച്ചില്ല. അതോടെ ആദ്യ പകുതി 1-0 ന് ജപ്പാൻ മുന്നിട്ടുനിന്നു.
രണ്ടാം പകുതിയിൽ കണ്ടത് മറ്റൊരു ബ്രസീലിനെയായിരുന്നു. പക്വേറ്റയ്ക്ക് പകരം എൻഡ്രക്കിനെ കളത്തിലിറക്കി ആൻസലോട്ടി മുന്നേറ്റം ശക്തമാക്കി. രണ്ടാം പകുതി ആരംഭിച്ചതുമുതൽ കാനറികൾ ആക്രമണഫുട്‌ബോളിന്റെ കെട്ടഴിച്ചുവിട്ടു. അതിൽ ജാപ്പനീസ് പ്രതിരോധം ആടിയുലഞ്ഞു. 52-ാം മിനിറ്റിൽ ബ്രസീൽ ഗോളിന് തൊട്ടടുത്തെത്തി. എന്നാൽ സുസുക്കി ഡാനിലോയുടെ ഹെഡർ തട്ടിയകറ്റി. 54-ാം മിനിറ്റിലും സുസുക്കി രക്ഷകനായി. എന്നാൽ 55-ാം മിനിറ്റിൽ കാസമിറോയെ തടയാനായില്ല. ഗബ്രിയേലിന്റെ ക്രോസിൽ തലവെച്ച് കാസമിറോ സമനില ഗോൾ നേടി.
പിന്നീട് ഇരുടീമുകളും വിജയഗോളിനായി മുന്നേറി. ബ്രസീലായിരുന്നു അപകടകരമായ മുന്നേറ്റങ്ങൾ നടത്തിയത്. ജപ്പാൻ കിട്ടിയ അവസരങ്ങളിൽ മുന്നേറി. വിങ്ങുകളിലൂടേയും ഹൈബോളുകളിലൂടെയും ജപ്പാൻ പ്രതിരോധത്തെ കാനറികൾ ഉലച്ചു. കൂടുതൽ മുന്നേറ്റങ്ങൾ നടത്താൻ ജപ്പാന് സാധിച്ചതുമില്ല. അത് ടീമിന് തിരിച്ചടിയുമായി. ഏറെനേരം ബ്രസീലിയൻ മുന്നേറ്റങ്ങളെ ഇങ്ങനെ പ്രതിരോധിക്കാനാവില്ലെന്ന് തോന്നിപ്പിച്ച ഘട്ടം. ഒടുക്കം അതുതന്നെ സംഭവിച്ചു. ഇഞ്ചുറി ടൈമിൽ ജപ്പാന്റെ ഹൃദയം തകർന്നു. ബോക്സിനുള്ളിൽ വെച്ച് ഉഗ്രൻ ഷോട്ടിലൂടെ പകരക്കാരനായെത്തിയ ഗബ്രിയേൽ മാർട്ടിനെല്ലി ഗോളടിച്ചു. ഷോട്ട് ജപ്പാൻ താരങ്ങൾക്ക് പ്രതിരോധിക്കാനായില്ല. അതോടെ സ്റ്റേഡിയം ഇളകി മറിഞ്ഞു. മിനിറ്റുകൾക്കകം ഫൈനൽ വിസിലുമെത്തിയതോടെ ബ്രസീൽ പ്രീ-ക്വാർട്ടറിലേക്ക്. തോറ്റെങ്കിലും കയ്യടി നേടിയാണ് ജപ്പാൻ മടങ്ങുന്നത്. ടൂർണമെന്റിലുടനീളം ഉജ്ജ്വല പ്രകടനമാണ് ഏഷ്യൻ കരുത്തർ കാഴ്ചവെച്ചത്.
Content Highlights: Brazil defeats Japan 2-1 in a dramatic 2026 tournament match., Keishu Sano opened the scoring for Japan in the 29th minute., Casemiro equalized for Brazil in the second half., Martinelli secured the win for Brazil with a 95th-minute goal., Brazil advances to the pre-quarterfinals.
Published: 30 Jun 2026, 01:06 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented