സമാനതകളില്ലാത്ത കുതിപ്പിന്റെ ആവേശത്തിലാണ് ജര്‍മന്‍ ക്ലബ്ബ് ബയേര്‍ ലെവര്‍കൂസനും കോച്ച് സാബി അലോന്‍സോയും. ഞായറാഴ്ച ലീഗില്‍ നടന്ന 33-ാം റൗണ്ട് മത്സരത്തില്‍ വിഎഫ്എല്‍ ബോച്ചമിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്ത ലെവര്‍കൂസന്‍ സീസണിലെ അപരാജിത കുതിപ്പ് 50 മത്സരങ്ങളിലേക്കുയര്‍ത്തി.

To advertise here,

ജര്‍മന്‍ ബുണ്ടസ്‌ലിഗ കിരീടം നേരത്തേ തന്നെ ഉറപ്പിച്ച ക്ലബ്ബ് ലീഗില്‍ 33 മത്സരങ്ങള്‍ പൂര്‍ത്തിയായതില്‍ ഒന്നില്‍ പോലും തോറ്റിട്ടില്ല. 27 ജയവും ആറ് സമനിലയും. ഇപ്പോഴിതാ ലീഗിന്റെ ചരിത്രത്തില്‍ ഒരു സീസണ്‍ മുഴുവന്‍ തോല്‍വിയറിയാതെ മുന്നേറുന്ന ആദ്യ ക്ലബ്ബെന്ന നേട്ടവും അവരെ കാത്തിരിക്കുന്നു. 18-ാം തീയതി ഓഗ്‌സ്ബര്‍ഗിനെതിരായ അവസാന ലീഗ് മത്സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ സാബിയും സംഘവും ആ ചരിത്ര നേട്ടം സ്വന്തമാക്കും. നേരത്തേ ബോച്ചമിനെതിരായ ജയത്തോടെ ലീഗ് സീസണിലെ ഏവേ മത്സരങ്ങള്‍ ഒന്നുപോലും തോല്‍ക്കാത്ത മൂന്നാമത്തെ ക്ലബ്ബെന്ന നേട്ടം ലെവര്‍കൂസന്‍ സ്വന്തമാക്കിയിരുന്നു. ബുണ്ടസ്‌ലിഗയില്‍ ലെവര്‍കൂസന്‍ അവസാനമായി തോല്‍വിയറിഞ്ഞത് 2023 മേയില്‍ ബോച്ചമിനോടായിരുന്നു.

ബോച്ചമിനെതിരായ ജയം ഈ സീസണില്‍ എല്ലാ മത്സരങ്ങളിലുമായി ലെവര്‍കൂസന്‍ തോല്‍വിയറിയാത്ത 50-ാം മത്സരമായിരുന്നു. നേരത്തേ യൂറോപ്പ ലീഗ് സെമി രണ്ടാം പാദത്തില്‍ എഎസ് റോമയെ 2-2ന് സമനിലയില്‍ പിടിച്ചതോടെ യൂറോപ്പിലെ മേജര്‍ ടൂര്‍ണമെന്റുകളില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തോല്‍വിയറിയാതെ പൂര്‍ത്തിയാക്കുന്ന ടീമെന്ന റെക്കോഡും ജര്‍മന്‍ ക്ലബ്ബ് സ്വന്തമാക്കി. ബെന്‍ഫിക്കയുടെ 59 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ലെവര്‍കൂസന്‍ പഴങ്കഥയാക്കിയത്. 1963-1965 കാലഘട്ടത്തില്‍ തോല്‍വിയറിയാതെ 48 മത്സരങ്ങളാണ് ബെന്‍ഫിക്ക പൂര്‍ത്തിയാക്കിയിരുന്നത്.