മാഡ്രിഡ്: ഫുട്‌ബോള്‍ ലോകത്തെ തന്നെ ക്ലാസിക് പോരാട്ടങ്ങളിലൊന്നില്‍ റയല്‍ മാഡ്രിഡിനെ അവരുടെ മൈതാനമായ സാന്തിയാഗോ ബെര്‍ണബ്യുവില്‍ തകര്‍ത്തെറിഞ്ഞ് ബാഴ്‌സലോണ. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയില്‍ നാലു ഗോളുകള്‍ നേടിയാണ് സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ ബാഴ്‌സ അവിസ്മരണീയമാക്കിയത്. 42 മത്സരങ്ങള്‍ തോല്‍വിയറിയാതെയുള്ള റയലിന്റെ കുതിപ്പ് അവരുടെ കാണികള്‍ക്കു മുന്നില്‍ തന്നെ ബാഴ്‌സ അവസാനിപ്പിച്ചു. 2017 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 43 മത്സരങ്ങള്‍ പരാജയമറിയാതെ കളിച്ച തങ്ങളുടെ റെക്കോഡ് തകരാതെ കാക്കാനും ബാഴ്‌സയ്ക്കായി. ലാ ലിഗ സീസണില്‍ റയലിന്റെ ആദ്യ തോല്‍വിയാണിത്. 

To advertise here,

ഇരട്ട ഗോളുകളുമായി തിളങ്ങിയ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും മാഡ്രിഡില്‍ വരവറിയിച്ച കൗമാരക്കാരന്‍ ലമിന്‍ യമാലും റാഫീന്യയും ചേര്‍ന്നാണ് ബാഴ്‌സയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്. മികച്ച അവസരങ്ങള്‍ ബാഴ്‌സ നഷ്ടമാക്കിയതാണ് ഗോള്‍ എണ്ണം നാലില്‍ നിന്നത്.

ഓഫ്‌സൈഡ് ട്രാപ്പ് ഫലപ്രദമായി നടപ്പിലാക്കിയ ഹാന്‍സി ഫ്‌ളിക്കിന്റെ സംഘം കിലിയന്‍ എംബാപ്പെയേയും വിനീഷ്യസ് ജൂനിയറിനെയും ജൂഡ് ബെല്ലിങ്ങാമിനെയുമെല്ലാം കെട്ടുപൊട്ടിപ്പായാന്‍ അനുവദിക്കാതെ തളച്ചുനിര്‍ത്തി. എട്ടോളം തവണയാണ് എംബാപ്പെ മത്സരത്തില്‍ ഓഫ്‌സൈഡ് കെണിയില്‍ കുടുങ്ങിയത്.

റയലിന്റെ കളിമനസിലാക്കിയ ആദ്യ പകുതിക്കുശേഷം 54-ാം മിനിറ്റില്‍ ലെവന്‍ഡോവ്‌സ്‌കിയിലൂടെയാണ് ബാഴ്‌സ ആദ്യ വെടിപൊട്ടിച്ചത്. സെന്റര്‍ സര്‍ക്കിളില്‍ നിന്ന് റയല്‍ പ്രതിരോധം പിളര്‍ത്തി കസാഡോ നീട്ടിയ പന്തെടുത്ത് ലെവന്‍ഡോവ്‌സ്‌കി വലകുലുക്കി. 

രണ്ടു മിനിറ്റിനുള്ളില്‍ ബാഴ്‌സ റയല്‍ മൈതാനത്തെ ഒന്നുകൂടി നിശബ്ദമാക്കി. ബാല്‍ഡെയുടെ അളന്നുമുറിച്ച ക്രോസ്, റയല്‍ ഗോള്‍കീപ്പര്‍ ലുനിനിന് യാതൊരു അവസരവും നല്‍കാതെ ലെവന്‍ഡോവ്‌സ്‌കി വലയിലെത്തിക്കുമ്പോള്‍ റയല്‍ പ്രതിരോധം കാഴ്ചക്കാരായിരുന്നു. 

ഇതിനിടെ റയലിന്റെ ഗോളവസരങ്ങള്‍ ബാഴ്‌സ ഗോള്‍കീപ്പര്‍ ഇനാകി പെന തടുത്തിടുകയും ചെയ്തതോടെ സ്വന്തം മൈതാനത്ത് റയല്‍ താരങ്ങള്‍ വിറച്ചു. 

കസാഡോയ്ക്ക് പകരം ഡാനി ഓല്‍മോ എത്തിയതോടെ മധ്യനിരയില്‍ ബാഴ്‌സയുടെ നീക്കങ്ങള്‍ക്ക് വേഗം കൂടി. മറുവശത്ത് മാറ്റങ്ങള്‍ വരുത്തിയിട്ടും റയലിന് കാര്യമായൊന്നും ചെയ്യാനായില്ല. ഇതിനിടെ രണ്ട് മികച്ച അവസരങ്ങള്‍ ലെവന്‍ഡോവ്‌സ്‌കിക്ക് നഷ്ടമാകുകയും ചെയ്തു.

പിന്നാലെ 77-ാം മിനിറ്റില്‍ ബെര്‍ണബ്യുവില്‍ 17-കാരന്‍ ലമിന്‍ യമാല്‍ തന്റെ കാലൊപ്പ് ചാര്‍ത്തി. റഫീന്യ നല്‍കിയ പന്ത് താരം അനായാസ് വലയിലാക്കുകയായിരുന്നു. എല്‍ ക്ലാസിക്കോയില്‍ താരത്തിന്റെ ആദ്യ ഗോള്‍. 

84-ാം മിനിറ്റില്‍ റഫീന്യയും ഗോള്‍പട്ടികയില്‍ പേരുചേര്‍ത്തു. സ്വന്തം ഹാഫില്‍ നിന്ന് ഇനിഗോ മാര്‍ട്ടിനസ് നീട്ടിനല്‍കിയ പാസ് സ്വീകരിച്ച് ഓടിക്കയറിയ റഫീന്യയെ തടയാന്‍ റയല്‍ പ്രതിരോധനിരക്കാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. പന്ത് ലുനിന്റെ തലയ്ക്ക് മുകളിലൂടെ അനായാസം ചിപ് ചെയ്ത് താരം വലയിലാക്കിയതോടെ ബെര്‍ണബ്യുവില്‍ ബാഴ്‌സയുടെ ഗോള്‍നേട്ടം നാലായി. 

ജയത്തോടെ 11 കളികളില്‍നിന്ന് 10 വിജയങ്ങളടക്കം 30 പോയിന്റുമായി ബാഴ്‌സ ഒന്നാം സ്ഥാനത്ത് തുടരുന്നു.