ടെക്‌സാസ്: ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ച എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മഡ്രിഡിനെ തകര്‍ത്ത് ബാഴ്‌സലോണ. ടെക്‌സാസില്‍ വെച്ച് നടന്ന സൗഹൃദമത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ വിജയം. 

To advertise here,

ബാഴ്‌സയ്ക്ക് വേണ്ടി ഔസ്മാനെ ഡെംബലെ, ഫെര്‍മിന്‍ ലോപ്പസ് മാര്‍ട്ടിന്‍, ഫെറാന്‍ ടോറസ് എന്നിവര്‍ ലക്ഷ്യം കണ്ടു.ഗോള്‍കീപ്പര്‍ ടെര്‍ സ്റ്റേഗന്റെ മിന്നല്‍ സേവുകളും ബാഴ്‌സയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.റയലിന്റെ ഗോളെന്നുറച്ച നാലോളം ഷോട്ടുകള്‍ സ്‌റ്റേഗന്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി.

മത്സരത്തിന്റെ 15-ാം മിനിറ്റില്‍ തന്നെ ഡെംബലെയുടെ ഉജ്ജ്വല ഗോളിലൂടെ ബാഴ്‌സ ലീഡെടുത്തു. എന്നാല്‍ 19-ാം മിനിറ്റില്‍ ഒരു ഗോള്‍ തിരിച്ചടിക്കാനുള്ള സുവര്‍ണാവസരം റയലിന് വന്നുചേര്‍ന്നു. ടീമിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചെങ്കിലും കിക്കെടുത്ത വിനീഷ്യസ് ജൂനിയറിന് പിഴച്ചു. താരത്തിന്റെ ഷോട്ട് ക്രോസ് ബാറിലിടിച്ച് തെറിച്ചു. ആദ്യ പകുതിയില്‍ ബാഴ്‌സ 1-0 ന് മുന്നിലെത്തി. 

രണ്ടാം പകുതിയില്‍ റയല്‍ സമനില നേടാനായി പരമാവധി ആക്രമിച്ച് കളിച്ചെങ്കിലും ടെര്‍ സ്റ്റേഗന്‍ അവരുടെ എല്ലാ നീക്കങ്ങളും തകര്‍ത്തു. 85-ാം മിനിറ്റില്‍ ലോപ്പസ് മാര്‍ട്ടിന്‍ നേടിയ തകര്‍പ്പന്‍ ലോങ് റേഞ്ചറിലൂടെ ബാഴ്‌സ ലീഡ് രണ്ടാക്കി. മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ ഫെറാന്‍ ടോറസ് ഇന്‍ജുറി ടൈമില്‍ ബാഴ്‌സയ്ക്ക് വേണ്ടി മൂന്നാം ഗോള്‍ നേടി. ഇതോടെ ടീം വിജയമുറപ്പിച്ചു.