
കാലിഫോർണിയ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജെ-യിൽ ജോർദാനെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് തകർത്ത് ഓസ്ട്രിയ. റൊമാനോ സ്മിഡിലൂടെ ഓസ്ട്രിയയാണ് ആദ്യം ലീഡ് ചെയ്തത്. രണ്ടാംപകുതിയിൽ അലി ഒൽവാൻ ജോർദാനെ ഒപ്പമെത്തിച്ചു. എന്നാൽ, 76-ാം മിനിറ്റിൽ ജോർദാൻ താരം യാസൻ അൽ അറബിന്റെ സെൽഫ് ഗോളിലൂടെ ഓസ്ട്രിയ വീണ്ടും മുന്നിലെത്തി. ഒടുക്കം ഇൻജുറി ടൈമിൽ മാർക്കോ അർനോട്ടോവിച്ച് നേടിയ പെനാൽറ്റി ഗോളിൽ ജോർദാൻ ജയം ഉറപ്പിക്കുകയായിരുന്നു.
21-ാം മിനിറ്റിൽ പെനാൽറ്റി ബോക്‌സിന് മുന്നിൽ പന്ത് ലഭിച്ച ഓസ്ട്രിയയുടെ സ്മിഡ്, മനോഹരമായ ഒരു ലോങ് റേഞ്ചർ ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. എന്നാൽ 50-ാം മിനിറ്റിൽ മധ്യവരയ്ക്ക് സമീപത്തുനിന്ന് പന്തുമായി കുതിച്ച അലി ഒൽവാൻ ഓസ്ട്രിയൻ പ്രതിരോധത്തെ കാഴ്ചക്കാരാക്കി തകർപ്പൻ ഷോട്ടിലൂടെ ജോർദാന് സമനില സമ്മാനിച്ചു. ലോകകപ്പ് ചരിത്രത്തിൽ ജോർദാന്റെ ആദ്യ ഗോൾകൂടിയായിരുന്നു ഇത് (1-1).
68-ാം മിനിറ്റിൽ മാർകോ അർനൗട്ടോവിച്ചിലൂടെ ഓസ്ട്രിയ വീണ്ടും വലകുലുക്കിയെങ്കിലും നാടകീയമായ വാർ ഇടപെടലിലൂടെ റഫറി അത് നിഷേധിച്ചു. ഗോളിന് തൊട്ടുമുൻപ് ഓസ്ട്രിയൻ താരം സ്റ്റെഫാൻ പോഷിന്റെ കൈയിൽ പന്തുതട്ടിയെന്ന് റഫറി കണ്ടെത്തുകയായിരുന്നു. എന്നാൽ 77-ാം മിനിറ്റിൽ ഓസ്ട്രിയയ്ക്ക് അനുകൂലമായി ലഭിച്ച കോർണറിൽനിന്നുവന്ന പന്ത് ക്ലിയർ ചെയ്യാനുള്ള ജോർദാൻ പ്രതിരോധ താരം യസാൻ അൽ അറബിന്റെ ശ്രമം പാളി. പന്ത് അദ്ദേഹത്തിന്റെ പുറത്തുതട്ടി സ്വന്തം വലയിലേക്ക് തന്നെ കയറിയതോടെ ഓസ്ട്രിയ വീണ്ടും മുന്നിലെത്തി (2-1).
മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ (90+9 മിനിറ്റ്) വലതുഭാഗത്തുനിന്ന് അർനൗട്ടോവിച്ച് എടുത്ത ഷോട്ട് തടയാൻ ജോർദാൻ താരം സലിം ഉബൈദ് സ്ലൈഡ് ചെയ്തപ്പോൾ പന്ത് കൈയിൽ തട്ടി. വാർ പരിശോധനയിലൂടെ റഫറി ഓസ്ട്രിയയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത മാർക്കോ അർനൗട്ടോവിച്ച് പന്ത് പോസ്റ്റിന്റെ ടോപ്പ് ലെഫ്റ്റ് കോർണറിലേക്ക് അനായാസം എത്തിച്ച് ഓസ്ട്രിയയുടെ വിജയമുറപ്പിച്ചു (3-1).
രാവിലെ നടന്ന ഏറ്റവും ആവേശകരമായ മത്സരത്തിൽ അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ച അർജന്റീന ഇതേ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. മെസ്സിയുടെ ഹാട്രിക് മികവിലാണ് അർജന്റീനയുടെ ജയം.
Published: 17 Jun 2026, 12:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented