ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് ബെംഗളൂരു എഫ്.സിയില്‍ നിന്ന് പടിയിറങ്ങിയ മലയാളി താരം ആഷിഖ് കുരുണിയനെ സ്വന്തമാക്കി എ.ടി.കെ മോഹന്‍ ബഗാന്‍. അഞ്ചുവര്‍ഷത്തെ കരാറിലാണ് മോഹന്‍ ബഗാന്‍ ആഷിഖിനെ ടീമിലെത്തിച്ചത്. 

To advertise here,

ആഷിഖിനെ കൂടാതെ ഹൈദരാബാദ് എഫ്.സിയുടെ ആശിഷ് റായിയെയും മോഹന്‍ ബഗാന്‍ സ്വന്തമാക്കിയിട്ടുണ്ട്. 25 കാരനായ ആഷിഖ് അതിവേഗ നീക്കങ്ങള്‍ നടത്തി ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മിടുക്കനാണ്. ഈയിടെ അവസാനിച്ച ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാന്‍ മലയാളി താരത്തിന് സാധിച്ചിരുന്നു. 

ആഷിഖ് ബെംഗളൂരു വിട്ടതായി ക്ലബ് ബെംഗളൂരു അധികൃതര്‍ അറിയിച്ചു. ബെംഗളൂരു എഫ്.സിയുടെ ഔദ്യോഗിക പേജിലൂടെയാണ് ആഷിഖ് ടീം വിടുകയാണെന്ന വാര്‍ത്ത പുറത്തുവന്നത്. ആഷിഖിന് ക്ലബ്ബ് എല്ലാവിധ ആശംസകളും നല്‍കി. 2019-ല്‍ പുണെ എഫ്.സിയില്‍ നിന്നാണ് ആഷിഖ് ബെംഗളൂരുവിലെത്തിയത്. ആഷിഖിനെ നല്‍കിയപ്പോള്‍ ബെംഗളൂരു മോഹന്‍ ബഗാന്റെ പ്രബീര്‍ ദാസിനെ സ്വന്തമാക്കിയിട്ടുണ്ട്.