ഡാലസ്: സംഭവബഹുലമായിരുന്നു അർജന്റീനയും ഈജിപ്തും തമ്മിലുള്ള പ്രീക്വാർട്ടർ മത്സരം. രണ്ട് ഗോളിന് 78 മിനിറ്റുവരെ പിന്നിട്ടുനിന്നശേഷം മൂന്ന് ഗോൾ തിരിച്ചടിച്ചാണ് അർജന്റീന ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാർട്ടർഫൈനലിലേക്ക് മുന്നേറുന്നത്. മത്സരത്തിൽ ഈജിപ്തിനായി അനുവദിക്കാതിരുന്ന ഗോളും അർജന്റീനക്ക് അനുവദിച്ച ഗോളും മത്സരശേഷം ഫുട്‌ബോൾ ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. റഫറിയോട് കയർക്കുന്ന ഈജിപ്ത് പരിശീലകൻ ഹൊസാം ഹസ്സനെയും മൈതാനത്ത് കണ്ടു. എന്നാൽ മത്സരശേഷവും വൻ രോഷത്തിലായിരുന്നു പരിശീലകനും സംഘവും.

To advertise here,

മത്സരം നിയന്ത്രിച്ച റഫറി ഫ്രാങ്കോയിസ് ലെറ്റെക്‌സിയറിനും ഫിഫയ്ക്കുമെതിരേ ഹൊസ്സം ഹസ്സൻ രംഗത്തുവന്നു. ഞങ്ങൾ അനീതി നേരിട്ടെന്നും വഞ്ചിക്കപ്പെട്ടെന്നുമാണ് ഹസ്സൻ മത്സരശേഷം പ്രതികരിച്ചത്. ‘‘ഞങ്ങൾ നിലവിലെ ചാമ്പ്യന്മാരേക്കാൾ നന്നായി കളിച്ചു. എല്ലാമേഖലയിലും അവരേക്കാൾ മുന്നിലായിരുന്നു. പക്ഷേ, ആന്തരികവും ബാഹ്യവുമായ ഇടപെടലുകൾ മത്സരഫലത്തെ സ്വാധീനിച്ചു’’ -ഹസ്സൻ പറഞ്ഞു. റഫറിക്കെതിരേ ഈജിപ്ത് ടീം ഫിഫയ്ക്ക് പരാതി നൽകി. മത്സരത്തിൽ റഫറിയുടെ പല തീരുമാനങ്ങളും ഈജിപ്തിനെതിരായിരുന്നുവെന്നാണ് പരാതി.

ഇപ്പോഴിതാ മത്സരശേഷമുള്ള പുതിയ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈജിപ്തിന്റെ പരിശീലക സംഘത്തിലുള്ളവർ കടുത്ത അതൃപ്തി പ്രകടിപ്പിക്കുന്നതും രോഷപ്രകടനം നടത്തുന്നതുമാണ് ദൃശ്യങ്ങളിൽ. പരിശീലകനുൾപ്പെടെ തർക്കത്തിലേർപ്പെടുന്നുണ്ട്. കടുത്ത ഭാഷയിലാണ് പ്രതികരണം. അതേസമയം ഇതിന് സമീപത്തുകൂടി അർജന്റീനയുടെ പരിശീലകൻ ലയണൽ സ്കലോണി നടന്നുപോകുന്നതും കാണാം. സ്കലോണി നടന്നുപോകുമ്പോഴും സ്റ്റാഫംഗങ്ങൾ തർക്കം തുടരുകയാണ്. നേരിട്ട് സ്കലോണിയോട് രോഷപ്രകടനം നടത്തുന്നില്ലെങ്കിലും തർക്കത്തിനിടെ സ്കലോണിയെ നോക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ സ്കലോണിയുടെ ഭാഗത്തുനിന്ന് ഒരുപ്രതികരണവുമുണ്ടാകുന്നില്ല. ഈജിപ്ത് കോച്ചിങ് സ്റ്റാഫംഗങ്ങളുടെ ഈ രോഷപ്രകടനത്തെ അവഗണിച്ചുകൊണ്ടാണ് സ്കലോണി മുന്നോട്ടുപോകുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മത്സരത്തിൽ രണ്ട് ഗോളിന് പിന്നിൽനിന്ന ശേഷം വമ്പൻ തിരിച്ചുവരവാണ് അർജന്റീന നടത്തിയത്. ഒടുവിൽ 3-2ന്റെ വിജയത്തോടെ ക്വാർട്ടറിലുമെത്തി. മത്സരം 1-0ത്തിന് ഈജിപ്ത് മുന്നിട്ടുനിൽക്കുമ്പോൾ സിക്കോയുടെ ഗോൾ വാർ പരിശോധനയ്ക്ക് ശേഷം റഫറി നിഷേധിച്ചിരുന്നു. ഫൗളിനെ തുടർന്നായിരുന്നു നടപടി. ഇത് വലിയ വിമർശനത്തിന് കാരണമായി. മാത്രമല്ല, എൻസോ ഫെർണാണ്ടസ് അർജന്റീനയുടെ വിജയഗോൾ നേടുന്നതിന് മുമ്പ് ഇതേ തരത്തിലുള്ള ഫൗൾ നടന്നിട്ടുണ്ടെന്നും എന്നാൽ റഫറി വാർ പരിശോധിക്കാനോ പെനാൽറ്റി നൽകാനോ തയ്യാറായില്ലെന്നുമാണ് ഈജിപ്ത് ആരോപിച്ചത്.