ഡാലസ്: ലോകകപ്പിൽ തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിടുന്ന അർജന്റീന പ്രീക്വാർട്ടറിൽ ഈജിപ്തിനെതിരേ ഇറങ്ങുന്നു. ചൊവ്വാഴ്ച രാത്രി 9.30-നാണ് മത്സരം. നോക്കൗട്ടിൽ കേപ് വെർദെയോട് വിറച്ചുജയിച്ച (3-2) അർജന്റീന കൂടുതൽ കരുതലോടെയാകും ഇറങ്ങുക. അധികസമയത്തേക്കു നീണ്ട മത്സരത്തിൽ കഠിനപ്രയത്‌നം നടത്തിയാണ് അർജന്റീന വിജയിച്ചത്.

To advertise here,

മെസ്സി ലോകകപ്പിലെ ഗോൾവേട്ട തുടരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 20 ഗോളുമായി ആകെ ഗോൾനേട്ടത്തിൽ മെസ്സി ഒന്നാമതാണ്. ലോകകപ്പിൽ ആദ്യ അഞ്ചുകളിയിലും ഗോൾ എന്ന നേട്ടം മെസ്സിയെ കാത്തിരിക്കുന്നു. നോക്കൗട്ടിലെ ഷൂട്ടൗട്ടിൽ ഓസ്‌ട്രേലിയയെ മറികടന്നാണ് മുഹമ്മദ് സലയുടെ ഈജിപ്ത് എത്തുന്നത്. ലോകകപ്പ് നോക്കൗട്ടിൽ അവരുടേത് ആദ്യവിജയമായിരുന്നു. വിജയിച്ചാൽ ക്വാർട്ടറിലെത്തുന്ന അഞ്ചാമത്തെ ആഫ്രിക്കൻ രാജ്യമാകും ഈജിപ്ത്. മറ്റൊരു പ്രീക്വാർട്ടറിൽ സ്വിറ്റ്‌സർലൻഡ് കൊളംബിയയെ നേരിടും. ബുധനാഴ്ച പുലർച്ചെ 1.30-നാണ് മത്സരം.

അതേസമയം ക്വാർട്ടറിൽ കരുത്തരുടെ പോരാട്ടങ്ങളുണ്ട്. മുൻ ചാമ്പ്യന്മാരായ ഫ്രാൻസ് മൊറോക്കോയുമായി ഏറ്റുമുട്ടും. കാനഡയെ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് മടക്കി മൊറോക്കോയെത്തുമ്പോൾ പാരഗ്വായ്‌യെ ഒരുഗോളിന് തോൽപ്പിച്ചാണ് ഫ്രാൻസിന്റെ വരവ്. സ്‌പെയിൻ-ബെൽജിയം, നോർവേ-ഇംഗ്ലണ്ട് മത്സരങ്ങളും ക്വാർട്ടറിൽ നടക്കും. ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ എതിരില്ലാത്ത ഒരുഗോളിന് കീഴടക്കിയാണ് സ്‌പെയിൻ ക്വാർട്ടർ ടിക്കറ്റെടുത്തത്. ബെൽജിയമാകട്ടെ യുഎസ്എയെ 4-1 ന് തകർത്താണ് വരുന്നത്. അസ്റ്റെക്കയിൽ തീപാറിയ പ്രീക്വാർട്ടർ മത്സരത്തിൽ രണ്ടിനെതിരേ മൂന്നുഗോളിന് മെക്‌സിക്കോയെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ക്വാർട്ടർ ടിക്കറ്റെടുത്തത്. അതേസമയം നോർവേയാകട്ടെ കരുത്തരായ ബ്രസീലിനെ തറപറ്റിച്ച് ക്വാർട്ടറിലേക്ക് പ്രവേശിച്ചു.