അടി...തിരിച്ചടി...അർജന്റീനക്കാരുടെ ജീവൻ തിരിച്ചുകിട്ടിയ 111-ാം മിനിറ്റ്. ആദ്യമായി ലോകകപ്പിനെത്തിയ ഒരു സംഘം ലോകഫുട്‌ബോളിൽ അടരാടിയ അർജന്റീനയെ വിറപ്പിച്ചുനിർത്തിയത് 120 മിനിറ്റ്. ആ പോരാട്ടത്തിന് സമാനതകളില്ല. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉജ്ജ്വലമായ മത്സരങ്ങളിലൊന്നിൽ ലോകചാമ്പ്യന്മാർ കടന്നുകൂടിയെന്നുമാത്രം. വീരോചിതപോരാട്ടത്തിനൊടുക്കം ലോകത്തിന്റെ കയ്യടി നേടി കേപ് വെർദെ മടങ്ങുന്നു. മെസ്സിയുടെ സ്വപ്‌നങ്ങൾക്ക് ജീവൻവെച്ചു...വിറച്ചുജയിച്ച് അർജന്റീന പ്രീ-ക്വാർട്ടറിൽ.
ലോകചാമ്പ്യന്മാരെന്ന പകിട്ടോടെ മുഴുവൻ ഗ്രൂപ്പ് മത്സരങ്ങളും ജയിച്ചെത്തിയ അർജന്റീനയെ ശക്തമായി പ്രതിരോധിക്കുന്ന കേപ് വെർദെ ടീമിനെയാണ് മത്സരത്തിന്റെ തുടക്കം മുതൽ കണ്ടത്. അർജന്റീനയ്ക്ക് മുന്നേറാൻ അവസരം നൽകാതെ കേപ് വെർദെ പ്രതിരോധം ഉറച്ചുനിന്നു. കിട്ടിയ അവസരങ്ങൾ കൗണ്ടർ അറ്റാക്കുകളുമായി കേപ് സംഘം കളം നിറയുകയും ചെയ്തു. ഏഴാം മിനിറ്റിൽ റയാൻ മെൻഡെസ് കേപ് വെർദെയ്ക്കായി ഗോൾ നേടുമെന്ന് തോന്നിച്ചു. എന്നാൽ അർജന്റീനയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് രക്ഷകനായി. 15-ാം മിനിറ്റിൽ മെസ്സിക്ക് മികച്ച അവസരം കിട്ടി. എന്നാൽ ഷോട്ട് പുറത്തേക്ക് പോയി. പിന്നാലെ ബോക്‌സിന് പുറത്തുവെച്ച് അർജന്റീനയ്ക്ക് ഫ്രീകിക്ക് ലഭിച്ചു. കിക്ക് കേപ ഗോളി വൊസീന്യ കൈപ്പിടിയിലാക്കി.
മെസ്സിയടക്കമുള്ള അർജന്റീനയുടെ മുന്നേറ്റനിരയെ കൃത്യമായി പൂട്ടുന്നതാണ് ആദ്യമിനിറ്റുകളിൽ കണ്ടത്. പ്രതിരോധനിര കൃത്യമായി നിലയുറപ്പിച്ചതടെ അത് ഭേദിക്കാനാവാതെ അർജന്റീന കുഴങ്ങി. ഓരോ താരങ്ങളെയും കൃത്യമായി മാർക്ക് ചെയ്ത് പ്രതിരോധിച്ചു. പന്ത് കൈവശം വെച്ച് കളിച്ചെങ്കിലും പ്രതിരോധം പൊളിച്ച് അകത്തുകടക്കാൻ മെസ്സിപ്പട നന്നായി ബുദ്ധിമുട്ടി. ഒടുക്കം 28-ാം മിനിറ്റിൽ ആ പ്രതിരോധം പൊളിച്ച് ലയണൽ മെസ്സി ഗോളടിച്ചു. കേപ് പ്രതിരോധനിരയ്ക്ക് മുകളിലൂടെ നൽകിയ പാസ് ഓടിയെത്തി നിയന്ത്രണത്തിലാക്കിയ മെസ്സി ഉഗ്രൻ ഷോട്ടിലൂടെ വലകുലുക്കി. കേപ് ഗോളി വൊസീന്യയുടെ തലയ്ക്ക് മുകളിലൂടെ പന്ത് വലയിലേക്കിടുകയായിരുന്നു. അതോടെ അർജന്റീന മുന്നിലെത്തി.
ഈ ലോകകപ്പിലെ മെസ്സിയുടെ ഏഴാം ഗോളായിരുന്നു അത്. അതോടെ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ മെസ്സി എംബാപ്പെയെ മറികടന്ന് മുന്നിലെത്തി. എംബാപ്പെയ്ക്ക് ആറുഗോളുകളാണുള്ളത്. മാത്രമല്ല, തുടർച്ചയായി എട്ടാം ലോകകപ്പ് മത്സരത്തിലാണ് മെസ്സി ഗോൾ നേടുന്നത്. ഈ ലോകകപ്പിൽ ഇകുവരെ കളിച്ച എല്ലാ മത്സരത്തിലും മെസ്സി വലകുലുക്കി. ലോകകപ്പിലെ ആകെ ഗോൾനേട്ടം 20 ആയി ഉയരുകയും ചെയ്തു. മെസ്സിയുടെ ഈ ഗോളാണ് ആദ്യ പകുതിയിൽ അർജന്റീനയെ മുന്നിലെത്തിച്ചത്. 45-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിന്റെ ഷോട്ട് വൊസീന്യ തട്ടിയകറ്റി.
രണ്ടാം പകുതിയിലും കേപ് വെർദെ മികച്ച നീക്കങ്ങൾ നടത്തി. വിങ്ങുകളിലൂടെയായിരുന്നു കൂടുതൽ മുന്നേറ്റവും. അർജന്റീനയാകട്ടെ പന്ത് കൈവശം വെച്ച് കളിക്കുന്നതല്ലാതെ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ബുദ്ധിമുട്ടി. ഒടുക്കം 59-ാം മിനിറ്റിൽ മെസ്സിപ്പടയെ ഞെട്ടിച്ച് കേപ് വെർദെ സമനിലപിടിച്ചു. ഡിറോയ് ഡ്വാർത്തെയാണ് ഗോളടിച്ചത്. വലതുവിങ്ങിൽ നിന്ന് റയാൻ മെൻഡെസ് നൽകിയ പാസ് ബോക്‌സിനുള്ളിൽ മാർക്ക് ചെയ്യപ്പെടാതിരുന്ന ഡെറോയ് ഉഗ്രൻ ഷോട്ടിലൂടെ വലകുലുക്കി. അതോടെ അർജന്റീന ഞെട്ടി. പിന്നീട് തിരിച്ചടിക്കാനായി അർജന്റീന മുന്നേറ്റം ശക്തമാക്കി. എന്നാൽ കേപ് വെർദെ പ്രതിരോധം ഉറച്ചുനിന്നു.
71-ാം മിനിറ്റിൽ മെസ്സിയെ ഫൗൾ ചെയ്തതിന് ബോക്സിന്റെ തൊട്ട് പുറത്ത് നിന്ന് അർജന്റീനയ്ക്ക് ഫ്രീകിക്ക് ലഭിച്ചു. മെസ്സിയുടെ ഉഗ്രൻ ഫ്രീകിക്ക് വൊസീന്യ അവിശ്വസനീയമാംവിധമാണ് തട്ടിയകറ്റിയത്. തുടരെത്തുടരെ ആക്രമണങ്ങൾ നടത്തിയെങ്കിലും കേപ് വെർദെ പ്രതിരോധത്തെ മറികടക്കാനായില്ല. ഇഞ്ചുറിടൈമിൽ ലഭിച്ച ഫ്രീകിക്കും ലക്ഷ്യത്തിലെത്താതെ പോയതിന് പിന്നാലെ ഫൈനൽ വിസിൽ മുഴങ്ങി. മത്സരം എക്സ്ട്രാടൈമിലേക്ക്.
എക്സ്ട്രാടൈമിലും അടിയും തിരിച്ചടിയുമായിരുന്നു. 92-ാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനസാണ് വലകുലുക്കിയത്. എന്നാൽ മിനിറ്റുകൾക്കകം കേപ് വെർദെ തിരിച്ചടിച്ചു. ഇടതുവിങ്ങിൽ നിന്ന് മുന്നേറിയ സിഡ്നി ലോപസ് ബോക്സിന്റെ മൂലയിൽ നിന്ന് തകർപ്പൻ ഷോട്ടിലൂടെ ഗോളടിച്ചു. എമിലിയാനോ മാർട്ടിനസിന് അത് തടയാനായില്ല. സ്റ്റേഡിയത്തിലെ കേപ് വെർദെ ആരാധകർ പൊട്ടിത്തെറിച്ചു. സ്കോർ 2-2. പിന്നീട് ശ്വാസമടക്കിപ്പിടിച്ചാണ് ആരാധകർ കളി കണ്ടത്. എക്സ്ട്രാടൈമിന്റെ ആദ്യപകുതി 2-2 ന് അവസാനിച്ചു.
രണ്ടാം പകുതിയുടെ 111-ാം മിനിറ്റിൽ അർജന്റീനക്കാർക്ക് ജീവൻ തിരിച്ചുകിട്ടി. മെസ്സിയുടെ കോർണറിൽ റൊമേറോയുടെ ഹെഡർ കേപ് വല തുളച്ചു. ഡിനെ ബോർഗസിന്റെ ദേഹത്ത് തട്ടിയതിനാൽ അത് സെൽഫ് ഗോളായി മാറി. നീലക്കുപ്പായക്കാർ ആവേശത്തിലാറാടി. സ്കോർ 3-2. പിന്നീടുള്ള 9 മിനിറ്റ് അടിമുടി ആവേശം നിറഞ്ഞതായിരുന്നു. ഇരുടീമുകളും ആക്രമണപ്രത്യാക്രമണങ്ങളുമായി കളംനിറഞ്ഞു. മെസ്സിപ്പടയെ കേപ് വെർദെ അടിമുടി വിറപ്പിച്ചു. ഒടുക്കം ഫൈനൽ വിസിൽ. അർജന്റീന വിറച്ചുജയിച്ച് പ്രീ-ക്വാർട്ടറിൽ. കേപ് വെർദെ തലയുയർത്തി മടങ്ങുന്നു.
Content Highlights: Argentina secured a hard-fought 3-2 victory over Cape Verde in extra time., Lionel Messi scored his 7th goal of the tournament, surpassing Kylian Mbappe in the Golden Boot race., The match went to extra time after a 1-1 draw in regulation, ending in a dramatic 3-2 win for Argentina., Cape Verde impressed with a resilient defensive performance and tactical counter-attacks., Argentina advances to the Pre-Quarterfinals of the 2026 World Cup.
Published: 04 Jul 2026, 07:12 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented