
രണ്ടായിരാമാണ്ടിന് മുൻപേ ഒരു ആഫ്രിക്കൻ രാജ്യം ലോകകപ്പ് നേടുമെന്ന് പ്രവചിച്ചത് ഫുട്ബോൾ ഇതിഹാസം പെലെയായിരുന്നു.
രണ്ടായിരാമാണ്ട് കഴിഞ്ഞ് കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും ആ പ്രവചനം ഫലിച്ചിട്ടില്ല. ഇതുവരെ നടന്ന 22 ലോകകപ്പുകളിലായി 14 ആഫ്രിക്കൻ ടീമുകൾ കളിച്ചെങ്കിലും മൊറോക്കോയെന്ന ഒരേയൊരു ടീം മാത്രമേ സെമിഫൈനൽ കളിച്ചിട്ടുള്ളൂ. പെലെയുടെ പ്രവചനം ഫലിക്കാൻ ആഫ്രിക്കൻവൻകര ഇനിയെത്രനാൾ കാത്തിരിക്കണം..?
ആ പ്രവചനത്തോട് ആഫ്രിക്ക അടുത്തുകൊണ്ടിരിക്കുന്നു എന്നാണ് ഈ ലോകകപ്പിന്റെ ആദ്യ റൗണ്ട് പറയുന്നത്. മത്സരിച്ച 10 ആഫ്രിക്കൻ ടീമുകളിൽ ഒമ്പതും നോക്കൗട്ട് റൗണ്ടിൽ കടന്നു. പുറത്തായത് ടുണീഷ്യ മാത്രം. ആദ്യമായി ലോകകപ്പ് കളിച്ച കേപ് വെർദേ സമനിലകളിലൂടെ നോക്കൗട്ടിൽ കടന്നതാണ് ഇതിലെ ഏറ്റവും വലിയ കൗതുകം. ദക്ഷിണാഫ്രിക്ക ചരിത്രത്തിൽ ആദ്യമായും ഒരു ലോകകപ്പ് മത്സരം ഇതാദ്യമായി ജയിച്ച കോംഗോയും അടുത്തറൗണ്ടിലേക്ക് മുന്നേറി. ഐവറി കോസ്റ്റ്, മൊറോക്കോ, സെനഗൽ, ഘാന, ഈജിപ്ത്, അൽജീരിയ എന്നിവയാണ് നോക്കൗട്ടിലേക്കെത്തിയ മറ്റ് ആഫ്രിക്കൻ ടീമുകൾ.
ഗ്രൂപ്പ് എയിൽനിന്ന് നാലുപോയിന്റോടെ രണ്ടാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. ബ്രസീൽ ഉൾപ്പെട്ട ഗ്രൂപ്പ് സിയിൽനിന്ന് ഏഴുപോയിന്റ് നേടിയാണ് മൊറോക്കോയുടെ പ്രവേശനം. ജർമനി ഉൾപ്പെടുന്ന ഗ്രൂപ്പ് ഇയിൽനിന്ന് അവർക്കൊപ്പം ആറുപോയിന്റ് നേടി രണ്ടാം സ്ഥാനക്കാരായാണ് ഐവറി കോസ്റ്റ് മുന്നേറിയത്. ഗ്രൂപ്പ് ജിയിൽ ഒന്നാം സ്ഥാനക്കാരായ ബെൽജിയത്തിനൊപ്പം അഞ്ചുപോയിന്റ് നേടിക്കൊണ്ടാണ് രണ്ടാംസ്ഥാനക്കാരായി ഈജിപ്ത് നോക്കൗട്ട് തൊട്ടത്. സ്പെയിനും യുറഗ്വായും സൗദി അറേബ്യയും ഉൾപ്പെട്ട ഗ്രൂപ്പിൽനിന്നാണ് കേപ് വെർദെ എന്ന കുഞ്ഞൻ രാജ്യം മൂന്നുപോയിന്റുമായി മുന്നേറിയത്. ഗ്രൂപ്പ് ഐയിൽ ഫ്രാൻസ്, നോർവേ ടീമുകളോടേറ്റുമുട്ടിയാണ് സെനഗൽ മൂന്ന് പോയിന്റ് മാത്രം നേടി മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടിൽ കടന്നത്.
അർജന്റീനയുൾപ്പെട്ട ഗ്രൂപ്പ് ജെയിൽനിന്ന് നാലുപോയിന്റുമായി മൂന്നാം സ്ഥാനക്കാരായാണ് അൽജീരിയ എത്തുന്നത്. പോർച്ചുഗലും കൊളംബിയയും ഉൾപ്പെട്ട ഗ്രൂപ്പ് കെയിൽനിന്ന് നാലുപോയിന്റോടെ മൂന്നാം സ്ഥാനക്കാരായാണ് കോംഗോയുടെ വരവ്.
ഇംഗ്ലണ്ടും ക്രൊയേഷ്യയും ഉൾപ്പെട്ട എൽ ഗ്രൂപ്പിൽനിന്ന് നാലുപോയിന്റുമായി മൂന്നാം സ്ഥാനക്കാരായാണ് ഘാന നോക്കൗട്ട് റൗണ്ടിലെത്തിയത്.
ഇതിനുമുമ്പ് 2014-ലും 2022-ലും രണ്ട് ടീമുകൾ വീതം നോക്കൗട്ട് ഘട്ടത്തിൽ എത്തിയതായിരുന്നു ആഫ്രിക്കയുടെ ഏറ്റവും മികച്ച റെക്കോർഡ്. ഉസ്‌ബെക്കിസ്താനെ 3-1ന് പരാജയപ്പെടുത്തിയാണ് കോംഗോ തങ്ങളുടെ ആദ്യ ലോകകപ്പ് വിജയവും നോക്കൗട്ട് പ്രവേശനവും ആഘോഷിച്ചത്. 52 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോംഗോ ലോകകപ്പിനെത്തുന്നത്. യോവൻ വിസ (രണ്ട് ഗോളുകൾ), ഫിസ്റ്റൺ മായലെ എന്നിവർ കോംഗോയ്ക്കായി ലക്ഷ്യം കണ്ടു. നോക്കൗട്ടിൽ കരുത്തരായ ഇംഗ്ലണ്ടാണ് അവരുടെ എതിരാളികൾ.
തിങ്കളാഴ്ച പുലർച്ചെ നടന്ന നോക്കൗട്ട് മത്സരത്തിൽ കാനഡയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് ദക്ഷിണാഫ്രിക്ക ലോകകപ്പിൽ നിന്ന് പുറത്തായിക്കഴിഞ്ഞു. ഇനി എട്ട് ആഫ്രിക്കൻ രാജ്യങ്ങളാണ് ലോകകപ്പിൽ ശേഷിക്കുന്നത്.
Content Highlights: 9 out of 10 African teams qualified for the World Cup knockout stage., Historic performance by Cape Verde, South Africa, and Congo., Breakdown of group stage results for African nations., Congo secured their first-ever World Cup victory after 52 years., Current status of African teams remaining in the tournament.
Published: 29 Jun 2026, 06:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented