
റാബത്ത്: ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ ഫൈനലിന് പിന്നാലെ കത്തിപ്പടർന്ന് ‘കൂടോത്ര’ വിവാദം. ഫൈനലിനിടെ സെനഗൽ ഗോൾകീപ്പർ എഡ്വാർഡ് മെൻഡിക്ക് ടൗവൽ നൽകുന്നത് മൊറോക്കൻ താരങ്ങൾ തുടർച്ചയായി തടഞ്ഞതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. താരങ്ങൾക്ക് പുറമേ ബോൾ ബോയ്സിനെ നിയോഗിച്ചും ടൗവൽ നൽകുന്നത് തടയാനാണ് മൊറോക്കൻ ടീം ശ്രമിച്ചത്. ടൗവലിൽ കൂടോത്രം ഒളിപ്പിച്ചിട്ടുണ്ടെന്ന വിശ്വസിച്ചാണ് മൊറോക്കൻ താരങ്ങൾ ഇത് കൈമാറുന്നത് തടയാനൊരുങ്ങിയത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൻ ചർച്ചയാണ്.
ആഫ്രിക്കൻ ഫുട്ബോളിൽ ഇത്തരത്തിൽ ടൗവലിൽ കൂടോത്രം ഒളിപ്പിച്ചുകൊണ്ടുവരാറുണ്ടെന്ന് വിശ്വാസം നിലനിൽക്കുന്നുണ്ട്. ഫൈനലിലും സെനഗൽ ടീം ഇത്തരത്തിൽ നീക്കം നടത്തിയതായാണ് മൊറോക്കൻ സംഘം വിശ്വസിച്ചത്. ഫൈനലിനിടെ ഗ്ലൗവിലെ നനവുതുടയ്ക്കാൻ സെനഗൽ ഗോൾകീപ്പർ മെൻഡി ഇടയ്ക്കിടെ ടൗവൽ ഉപയോഗിക്കുന്നുണ്ടായിരുന്നു. അത് കൂടോത്രം ഒളിപ്പിച്ചതാണെന്ന് മോറോക്കൻ ടീം സംശയിച്ചു. മത്സരത്തിൽ അവസരങ്ങൾ മുതലാക്കാനാവാത്തത് ഇതിനാലായിരിക്കാമെന്നാണ് മൊറോക്കൻ താരങ്ങൾ കരുതിയത്. അതോടെയാണ് എന്തുവിലകൊടുത്തും ടൗവൽ കൈമാറുന്നത് തടയാൻ അവർ ഒരുങ്ങിയത്.
ബോൾ ബോയ്സും ടൗവൽ എടുത്തുമാറ്റാൻതുടങ്ങി. ഒരുതവണ മൊറോക്കോ ക്യാപ്റ്റൻ അഷ്റഫ് ഹക്കീമിയും ടൗവൽ എടുത്ത് പുറത്തേക്കിട്ടു. ഗ്ലൗ തുടയ്ക്കാൻ ടൗവൽ കിട്ടാതിരിക്കാനാണ് ഇവർ ഈ തന്ത്രം പയറ്റിയത്. ഇതോടെ രണ്ടാം ഗോൾകീപ്പർ ദിയൂഫിനെ ടൗവലുമായി ടീം മാനേജ്മെന്റ് ഗോൾപോസ്റ്റിനടുത്തേക്ക് പറഞ്ഞുവിട്ടു. പിന്നീട് മെൻഡിക്ക് ആവശ്യംവരുമ്പോഴൊക്കെ ദിയൂഫാണ് നൽകിയത്. ഒരുതവണ ബോൾബോയ്സ് ദിയൂഫിന്റെ പക്കൽനിന്ന് ടൗവൽ തട്ടിയെടുക്കാൻ ശ്രമിക്കുന്നതും ഗോൾകീപ്പർ അത് തടയാൻശ്രമിക്കുന്നതിനിടെ മൈതാനത്ത് വീഴുന്നതുമൊക്കെ വീഡിയോയിലുണ്ട്.
ഇഞ്ചുറി ടൈമിൽ സെനഗൽ ഗോൾകീപ്പർ മെൻഡി മൊറോക്കോ പെനാൽട്ടി രക്ഷപ്പെടുത്തുകയും എക്സ്ട്രാ ടൈമിലെ ഗോളിൽ സെനഗൽ ജയിക്കുകയുംചെയ്തു. എതിർകളിക്കാരിൽനിന്നും ബോൾ ബോയ്സിൽ നിന്നും മെൻഡിയുടെ ടൗവൽ സംരക്ഷിച്ചതോടെ ദിയൂഫിന് ഹീറോ പരിവേഷം ലഭിക്കുകയും ചെയ്തു. സാമൂഹികമാധ്യമങ്ങളിലും ദിയൂഫിന്റെ ടൗവൽ സംരക്ഷണം വൈറലാണ്.
ആഭിചാരക്രിയകളുമായി ബന്ധപ്പെട്ട സംഭവങ്ങൾ ആഫ്രിക്കയിൽ ഒട്ടേറെതവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ജുജു എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത്തരം ക്രിയകൾ ചെയ്ത വസ്തുക്കളും മറ്റും കൈവശം വെച്ചാൽ ഭാഗ്യം വരുമെന്നാണ് വിശ്വാസം. ആ വിശ്വാസമാണ് മൊറോക്കൻ ടീമിനെ ടൗവൽ നൽകുന്നത് തടയാൻ പ്രേരിപ്പിച്ചത്.
Content Highlights: "Juju" Battle in the AFCON Final
Published: 21 Jan 2026, 09:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented