അബിദ്ജാന്‍ (ഐവറികോസ്റ്റ്): തുറമുഖ പട്ടണമായ അബിദ്ജാനില്‍ ചൂട് കൂടുതലാണ്. ഇടയ്ക്ക് പെയ്യുന്ന മഴയ്ക്കുപോലും ശമിപ്പിക്കാനാകാത്ത ചൂട്. ഞായറാഴ്ച ഈ ചൂട് ഇരട്ടിക്കും. ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്ബോള്‍ ഫൈനലില്‍ ആതിഥേയരായ ഐവറികോസ്റ്റും കരുത്തരായ നൈജീരിയയുമാണ് ഏറ്റുമുട്ടുന്നത്. വമ്പരുടെ പോരാട്ടം കനക്കുമെന്നുറപ്പ്. ഞായറാഴ്ച രാത്രി 1.30-ന് അബിദ്ജാനിലെ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് കളി.

To advertise here,

വമ്പോടെ 'കൊമ്പന്മാര്‍'

ആഫ്രിക്കന്‍ നേഷന്‍സില്‍ മൂന്നാം കിരീട പ്രതീക്ഷയിലാണ് ഐവറികോസ്റ്റ്. നാട്ടിലെ ഫൈനലില്‍ ആരാധകരുടെ പിന്തുണ കൂടെയുണ്ടാകുമെന്നുറപ്പുണ്ട് ഐവറികോസ്റ്റിന്. 2015-ലാണ് ഐവറികോസ്റ്റ് അവസാനമായി കിരീടം നേടിയത്. പിന്നീട് ഫൈനലില്‍ എത്തിയില്ല.

സെമിഫൈനലില്‍ കോംഗോയെ തോല്‍പ്പിച്ചാണ് ഐവറികോസ്റ്റ് ഇക്കുറി ഫൈനലില്‍ എത്തിയത്. സെബാസ്റ്റ്യന്‍ ഹാളര്‍, സൈമണ്‍ അഡിന്‍ഗ്ര, സെക്കോ ഫൊഫാന, ഫ്രാങ്ക് കെസ്സി തുടങ്ങിയ താരങ്ങളാണ് ഐവറികോസ്റ്റിന്റെ പ്രതീക്ഷ. പിന്നിട്ടവഴിയില്‍ ഗിനി ബിസാസു, എക്വറ്റോറിയല്‍ ഗിനി, സെനഗല്‍, മലി തുടങ്ങിയ ടീമുകളെയെല്ലാം തോല്‍പ്പിക്കാനായി. ഗ്രൂപ്പുഘട്ടത്തില്‍ നൈജീരിയയോട് 1-0ത്തിന് തോറ്റിരുന്നു. ഇതിന് പകരംചോദിക്കാന്‍കൂടിയാകും ഐവറികോസ്റ്റ് കലാശപ്പോരിനിറങ്ങുക.

വേട്ടയ്ക്കൊരുങ്ങി 'കഴുകന്മാര്‍'

നാപ്പോളിയുടെ വിക്ടര്‍ ഒസിംഹനെ മുന്നില്‍നിര്‍ത്തിയാണ് നൈജീരിയ കിരീടപോരാട്ടത്തിന് തയ്യാറെടുക്കുന്നത്. ഗോളടിക്കാനും ഗോളടിപ്പിക്കാനും ഒസിംഹനുള്ള കഴിവ് നൈജീരിയ ഉപയോഗപ്പെടുത്തിയാല്‍ ഷെല്‍ഫില്‍ നാലാം ആഫ്രിക്കന്‍ നേഷന്‍സ് കിരീടം ഉറപ്പാക്കാം. അഡെമോല ലൂക്മനും നൈജീരിയയുടെ പ്രതീക്ഷ ഉയര്‍ത്തുന്നു. ടൂര്‍ണമെന്റില്‍ മൂന്നുഗോളടിച്ച താരം ഗോള്‍വേട്ടക്കാരില്‍ നാലാമനാണ്. മൊസെസ് സൈമണ്‍, ഒല അയ്ന, വില്യം ട്രൂസ്റ്റ് എകോങ്, അലക്‌സ് ഇവോബി തുടങ്ങിയവരും ആഫ്രിക്കന്‍ കഴുകന്മാരെന്ന് വിളിപ്പേരുള്ള നൈജീരിയക്കുവേണ്ടി പൊരുതും. ഫൈനലിലേക്കുള്ള യാത്രയില്‍ ഐവറികോസ്റ്റ്, ഗിനി ബിസാസു, കാമറൂണ്‍, അംഗോള, ദക്ഷിണാഫ്രിക്ക എന്നിവരെ തോല്‍പ്പിച്ചു. എക്വറ്റോറിയല്‍ ഗിനിയോട് സമനില വഴങ്ങി. 2013-ല്‍ കിരീടം നേടിയ നൈജീരിയ പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഫൈനലിലെത്തുന്നത്.