അൽ റയ്യാ :മുറിവേറ്റ കൺപുരികത്തിൽ തഴുകി സാവധാനത്തിലാണ് സന്ദേശ് ജിംഗാൻ സ്റ്റേഡിയത്തിലെ മിക്സഡ് സോണിലൂടെ ടീം ബസിലേക്ക് കയറാൻ നടന്നത്. സംസാരിക്കാൻ അല്പനേരം ചോദിച്ചപ്പോൾ ക്ഷീണിച്ച മുഖഭാവത്തിൽ ഒരു ‘സോറി’യുടെ നിഴലാട്ടം. എന്നാൽ, ഇന്ത്യയിൽനിന്ന് വരുകയാണെന്ന് പറഞ്ഞപ്പോൾ ജിംഗാൻ നടത്തത്തിന് ബ്രേക്കിട്ടു. സ്വാഭാവികമായും ഏഷ്യൻകപ്പ് ഫുട്‌ബോളിൽ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടയിലേറ്റ മുറിവിനെപ്പറ്റിയാണ് ആദ്യം ചോദിക്കാൻ തോന്നിയത്. ‘‘മുറിവിന് നല്ല ആഴമുണ്ടെന്നാണ് തോന്നുന്നത്. ആശുപത്രിയിൽ പോയി തുന്നിക്കെട്ടേണ്ടി വരും.’’ ഇന്ത്യൻ പ്രതിരോധനിരതാരം ജിംഗാന്റെ വാക്കുകൾ കേട്ടപ്പോൾ മത്സരശേഷം ഓസ്ട്രേലിയൻ കോച്ച് ഗ്രഹാം ആർനോൾഡ് പറഞ്ഞതാണ് ഓർമ വന്നത്. ‘‘ഇന്ത്യ നന്നായി അധ്വാനിച്ച് കളിച്ചു. ഗോൾലൈനിൽ വരെ അവർ അവരുടെ ശരീരത്തിന്റെ നൂറ് ശതമാനം സമർപ്പിച്ചു.’’

To advertise here,

ഏഷ്യൻ കപ്പിലെ ആദ്യമത്സരം കഴിയുമ്പോൾ തുന്നിക്കെട്ടാൻ ഏതാനും ‘മുറിവു’കൾ ടീം ഇന്ത്യക്കുമുണ്ട്. മുൻ ചാമ്പ്യന്മാരും കരുത്തരുമായ എതിരാളിക്കെതിരേ ആദ്യ പകുതിയിൽ നടത്തിയ ഡിഫൻസീവ് മികവാണ് ഇന്ത്യക്ക് പ്രതീക്ഷ പകരുന്നത്. എന്നാൽ, അതിനൊപ്പം അടുത്ത റൗണ്ടിലേക്ക് മുന്നേറണമെങ്കിൽ കളി മാറണമെന്നാണ് മിക്സഡ് സോണിൽ കണ്ടുമുട്ടുമ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ ഛേത്രിയും പറഞ്ഞത്. ‘‘ഈ മത്സരത്തിന്റെ വീഡിയോ ആണ് ഇനിയുള്ള കളികളിലേക്കുള്ള ഞങ്ങളുടെ ഗെയിം പ്ലാൻ. എല്ലാവരും ഒന്നിച്ചിരുന്ന് വീഡിയോ കണ്ട് ഞങ്ങളുടെ പാളിച്ചകൾ മനസ്സിലാക്കും. ഈ ഗെയിമിന്‌ ഒരിക്കലും അവസാനമല്ല, ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു തുടക്കമാണ്.’’ ഛേത്രി പറഞ്ഞു.

ഡിഫൻസ് നിരയിലെ അധ്വാനത്തെപ്പറ്റിയാണ് മുറിവിന്റെ വേദനയ്ക്കിടയിലും ജിംഗാനും സംസാരിച്ചത്. ‘‘ലോകകപ്പിൽ കളിച്ച, ഫിഫ റാങ്കിങ്ങിൽ ടോപ് 30-ലുള്ള ഒരു ടീമിനെതിരേയാണ് ഞങ്ങൾ കളിച്ചത്. അവരെ ഗോളടിപ്പിക്കാതെ തടയുകയെന്നതായിരുന്നു ഞങ്ങളുടെ ആദ്യ ഗെയിം പ്ലാൻ. അത് ഫലപ്രദമായി ചെയ്യാൻ കഴിഞ്ഞത് ആത്മവിശ്വാസമേറ്റുന്നുണ്ട്. ടൂർണമെന്റിന്റെ രണ്ടാംറൗണ്ടിൽ കടക്കുകയെന്ന ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് ഇനിയും വാതിലുകൾ തുറന്നുകിടക്കുന്നുണ്ട്.’’-മിക്സഡ് സോണിന്റെ വാതിൽ തുറന്ന് ബസിലേക്ക് കയറും മുമ്പ് ജിംഗാൻ പറഞ്ഞു.

സമനില നേടാനായാൽ വൻ നേട്ടം, ചെറിയ തോൽവിയിലൊതുങ്ങിയാൽ നേട്ടം എന്ന ഗെയിം പ്ലാനിൽ കളിച്ച ഒരു ടീമിന് രണ്ട് ഗോളിന്റെ തോൽവി അത്ര പോറലേൽപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ ഉസ്ബക്കിസ്താനും സിറിയക്കുമെതിരായ അടുത്ത കളികളിൽ ടീം ഇന്ത്യയുടെ യഥാർഥ ഗെയിം പ്ലാൻ പ്രാവർത്തികമാകുമെന്നുതന്നെയാണ് ആരാധകരുടെ പ്രതീക്ഷ.