കോഴിക്കോട്: ഇറ്റലിക്കാരനായ യുവകോച്ച് വിന്‍സെന്റൊ ആല്‍ബര്‍ട്ടൊ അന്നീസെയുടെ തന്ത്രങ്ങളാണ് ഗോകുലം കേരളാ എഫ്.സിക്ക് ഇത്തവണ കന്നി ഐ ലീഗ് കിരീടം ഒരുക്കിയത്. ആദ്യമായാണ് കേരള ടീം ദേശീയ ലീഗില്‍ കിരീടം ചൂടുന്നത്. ടീമിന്റെ പ്രകടനത്തെക്കുറിച്ചും ഇന്ത്യന്‍ ഫുട്‌ബോളിനെക്കുറിച്ചും കൊല്‍ക്കത്തയില്‍ നടന്ന ഐ ലീഗ് മത്സരങ്ങള്‍ക്കുശേഷം കോഴിക്കോട്ടെത്തിയ അന്നീസെ സംസാരിക്കുന്നു
കോവിഡ് പശ്ചാത്തലത്തില്‍ ടീമിന് പരിശീലനത്തിനും മത്സര പരിചയത്തിനും അധികം സമയവും അവസരവും ലഭിച്ചിരുന്നില്ല. എന്നിട്ടും കിരീടം ഉയര്‍ത്താനായി. എന്താണ് ഗോകുലത്തിന് കിരീടം കിട്ടിയതിന്റെ രഹസ്യം
കഠിനാധ്വാനവും കളിക്കാരുടെ ഒത്തൊരുമയുമാണ് വിജയം കൊണ്ടുവന്നത്. കോഴിക്കോട്ടെ ക്യാമ്പ് കളിക്കാരെ ഒരു കുടുംബംപോലെ ഒരുമിപ്പിച്ചിരുന്നു. ശരിയായ താരങ്ങള്‍, ശരിയായ കളി, ശരിയായ പരിശീലനം ഇവ ഒത്തുചേര്‍ന്നപ്പോള്‍ ഗോകുലം ആരെയും തോല്‍പ്പിക്കുന്ന ടീമായി. എല്ലാ പൊസിഷനിലും മികച്ച കളിക്കാരെ അണിനിരത്താനായി. എതിരാളികളുടെ കളിക്കനുസരിച്ച് തന്ത്രങ്ങള്‍ മെനഞ്ഞു. മൊത്തം 33 ഗോളുകള്‍ നേടാനായതുതന്നെ ടീമിന്റെ മികവ് കാണിക്കുന്നു
ഏഷ്യന്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പിലേക്ക് ടീം യോഗ്യത നേടിക്കഴിഞ്ഞു. എങ്ങനെയായിരിക്കും തയ്യാറെടുപ്പ്
ഏഷ്യയില്‍ മികവ് തെളിയിക്കാനുള്ള അവസരമാണ് ടീമിന് ലഭിച്ചിരിക്കുന്നത്. അതിനായി നന്നായി തയ്യാറെടുപ്പ് നടത്തും. വിദേശത്ത് പരിശീലനം നടത്താന്‍ ആലോചനയുണ്ട്. വിദേശത്ത് ടൂര്‍ണമെന്റുകള്‍ കളിക്കാനും പദ്ധതിയുണ്ട്.
ഇന്ത്യയില്‍ ഐ ലീഗിനേക്കാള്‍ ഐ.എസ്.എലിനാണ് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നത്. ഒറ്റ ഐ ലീഗ് താരം പോലും ദേശീയ ടീമിലേക്ക് പരിഗണിക്കപ്പെട്ടില്ല. എങ്ങനെ കാണുന്നു
വലിയ അനീതിയാണ് ഐ ലീഗ് താരങ്ങളോട് കാണിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ കഴിവുള്ള താരങ്ങള്‍ ഐ ലീഗിലുണ്ട്. ഗോകുലത്തിന്റെ എമില്‍ ബെന്നി ദേശീയ ടീമില്‍ കളിക്കേണ്ട താരമാണ്. ചര്‍ച്ചില്‍ ബ്രദേഴ്സിന്റെ ബ്രൈസി മിറാന്‍ഡ, ഐ ലീഗിലെ ടോപ് സ്‌കോറര്‍ ട്രാവു സ്ട്രൈക്കര്‍ ബിദ്യാസാഗര്‍ സിങ് തുടങ്ങിയവരും ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ യോഗ്യതയുള്ളവരാണ്.
യു.എ.ഇക്കെതിരായ സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. ഫുട്ബോളില്‍ ഇന്ത്യയുടെ നിലവാരം താഴുകയാണോ
ഇന്ത്യയുടെ തോല്‍വിയില്‍ വലിയ വേദന തോന്നി. കോച്ച് ഇഗോര്‍ സ്റ്റിമാച്ചിന്റെ തെറ്റായ തന്ത്രങ്ങളാണ് വന്‍തോല്‍വിക്കിടയാക്കിയത്. സ്റ്റീഫന്‍ കോണ്‍സ്‌റ്റൈന്റെ കീഴില്‍ നല്ല പ്രകടനങ്ങള്‍ ഇന്ത്യ നടത്തിയിട്ടുണ്ട്.
Content Highlights: There are people in the I-League who are qualified to play in the national team Vincenzo Alberto Annese
Published: 31 Mar 2021, 11:06 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented