രാജ്യങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നതയും ശത്രുതയും വളരുമ്പോള്‍ അതിര്‍ത്തികള്‍ ഭേദിച്ച് ആക്രമണം നടത്താറുണ്ട്. പലപ്പോഴും സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങള്‍ക്കൊപ്പം ജനവാസമേഖലകളും ആക്രമിക്കപ്പെടുന്നു. സമാധാനപ്രേമികളും യുദ്ധവിരോധികളുമായ, നിസ്സഹായരായ, സാധാരണ മനുഷ്യര്‍ അതിക്രൂരമായി കൊല്ലപ്പെടാറുണ്ട്. ലോകത്തിന്‍റെ പല ഭാഗത്തും ഇതുപോലെ അധികാരത്തില്‍ നിന്നും കാതങ്ങള്‍ അകലെ നില്‍ക്കുന്ന സാധു മനുഷ്യര്‍ ആധിപത്യത്തിനു വേണ്ടി നടത്തുന്ന യുദ്ധത്തില്‍ കാരുണ്യരഹിതമായി തുടച്ചുനീക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.

To advertise here,

ഒക്ടോബര്‍ 17 വെള്ളിയാഴ്ച വൈകുന്നേരം, വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ, അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയില്‍ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട എട്ടു പേരില്‍ അഫ്ഗാനിസ്ഥാന്‍ ദേശീയ ക്രിക്കറ്റ് ടീമിലെ അംഗങ്ങളായ മൂന്നു പേര്‍ കൂടി ഉള്‍പ്പെട്ടിരുന്നു. പാകിസ്താനും ശ്രീലങ്കയ്ക്കുമെതിരെ അടുത്ത മാസം പാകിസ്താനിൽ നടക്കാനിരിക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്‍റിനുള്ള ടീമില്‍ ഉള്‍പ്പെട്ടിരുന്ന കബീര്‍, സിബ്ഗത്തുള്ള, ഹാരൂണ്‍ എന്നീ മൂന്നു യുവതാരങ്ങളാണ് ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. ഒരു സൗഹൃദമത്സരം കഴിഞ്ഞ് മടങ്ങിയെത്തിയ ടീം അംഗങ്ങള്‍ ഒരു കൂട്ടായ്മയില്‍ പങ്കെടുക്കുന്നതിനിടയിലാണ് ആക്രമണമുണ്ടാവുന്നത്. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (എസിബി) ദുരന്തം സ്ഥിരീകരിക്കുകയും ത്രിരാഷ്ട്ര ടൂര്‍ണമെന്‍റില്‍ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിക്കുകയും ചെയ്തു.

പാക്‌ ഭരണകൂടത്തിനെതിരെ ശക്തമായ ഭാഷയിലാണ് എസിബി പ്രതികരിച്ചത്. ഭീരുത്വം നിറഞ്ഞ ആക്രമണമാണ് ഇതെന്ന് എസിബി എക്‌സില്‍ കുറിച്ചു. അഫ്ഗാന്‍ ക്രിക്കറ്റിനെ മുന്നോട്ടു നയിക്കേണ്ട ചെറുപ്പക്കാരായ മൂന്നു പേരാണ് അധികാരസ്ഥാപനത്തിനു വേണ്ടിയുള്ള ആക്രമണത്തില്‍ നിഷ്കരുണം കൊല്ലപ്പെട്ടതെന്ന് റാഷിദ് ഖാനും മുഹമ്മദ് നബിയും അടക്കമുള്ള താരങ്ങള്‍ അഭിപ്രായപ്പെട്ടു. രാജ്യങ്ങള്‍ തമ്മില്‍ അതിര്‍ത്തി കടന്നുള്ള ആക്രമണം നടക്കുമ്പോഴും കായികതാരങ്ങളെ സൗഹൃദത്തിന്‍റെ അംബാസഡര്‍മാരായിട്ടാണ് കണക്കാക്കിയിരുന്നത്. എങ്കില്‍ പോലും, ചരിത്രത്തിന്‍റെ ഇരുളടഞ്ഞ ചില അധ്യായങ്ങളില്‍, അന്ധമായ പകയുടെ നിഴല്‍ കായികരംഗത്ത് വീണതിന്‍റെ ചില ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും.

മ്യൂണിക് ദുരന്തം (1972)

കായികതാരങ്ങള്‍ക്കു നേരെ നടന്ന ഏറ്റവും നിഷ്ഠൂരമായ ആക്രമണം നടന്നത് 1972ല്‍ ജര്‍മനിയിലെ മ്യൂണിക്കില്‍ നടന്ന ഒളിമ്പിക്സുമായി ബന്ധപ്പെട്ടാണ്. 1972 സെപ്റ്റംബര്‍ അഞ്ചിന് പലസ്തീന്‍ തീവ്രവാദി സംഘടനയായ ബ്ലാക്ക് സെപ്റ്റംബര്‍ ഗ്രൂപ്പിലെ എട്ടു പേര്‍ ഒളിമ്പിക് വില്ലേജില്‍ നുഴഞ്ഞുകയറുകയും ഇസ്രയേല്‍ ടീമിലെ രണ്ട് കായിക താരങ്ങളെ വധിക്കുകയും മറ്റ് ഒമ്പത് കായിക താരങ്ങളെ ബന്ദികളാക്കുകയും ചെയ്തു. തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാന്‍ ജര്‍മന്‍ പോലീസ് ശ്രമിക്കുന്നതിനിടെ തീവ്രവാദികളില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടെങ്കിലും കീഴടങ്ങുന്നതിനു മുന്‍പ് ബന്ദികളാക്കപ്പെട്ട ഒമ്പത് കായികതാരങ്ങളെയും ഇവര്‍ കൊലപ്പെടുത്തിയിരുന്നു. ഒരു ജര്‍മന്‍ പോലീസുകാരനും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പലസ്തീന്‍ വിമോചനപ്രസ്ഥാനത്തിന് ലോകശ്രദ്ധ നേടിക്കൊടുക്കുക എന്നതായിരുന്നു തീവ്രവാദികളുടെ ലക്ഷ്യമെങ്കിലും, അവരുടെ ഭീകരപ്രവര്‍ത്തനത്തിനെതിരെ ലോകവ്യാപകമായ പ്രതിഷേധമാണുണ്ടായത്.

മ്യൂണിക് ദുരന്തത്തെത്തുടര്‍ന്നാണ് കായിക മത്സരങ്ങള്‍ നടക്കുന്ന വേദികളില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്ന പതിവുണ്ടായത്.

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനു നേരെ വെടിവയ്പ് (2009)

2009 മാര്‍ച്ച് മൂന്നിന് പാകിസ്താൻ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ സഞ്ചരിച്ചിരുന്ന ബസിനു നേരെ ലഹോറില്‍ ഗദ്ദാഫി സ്റ്റേഡിയത്തിനടുത്തു വച്ച് കനത്ത വെടിവയ്പുണ്ടായി. ലഷ്കറെ ജാംഗ് വി എന്ന ഭീകരസംഘടനയിലെ അംഗങ്ങളാണ് ആക്രമണം നടത്തിയതെന്ന് കരുതപ്പെടുന്നു. ആക്രമണത്തില്‍ ആറ് പാകിസ്താൻ സുരക്ഷാ സൈനികരും നാട്ടുകാരായ രണ്ടു പേരും കൊല്ലപ്പെട്ടു. ശ്രീലങ്കന്‍ ടീമിലെ ആറ് പേര്‍ക്ക് നിസ്സാരമായ പരിക്കേറ്റു. പരമ്പരയിലെ രണ്ടാം ടെസ്റ്റിന്‍റെ മൂന്നാം ദിവസത്തെ കളിക്കായി താരങ്ങള്‍ സ്റ്റേഡിയത്തിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം. ചീറിപ്പായുന്ന വെടിയുണ്ടകള്‍ക്കിടയിലൂടെ ധീരമായി ബസോടിച്ച് താരങ്ങളെ സ്റ്റേഡിയത്തിനകത്തെ സുരക്ഷാ വലയത്തിലേക്കെത്തിച്ച ബസ് ഡ്രൈവര്‍ മെഹര്‍ മുഹമ്മദ് ഖലീലിന്‍റെ വിപദി ധൈര്യത്തെ അന്ന് എല്ലാവരും വാനോളം വാഴ്ത്തിയിരുന്നു. തങ്ങളുടെ ജീവിതത്തിന് ഖലീലിനോട് എന്നെന്നും കടപ്പെട്ടിരിക്കുന്നു എന്നാണ് മുത്തയ്യാ മുരളീധരനും മഹേല ജയവര്‍ധനയും അന്നു പറഞ്ഞത്.

സംഭവത്തെത്തുടര്‍ന്ന് പര്യടനം റദ്ദാക്കുകയും ശ്രീലങ്കന്‍ താരങ്ങള്‍ ഉടനടി ലങ്കയിലേക്ക് തിരിച്ചു പറക്കുകയും ചെയ്തു.

ടോഗോ ദേശീയ ടീമിനു നേരെയുള്ള ആക്രമണം 2010

അംഗോളയിലെ കാബിന്‍ഡയില്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയ ടോഗോ ദേശീയ ടീമിനു നേരെ വിഘടനവാദികളായ ഫ്രണ്ട് ഫോര്‍ ദ് ലിബറേഷന്‍ ഓഫ് ദി എന്‍ക്ലേവ് ഓഫ് കാബിന്‍ഡ (എഫ്എല്‍ഇസി) വെടിയുതിര്‍ത്തത് 2010 ജനുവരി എട്ടിനായിരുന്നു. അന്ന് മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടി കളിക്കുകയായിരുന്ന സൂപ്പര്‍ താരം ഇമ്മാനുവല്‍ അഡബേയര്‍ ആയിരുന്നു ടോഗോ ടീമിന്‍റെ ക്യാപ്റ്റന്‍. ആക്രമണത്തില്‍ ടീമിന്‍റെ അസിസ്റ്റന്‍റ് കോച്ചും മാധ്യമ വിഭാഗം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനും ബസ് ഡ്രൈവറും കൊല്ലപ്പെട്ടു.

ഇറാഖ് ഒളിമ്പിക് കമ്മിറ്റി തലവനെ തട്ടിക്കൊണ്ടുപോകുന്നു (2006)

2006 ജൂലായ് 15ന് ബാഗ്ദാദിൽ, പോലീസ് യൂണിഫോമിലെത്തിയ സായുധധാരികൾ ഒരു കായിക സമ്മേളനത്തിൽ വച്ച് ഇറാഖി ഒളിമ്പിക് കമ്മിറ്റിയുടെ തലവൻ മഹ്മൂദ് സെയ്ദ് അഹമ്മദ് അൽ-ഹിജിയയെയും മറ്റ് നിരവധി ഉദ്യോഗസ്ഥരെയും കായികതാരങ്ങളെയും തട്ടിക്കൊണ്ടുപോയി. ഇറാഖിൽ നടന്നുവന്നിരുന്ന വിഭാഗീയ അതിക്രമങ്ങളുടെയും ആക്രമണങ്ങളുടെയും വിശാലമായ കാലഘട്ടത്തിൻ്റെ ഭാഗമായിരുന്നു ഇത്. തുടരന്വേഷണങ്ങളില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ചില ഉദ്യോഗസ്ഥരെ പിന്നീട് വിട്ടയച്ചെങ്കിലും അഹമ്മദ് അല്‍ ഹിജിയയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല.

ബോസ്റ്റണ്‍ മാരത്തണ്‍ ബോംബ് സ്ഫോടനം (2013)

അമേരിക്ക ഇറാഖിലും അഫ്ഗാനിസ്ഥാനിലും നടത്തിയ സൈനിക ഇടപെടലുകള്‍ക്കെതിരെയുള്ള സ്വതന്ത്രമായ പ്രതിഷേധമെന്ന നിലയിലാണ് കിര്‍ഗിസ്ഥാന്‍ സ്വദേശിയായ ജോക്കര്‍ സാര്‍നയേവും സഹോദരന്‍ ടാമേര്‍ലാനും 117-ാമത് ബോസ്റ്റണ്‍ മാരത്തണ്‍ നടക്കുന്നതിനിടെ ബോംബ് സ്ഫോടനം നടത്തിയത്. ഫിനിഷിങ് ലൈനിനടുത്ത് സ്ഥാപിച്ച രണ്ടു ബോംബുകള്‍ പൊട്ടി മൂന്ന് കാണികള്‍ മരിക്കുകയുണ്ടായി. മാരത്തണില്‍ പങ്കെടുത്തവര്‍ അടക്കം അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റു. ടാമേര്‍ലാന്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ജോക്കര്‍ സാര്‍നയേവ് ഇപ്പോള്‍ കൊളറോഡോയിലെ ജയിലിലാണ്. ഈ സംഭവത്തെ ആസ്പദമാക്കി മാര്‍ക്ക് വാല്‍ബര്‍ഗ് നായകനായി പേട്രിയട്സ് ഡേ എന്ന ഒരു ഹോളിവുഡ് ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്.

സ്റ്റേഡ് ഡി ഫ്രാന്‍സിലെ ആക്രമണം (2015)

2015 നവംബര്‍ 13ന് രാത്രിയും 14ന് പുലര്‍ച്ചെയുമായി നടത്തിയ തുടര്‍ച്ചയായ മുസ്ലിം ഭീകരവാദികളുടെ ആക്രമണത്തില്‍ വിവിധ സംഭവങ്ങളിലായി നൂറ്റിയമ്പതോളം ആളുകളാണ് കൊല്ലപ്പെട്ടത്. അന്ന് പാരിസിനടുത്ത് സാങ് ദെനിയിലെ സ്റ്റേഡ് ഡി ഫ്രാന്‍സ് സ്റ്റേഡിയത്തില്‍ ജര്‍മനിയും ഫ്രാന്‍സുമായി രാജ്യാന്തര മല്‍സരം നടക്കുകയായിരുന്നു. സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഒരു ഭീകരവാദിയെ ബോംബ് കണ്ടെത്തിയതിനെത്തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. തുടര്‍ന്ന് മൂന്നു പേരടങ്ങുന്ന സംഘം ബോംബ് സ്ഫോടനം നടത്തുകയായിരുന്നു. പുറത്ത് സ്ഫോടനം നടന്നെങ്കിലും സ്റ്റേഡിയത്തിനകത്ത് കളി പൂര്‍ത്തിയാക്കിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ഭീകരവാദികള്‍ അന്ന് സ്റ്റേഡിയത്തിനകത്ത് കടന്നിരുന്നെങ്കില്‍ അതൊരു വലിയ ദുരന്തമായി മാറുമായിരുന്നു. എണ്‍പതിനായിരത്തോളം കാണികള്‍ അന്ന് കളി കാണാന്‍ അവിടെ എത്തിയിരുന്നു. ഭീകരസംഘടനയായ ഐസിസ് ആണ് ആക്രമണത്തിനു പിന്നിലെന്ന്  തെളിഞ്ഞിരുന്നു.

സെൻ്റെനിയൽ ഒളിമ്പിക് പാർക്ക് ബോംബാക്രമണം, അറ്റ്ലാൻ്റ (1996) 

ജോർജിയയിലെ അറ്റ്ലാൻ്റയിൽ നടന്ന വേനൽക്കാല ഒളിമ്പിക്സിനിടെ, പൊതുജനങ്ങൾ ഒരുമിച്ചുകൂടുന്ന സെൻ്റെനിയൽ ഒളിമ്പിക് പാർക്കിൽ ഒരു പൈപ്പ് ബോംബ് പൊട്ടിത്തെറിച്ചു. ഈ ബോംബാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമേരിക്കൻ ആഭ്യന്തര ഭീകരനും ഭരണകൂട വിരുദ്ധനും ഗർഭച്ഛിദ്രവിരുദ്ധനുമായ എറിക് റുഡോൾഫ് ആയിരുന്നു ഈ ആക്രമണം നടത്തിയത്.

സെര്‍ബിയ-അല്‍ബേനിയ ഡ്രോണ്‍ സംഭവം (2014) 

2014 ഒക്ടോബര്‍ 14ന് ബെൽഗ്രേഡിൽ നടന്ന സെർബിയയും അൽബേനിയയും തമ്മിലുള്ള യുവേഫ കപ്പ് യോഗ്യതാ മത്സരത്തിനിടെ ഒരു അൽബേനിയൻ ആരാധകൻ പതാക ഘടിപ്പിച്ച ഡ്രോൺ സ്റ്റേഡിയത്തിന് മുകളിലൂടെ പറത്തി. അത് കയ്യില്‍ കിട്ടിയ ഒരു സെർബിയൻ കളിക്കാരൻ വലിച്ചുകീറിയതോടെ കളിക്കാർ തമ്മിൽ കയ്യാങ്കളിയുണ്ടാവുകയായിരുന്നു. തുടര്‍ന്ന് അൽബേനിയൻ കളിക്കാരെ ആക്രമിക്കാൻ സെർബിയൻ ആരാധകർ മൈതാനത്തേക്ക് ഇരച്ചു കയറുകയും ചെയ്തു. ഈ സംഭവം ഇരു രാജ്യങ്ങൾക്കുമിടയിലെ രാഷ്ട്രീയ സംഘര്‍ഷം കുത്തനെ വർദ്ധിപ്പിച്ചു.

രാജ്യങ്ങള്‍ തമ്മില്‍ സംഭവിക്കുന്ന അഭിപ്രായ വ്യത്യാസങ്ങളെയും ശത്രുതകളെയും തുടര്‍ന്നുണ്ടാവുന്ന ആക്രമണങ്ങളില്‍ പൊതുവെ സാധാരണ ജനങ്ങളെയും യുദ്ധവുമായി നേരിട്ടു ബന്ധമില്ലാത്ത ജനവാസ കേന്ദ്രങ്ങളെയും ഒഴിവാക്കാറുണ്ട്. എങ്കിലും സാമാന്യജനങ്ങളും മറ്റും ആക്രമിക്കപ്പെടുന്നത് ഇപ്പോള്‍ അപൂര്‍വമല്ലാതായിട്ടുണ്ട്. കായികതാരങ്ങളെയും ചലച്ചിത്ര താരങ്ങളെയുമെല്ലാം ലക്ഷ്യമിടുന്നത് പലപ്പോഴും ഭീകരവാദികള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ക്ക് കൂടുതല്‍ ജനശ്രദ്ധ ലഭിക്കുന്നതിനു വേണ്ടിയാണ്. അഫ്ഗാനിസ്ഥാനില്‍ നടന്ന ആക്രമണം പക്ഷേ, ക്രിക്കറ്റ് താരങ്ങളെ ലക്ഷ്യമിട്ട് നടത്തിയതാവാനിടയില്ലെന്നാണ് പറയപ്പെടുന്നത്. എന്തു തന്നെയായാലും, ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഇതോടെ കൂടുതല്‍ വഷളായിരിക്കുകയാണ്.