
Catches win matches ക്രിക്കറ്റില്‍ പതിറ്റാണ്ടുകളുടെ പഴക്കമുള്ള പ്രയോഗങ്ങളില്‍ ഒന്നാണിത്. മത്സരങ്ങളില്‍ ഫീല്‍ഡര്‍മാര്‍ ക്യാച്ചുകള്‍ കൈവിടുമ്പോള്‍ കമന്റേറ്റര്‍മാര്‍ അടക്കം പലരും പറയുന്ന വാചകം. കൈവിട്ട
ക്യാച്ച് മത്സരം നഷ്ടമാക്കുന്നതിന് എത്ര തവണ നമ്മള്‍ സാക്ഷികളായിരിക്കുന്നു. ഇത്തരത്തില്‍ നഷ്ടപ്പെടുത്തിയ ക്യാച്ചുകളുടെ ചരിത്രം ചികയുമ്പോള്‍ മനസിലേക്കെത്തുന്നത് 1999-ലെ ഇംഗ്ലണ്ട് ലോകകപ്പും ദക്ഷിണാഫ്രിക്കയുടെ നിര്‍ഭാഗ്യവുമാണ്.
പ്രതിഭാധനരായ ഒട്ടേറെ കളിക്കാര്‍, പക്ഷേ ഭാഗ്യമില്ലാത്ത ടീം. ഒരു പക്ഷേ ക്രിക്കറ്റ് ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കയെ ഇങ്ങനെ ആരെങ്കിലും വിശേഷിപ്പിച്ചാല്‍ അവരെ കുറ്റം പറയാനൊക്കുമോ? ലോകകപ്പുകളുടെ ചരിത്രത്തില്‍ തന്നെ ഇത്രയേറെ നിര്‍ഭാഗ്യം പിന്തുടര്‍ന്ന മറ്റൊരു ടീം ഉണ്ടാകുമോ. 1992-ലെ ലോകകപ്പില്‍ മഴ വില്ലനായപ്പോള്‍ ഒരു പന്തില്‍ നിന്ന് 22 റണ്‍സെന്ന ക്രൂരമായ വിധിയാണ് ഡക്ക്വര്‍ത്ത് ലൂയിസ് നിയമത്തിലൂടെ അവരെ കാത്തിരുന്നത്. 2003-ലും മഴ പ്രോട്ടീസിന്റെ കണ്ണീരിന് കാരണക്കാരനായി. എന്നാല്‍ അവരുടെ നിര്‍ഭാഗ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പ്രസിദ്ധം 1999 ലോകകപ്പ് സെമിയാണ്.
ഓസ്‌ട്രേലിയക്കെതിരേ ജയിക്കാമായിരുന്ന മത്സരം നിര്‍ഭാഗ്യം കൊണ്ട് കൈവിട്ടുപോകുന്നത് കണ്ടുനില്‍ക്കാനേ പ്രോട്ടീസിനായുള്ളൂ. 1999 ലോകകപ്പ് സെമിയില്‍ അവസാന വിക്കറ്റ് കൈയില്‍ നില്‍ക്കെ വിജയത്തിലേക്ക് ലാന്‍സ് ക്ലൂസ്‌നര്‍ അടിച്ച പന്ത് കാണാതിരുന്ന അലന്‍ ഡൊണാള്‍ഡ്, ഒരു പക്ഷേ അന്ന് നഷ്ടപ്പെടുത്തിയത് ലോകകപ്പ് തന്നെയായിരുന്നിരിക്കണം. ഡൊണാള്‍ഡ് റണ്ണൗട്ടാകുന്നത് ഒന്ന് നോക്കാന്‍പോലും നില്‍ക്കാതെ പവലിയനിലേക്ക് നടന്ന ക്ലൂസ്‌നര്‍ എന്ന ഒറ്റയാള്‍ പോരാളി അന്ന് ക്രിക്കറ്റ് ലോകത്തെ ഒന്നാകെയാണ് കണ്ണീരിലാഴ്ത്തിയത്.
എന്നാല്‍ അന്നായിരുന്നില്ല ദക്ഷിണാഫ്രിക്ക യഥാര്‍ഥത്തില്‍ തോറ്റത്. ആ മത്സരത്തിന് നാലു ദിവസങ്ങള്‍ക്ക് മുമ്പ് സൂപ്പര്‍ സിക്‌സ് മത്സരത്തില്‍ ഓസീസിനോടേറ്റ തോല്‍വിയാണ് ദക്ഷിണാഫ്രിക്കയുടെ വിധി നിര്‍ണയിച്ചത്. സൂപ്പര്‍ സിക്‌സ് മത്സരത്തില്‍ നേടിയ ആ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് സെമി ടൈ ആയിട്ടും ഓസീസ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.
അന്ന് സ്റ്റീവ് വോ എന്ന ഓസീസ് നാവികന്റെ ക്യാച്ച് അമിതാവേശത്തില്‍ നിലത്തിട്ട ഹെര്‍ഷല്‍ ഗിബ്‌സെന്ന 25-കാരന്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഹീറോയില്‍ നിന്ന് വില്ലന്റെ മേലങ്കിയണിഞ്ഞു. 23 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ജൂണ്‍ 13-ന് ലീഡ്സില്‍ നടന്ന മത്സരത്തിലായിരുന്നു ഗിബ്സിന്റെ 'ക്യാച്ചല്ലാതെ മാറിയ ആ ക്യാച്ചി'ന്റെ പിറവി.
സെമിയിലെത്താന്‍ ഓസീസിന് ദക്ഷിണാഫ്രിക്കയ്ക്കെതിരേ വിജയം അനിവാര്യമായിരുന്നു. ടോസ് നേടിയ ഹാന്‍സി ക്രോണ്യ ബാറ്റിങ് തിരഞ്ഞെടുത്തു. മഗ്രാത്തിനും ഫ്‌ളെമിങ്ങിനും വോണിനും മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്‌നിര പതറിയപ്പോള്‍ പിടിച്ചുനിന്നത് ഗിബ്‌സായിരുന്നു. 134 പന്തുകളില്‍ നിന്ന് 101 റണ്‍സെടുത്ത ഗിബ്‌സിന്റെ മികവില്‍ അവര്‍ 271 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 12 ഓവറുകള്‍ പിന്നിടുമ്പോള്‍ മൂന്നു വിക്കറ്റിന് 48 റണ്‍സെന്ന നിലയില്‍ പ്രതിസന്ധിയിലായിരുന്നു. പക്ഷേ റിക്കി പോണ്ടിങ്ങിനെ കൂട്ടുപിടിച്ച ക്യാപ്റ്റന്‍ വോ ഓസീസിനെ മുന്നോട്ടു നയിച്ചു. ബൗണ്ടറികളിലൂടെ വോ ആവശ്യമായ റണ്‍റേറ്റ് കുറച്ചുകൊണ്ടിരുന്നു. തങ്ങള്‍ക്കും വിജയത്തിനുമിടയ്ക്ക് വിലങ്ങുതടിയായിരിക്കുന്നത് വോ ആണെന്ന് മനസിലാക്കിയ പ്രോട്ടീസ് എങ്ങനെയും അദ്ദേഹത്തെ പുറത്താക്കാനുള്ള ശ്രമത്തിലായിരുന്നു.
അതിനിടയിലാണ് ക്രിക്കറ്റ് ലോകം ഇന്നും മറക്കാത്ത ആ ക്യാച്ചല്ലാത്ത ക്യാച്ചിന്റെ പിറവി. ക്ലൂസ്‌നര്‍ എറിഞ്ഞ 31-ാം ഓവറിന്റെ അവസാന പന്തില്‍ വോയുടെ ടൈമിങ് പിഴയ്ക്കുന്നു. ഫ്‌ളിക്ക് ചെയ്ത പന്ത് മിഡ് വിക്കറ്റ് ഏരിയയിലേക്ക്. ജോണ്‍ഡി റോഡ്‌സിനു ശേഷം ദക്ഷിണാഫ്രിക്ക കണ്ട എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ ഗിബ്‌സായിരുന്നു ആ ഭാഗത്തുണ്ടായിരുന്നത്.
ഗിബ്‌സിനു നേരെ പന്ത് പോകുന്നതു കണ്ട ദക്ഷിണാഫ്രിക്കന്‍ ടീമും ആരാധകരും ആഘോഷം തുടങ്ങിയിരുന്നു. കാരണം മികച്ച ഫീല്‍ഡറായ അദ്ദേഹത്തിന്റെ കൈകളെ അവര്‍ക്ക് അത്ര വിശ്വാസമായിരുന്നു. അതേ ആവേശവും വിശ്വാസവും ഗിബ്‌സിനുമുണ്ടായിരുന്നു. എന്നാല്‍ അതല്‍പ്പം കടന്നുപോയി. പന്ത് കൈപ്പിടിയിലായ ഉടന്‍ ഗിബ്‌സ് ആ പന്ത് വായുവിലേക്ക് എറിയാന്‍ ശ്രമിച്ചു. അവിടെയായിരുന്നു സെക്കന്‍ഡില്‍ ഒരംശത്തിന്റെ വില ഗിബ്‌സും ദക്ഷിണാഫ്രിക്കന്‍ ടീമും അറിഞ്ഞത്. 1984 ലോസാഞ്ചലസ് ഒളിമ്പിക്‌സില്‍ മലയാളി താരം പി.ടി ഉഷയ്ക്ക് മെഡല്‍ നഷ്ടമായ അതേ സെക്കന്‍ഡിന്റെ ഒരംശം. പന്ത് ഗിബ്‌സിന്റെ കൈയില്‍ നിന്ന് വഴുതി നിലത്തുവീണു. തിരിഞ്ഞു നടക്കാനൊരുങ്ങിയ വോ പോലും ഞെട്ടി. ക്രോണ്യെ അടക്കം ടീം അംഗങ്ങള്‍ അമ്പയറോട് വിക്കറ്റിനായി വാദിച്ചു നോക്കിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. ആ ക്യാച്ച് ഒരിക്കലും നഷ്ടമാകില്ലെന്ന അമിത ആത്മവിശ്വാസം ഗിബ്‌സിന്റെ ശരീരഭാഷയിലുണ്ടായിരുന്നു. പന്ത് കൈക്കലാക്കിയ ശേഷം അതില്‍ ശ്രദ്ധകൊടുക്കാതെ ഗിബ്‌സ് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്കാണ് നോക്കാന്‍ ശ്രമിച്ചത്. ഫലമോ പന്ത് കൈയില്‍ നിന്നും പോയി.
ആകെ പതറിപ്പോയ ആ 25-കാരന്‍ കൂളിങ് ഗ്ലാസ് കൊണ്ട് ജാള്യത മറച്ചുപിടിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 'നിങ്ങള്‍ നിലത്തിട്ടത് ലോകകപ്പാണ്', ആ ക്യാച്ച് നഷ്ടമായ ശേഷം വോ, ഗിബ്‌സിന്റെ അടുത്ത് വന്ന് പറഞ്ഞുവെന്ന് ക്രിക്കറ്റ് ലോകം പാടിനടന്ന കാര്യം. പില്‍ക്കാലത്ത് വോ തന്നെ അക്കാര്യം നിഷേധിച്ചിട്ടും ഇന്നും ആളുകള്‍ അത് വിശ്വസിക്കുന്നു. എങ്കിലും അന്ന് ആ ക്യാച്ച് നഷ്ടമായ ശേഷം വോ എന്തോ കാര്യം ഗിബ്‌സിനോട് പറയുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.
ഗിബ്‌സ് ജീവന്‍ തിരിച്ചുനല്‍കുമ്പോള്‍ വോ അര്‍ധ സെഞ്ചുറി പിന്നിട്ടതേ ഉണ്ടായിരുന്നുള്ളൂ. ഒടുവില്‍ 110 പന്തുകളില്‍ നിന്ന് 120 റണ്‍സെടുത്ത് ഓസീസിനെ വിജയത്തിലെത്തിച്ച ശേഷമാണ് വോ ഡ്രസ്സിങ് റൂമിലേക്ക് തിരികെ കയറിയത്. ഗിബ്‌സ് ആ ക്യാച്ച് നഷ്ടമാക്കുന്ന സമയത്ത് ജയിക്കാന്‍ 114 പന്തില്‍ നിന്ന് 120 റണ്‍സ് വേണമെന്ന അവസ്ഥയിലായിരുന്നു ഓസീസ് എന്നറിയുമ്പോഴാണ് ആ ക്യാച്ച് എത്ര വിലപ്പെട്ടതായിരുന്നുവെന്ന് മനസിലാകുന്നത്.
Content Highlights: On This Day in 1999 Herschelle Gibbs Dropped Steve Waugh s famous Catch
Published: 13 Jun 2022, 03:50 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented