ബുഡാപെസ്റ്റില്‍ എത്തുംവരെ മെഡല്‍നേട്ടം മാത്രമല്ല, മറ്റൊരു ചോദ്യം കൂടിയുണ്ടായിരുന്നു നീരജ് ചോപ്രയെന്ന ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയിയുടെ മുന്നില്‍. തൊണ്ണൂറ് മീറ്ററെന്ന സ്വപ്നദൂരം. കൃത്യം പതിനാല് മാസം മുന്‍പ് സ്റ്റോക്ക്‌ഹോമില്‍ 0.06 മീറ്ററെന്ന ചാണകലത്തില്‍ വഴുതിപ്പോയതായിരുന്നു ഈ സ്വപ്നം. ഇക്കുറിയും പൊന്നണിഞ്ഞ് ചരിത്രം കുറിച്ച കൈയില്‍ നിന്ന് ആ മാന്ത്രികദൂരം മാത്രം ഒരിക്കല്‍ക്കൂടി വഴുതി. എന്നാല്‍, അധികമാരും ചോദിക്കാത്ത മറ്റൊരു ചോദ്യത്തിന് ബുഡെപെസ്റ്റില്‍ അര്‍ഥശങ്കയ്ക്കിടയില്ലാതെ നീരജ് മറുപടി പറഞ്ഞു. ഇന്ത്യ ജന്മം നല്‍കിയ ഏറ്റവും മികച്ച അത്ലറ്റ് താനാണെന്ന് തങ്കലിപികളിലെഴുതാന്‍ ലോക അത്ലറ്റിക്‌സ് ഫൈനലില്‍ രണ്ടാമത്തെ ഏറിലെ 88.17 മീറ്റര്‍ തന്നെ ധാരാളമായിരുന്നു നീരജിന്.

To advertise here,

ഒളിമ്പിക്‌സ് അത്ലറ്റിക്‌സില്‍ സ്വര്‍ണം നേടിയ മറ്റൊരു ഇന്ത്യക്കാരനുണ്ടായിട്ടില്ല. ഒളിമ്പിക്‌സിലും ലോക അത്ലറ്റിക്‌സിലും ഏഷ്യന്‍ ഗെയിംസിലും ഡയമണ്ട് ലീഗിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയ മറ്റൊരു ഇന്ത്യന്‍ താരമില്ല ചരിത്രത്തില്‍. ലോക അത്ലറ്റിക്‌സില്‍ തുടര്‍ച്ചയായ രണ്ടു തവണ മെഡല്‍ നേടിയ ഇന്ത്യക്കാരുമില്ല. അത്ലറ്റിക് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നേടിയ ഒരു ഇന്ത്യന്‍ താരവുമില്ല. ഇതിഹാസമെന്ന് മറ്റാരെ വിളിക്കണം ഇനി ഇന്ത്യക്കാര്‍. ദിവസങ്ങള്‍ മാത്രം അകലെ ഏഷ്യന്‍ ഗെയിംസുണ്ട്. മാസങ്ങള്‍ക്കപ്പുറത്ത് ഒളിമ്പിക്‌സുമുണ്ട്.

ഇതിഹാസപദവി അരക്കിട്ടുുറപ്പിക്കാന്‍ നീരജിന്റെ മുന്നില്‍ കാലം ഇനിയും ബാക്കിയാണ്. നീരജ് ഇന്ത്യന്‍ കായികരംഗത്തെ ഏറ്റവും വലിയ ഇതിഹാസമാവുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. 1983-ലെ ഇന്ത്യയുടെ ക്രിക്കറ്റ് ലോകകപ്പ് വിജയത്തിന് തുല്ല്യമോ അതിലും വിലപിടിച്ചതോ ആണ് നീരജിന്റെ ഒളിമ്പിക് സ്വര്‍ണനേട്ടം. നാല് പതിറ്റാണ്ട് മുന്‍പ് ലോര്‍ഡ്‌സില്‍ കപിലും ചെകുത്താന്മാരും തൊടുത്തുവിട്ട കാറ്റാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗധേയം തിരുത്തിയെഴുതിയതെങ്കില്‍ അത്ലറ്റിക്‌സില്‍ ഏതാണ്ട് അതേമട്ടിലുള്ള ഒരു മഹാവിപ്ലവത്തിനാണ് നീരജും ടോക്യോയില്‍ തിരികൊളുത്തിയത്.

ലോകകായികരംഗം അപ്രാപ്യമല്ലെന്ന ചെറുതല്ലാത്ത ആത്മധൈര്യമാണ് ഒളിമ്പിക്‌സിലെ 87.58 മീറ്ററെന്ന ആ ഒരൊറ്റ പ്രകടനം രാജ്യത്തിന് പകര്‍ന്നുനല്‍കിയത്. മില്‍ഖയുടെയും ഉഷയുടെയും നഷ്ടങ്ങളെ നേട്ടങ്ങളായി കൊണ്ടുനടന്ന ആ പഴയ ഇന്ത്യ ഇന്നില്ല. മെഡലുകള്‍ തൂക്കിവിറ്റ് പട്ടിണി മാറ്റുന്ന അത്ലറ്റുകളും ഇന്ന് പഴങ്കഥയാണ്. അത്ലറ്റിക്‌സും പ്രത്യേകിച്ച് ജാവലിന്‍ ത്രോ ഇന്ന് മറ്റേതൊരു ഗ്ലാമര്‍ മത്സരയിനവും പോലെ തന്നെ ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞു. ഇന്ത്യയുടെ ക്രിക്കറ്റ് ഫൈനല്‍ പോലെ തന്നെ ലക്ഷങ്ങള്‍ ജാവലിന്‍ ഫൈനലിനുവേണ്ടി കണ്ണുനട്ട് കാത്തിരിക്കാന്‍ തുടങ്ങി. സച്ചിന്റെയും കോലിയുടെയും ബാറ്റിങ് റെക്കോഡുകള്‍ പോലെ തന്നെ നീരജിന്റെയും കൂട്ടരുടെയും ദൂരങ്ങളും ശരാശരി കായികപ്രേമികള്‍ ഹൃദിസ്ഥമാക്കിത്തുടങ്ങി.

വലിയൊരു പൈതൃകത്തിന് കൂടിയാണ്, ഇന്ത്യക്കാര്‍ കണ്ടുശീലിച്ച അഹങ്കാരവും താരജാഡയും തൊട്ടുതീണ്ടാത്ത നീരജ് നാന്ദി കുറിച്ചത്. ഇന്ന് ഒരു നീരജല്ല, ഭാവിയില്‍ നീരജിനെ തന്നെ വെല്ലാന്‍ പോന്ന അരഡസനോളം താരങ്ങള്‍ ദേശീയതലത്തില്‍ തന്നെ ഉയര്‍ന്നുവന്നുകഴിഞ്ഞു.