ലോകകപ്പ് കളിച്ചവരല്ല, ലഖ്‌നൗക്കാരന്‍ മഹേന്ദ്രകുമാര്‍ ശര്‍മയും മുംബൈക്കാരി അലൂ ഭാംജിയും. വനിതാ ക്രിക്കറ്റിന്റെ പിന്നിട്ട വഴിത്താരയിലൊന്നും ഉറക്കെ പറഞ്ഞുകേള്‍ക്കാത്ത, വടിവൊത്ത അക്ഷരങ്ങളില്‍ എഴുതപ്പെടാതെപോയ രണ്ടു പേരുകള്‍. ചരിത്രത്തില്‍ ഇടം കൊടുക്കാന്‍ മറന്നുപോയവരെങ്കിലും ഇന്ന് ഇവരെ കൂടി സ്മരിക്കാതെ പൂര്‍ണമാവില്ല, ഇന്ത്യയുടെ വനിതാ ലോകകപ്പ് വിജയത്തിന്റെ ആഹ്ളാദാഘോഷം. സംശയമില്ല. അത്രമേല്‍ കടപ്പാടുണ്ട് ഇല്ലായ്മയില്‍ നിന്ന്, അവഗണനയില്‍ നിന്ന് വിശ്വവിജയം വരെയുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്, മണ്‍മറഞ്ഞുപോയ ഈ രണ്ട് പേരോടും.

To advertise here,

ക്രിക്കറ്റ്താരമോ വലിയ ക്രിക്കറ്റ് സംഘാടകനോ ആയിരുന്നില്ല മഹേന്ദ്രകുമാര്‍ ശര്‍മ. ഹാന്‍ഡ്‌ബോളിലും സോഫ്റ്റ്ബോളിലമായിരുന്നു സജീവം. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കുംവേണ്ടി ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചു കാലം കഴിക്കുന്നതിനിടയില്‍ തീര്‍ത്തും അപ്രതീക്ഷിതമായാണ് ക്രിക്കറ്റ് ആ തിരക്കുപിടിച്ച ജീവിതത്തിലേയ്ക്ക് പടികയറിവരുന്നത്. അതൊരു ചരിത്രനിയോഗമായിരുന്നു. ശര്‍മയ്ക്കും ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനും. ഇന്ത്യയുടെ പ്രഥമ ലോകകപ്പ് ലബ്ധിയില്‍ എത്തിനില്‍ക്കുന്ന സംഭവബഹുലമായൊരു കാലത്തിന്റെ വിധിനിയോഗം. ചാമ്പ്യന്‍പട്ടവും പണവും പ്രതാപവുമൊന്നുമില്ലാത്ത, അവഗണനയുടെയും ഇല്ലായ്മകളുടെയും വറുതിക്കാലത്ത് വനിതാ ക്രിക്കറ്റിനെ കൈപിടിച്ചു നടത്തിച്ചത്, അതിനൊരു ഘടനയും നാലാളറിയുന്ന മേല്‍വിലാസവുമുണ്ടാക്കിക്കൊടുത്തത് ഉത്തര്‍പ്രദേശുകാരനായ ഈ പഴയ സോഫ്റ്റ്‌ബോള്‍ താരമാണ്. ബിസിസിഐ എന്ന പണച്ചാക്കിന്റെ പിന്തുണ ലവലേശമില്ലാതെ വനിതാ ക്രിക്കറ്റിനെ ശര്‍മ കൊണ്ടുനടന്നത് 32 കൊല്ലമാണ്. പണത്തിന് പഞ്ഞമുള്ള അക്കാലത്ത് കളിക്കാര്‍ക്ക് മത്സരപരിചയത്തിനുവേണ്ടി ഒരു ലോകകപ്പ് ഇന്ത്യയില്‍ കൊണ്ടുവന്ന് നടത്തുകപോലും ചെയ്തു. അതും പുരുഷന്മാരുടെ ടീം ലോകചാമ്പ്യന്മാരാകുന്നതിന് അഞ്ച് കൊല്ലം മുന്‍പ്. ഇന്ത്യ പുരുഷന്മാരുടെ ലോകകപ്പിന് ആതിഥ്യമരുളുന്നതിന് ഏതാണ്ട് ഒരു പതിറ്റാണ്ട് മുന്‍പ്.

1973ല്‍ ശര്‍മ ഹൈദരാബാദില്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടി സംഘടിപ്പിച്ച ഒരു സോഫ്റ്റ്‌ബോള്‍ ടൂര്‍ണമെന്റായിരുന്നു എല്ലാറ്റിനും നാന്ദി. ടൂര്‍ണമെന്റിന് വന്ന പെണ്‍കുട്ടികള്‍ റെയില്‍വെ പ്ലാറ്റ്ഫോമില്‍ നേരംകൊല്ലാന്‍ സോഫ്റ്റ്ബോള്‍ റാക്കറ്റ് ബാറ്റാക്കി ക്രിക്കറ്റ് കളിക്കുന്നത് കണ്ട ശര്‍മയുടെ മനസ്സിൽ ഒരാശത്തിന്റെ വിത്തുവീണ് മുളച്ചു. ഇംഗ്ലീഷുകാരി റേച്ചല്‍ ഹേഹോ ഫ്ളിന്റിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടില്‍ വനിതാ ക്രിക്കറ്റ് ചുവടുറപ്പിച്ചുതുടങ്ങിയ കാലമായിരുന്നു അത്. അതേപാതയില്‍ ശര്‍മയും പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടങ്ങാനുള്ള പരിശ്രമം ആരംഭിച്ചു. അപ്രതീക്ഷിതമായി വലിയ പങ്കാളിത്തമായിരുന്നു അന്നാ ടൂര്‍ണമെന്റില്‍. അതിന്റെ ആവേശം തലയ്ക്കുപിടിച്ചതോടെ ടൂര്‍ണമെന്റ് മറ്റിടങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിക്കാനായി ശ്രമം. അങ്ങനെയാണ് പെണ്‍കുട്ടികളുടെ കളിക്കുവേണ്ടി മാത്രമായി ഒരു സംഘടന വേണമെന്ന ചിന്ത മനസ്സില്‍ നാമ്പിട്ടത്. ഇതിനുവേണ്ടി ശര്‍മ ലഖ്‌നൗവില്‍ ഒരു യോഗം വിളിച്ചുചേര്‍ത്തു. അങ്ങനെ 1973ലെ ആ യോഗത്തില്‍ വച്ച് രാജ്യത്തെ ആദ്യത്തെ വനിതാ ക്രിക്കറ്റ് സംഘടനയായ വിമന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (WCAI) പിറന്നു. ഒപ്പം ഒരു ചരിത്രവും. സൊസൈറ്റീസ് ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്തുകൊണ്ടായിരുന്നു തുടക്കം. ശര്‍മയായിരുന്നു സെക്രട്ടറി. പ്രഥമ പ്രസിഡന്റ് ബീഗം ഹമീദ ഹബീബുള്ള തോളോട് തോള്‍ ചേര്‍ന്ന് പിന്തുണ നല്‍കുകയും ചെയ്തു. ഇരുവരും ചേര്‍ന്ന് ആ വര്‍ഷം തന്നെ അസോസിയേഷന്റെ ലേബലില്‍ ആദ്യത്തെ അന്തര്‍സംസ്ഥാന വനിതാ ടൂര്‍ണമെന്റും സംഘടിപ്പിച്ച് ഒരു വലിയ കാലത്തിന് തുടക്കം കുറിച്ചു.

പ്രഥമ ടൂര്‍ണമെന്റില്‍ മൂന്ന് ടീമുകളുടെ ശുഷ്‌കമായ സാന്നിധ്യമാണുണ്ടായത്. പുരുഷന്മാരുടെ കളി തന്നെ പിച്ചവെക്കുന്ന കാലം. നഗരങ്ങളിലെ ജെന്റില്‍മാന്‍സ് ഗെയിം ഗല്ലികളിലേയ്ക്ക് ഇറങ്ങിത്തുടങ്ങിയിട്ടില്ല. ജനഹൃദയങ്ങളിലേയ്ക്കും. റിക്ഷയില്‍ മൈക്കും സ്പീക്കറും കെട്ടി രാപകല്‍ നാടൊട്ടുക്കലഞ്ഞ് വിളംബരം ചെയ്തായിരുന്നു ശര്‍മ അന്ന് കളിക്ക് ആളെക്കൂട്ടിയത്. എന്നിട്ടും ലഖ്നൗ ക്യൂന്‍സ് ആംഗ്ലോ സാന്‍സ്‌ക്രിറ്റ് കോളേജ് ഗ്രൗണ്ടില്‍ പെണ്ണുങ്ങള്‍ ക്രിക്കറ്റ് കളിക്കുന്ന അപൂര്‍വ കാഴ്ച കാണാനെത്തിയത് കഷ്ടിച്ച് ഇരുന്നൂറ് പേര്‍. പണത്തിനുമുണ്ടായിരുന്നു വലിയ പഞ്ഞം. ലഖ്നൗവിലെങ്ങും നടന്ന് ശര്‍മ പിരിവെടുത്തു. സ്പോണ്‍സര്‍മാരെ തേടി വാതിലായ വാതിലിലൊക്കെ മുട്ടി. വിനോദ് ഖന്നയെ പോലുള്ള ബോളിവുഡ്താരങ്ങളെ ക്ഷണിച്ച് കൊണ്ട് വന്ന് പ്രദര്‍ശനമത്സരങ്ങള്‍ സംഘടിപ്പിച്ചു. എന്നിട്ടും പണം തികയാതെ വരുമ്പോള്‍ കണക്കുനോക്കാതെ സ്വന്തം കൈയില്‍ നിന്നെടുത്തും കളി നടത്തി. പെണ്‍മക്കളെ കളിക്കാന്‍ വിടാന്‍ ഒരുക്കമല്ലാതിരുന്നവരെ വീട്ടില്‍ പോയി കണ്ട് മനസ് മാറ്റിച്ചു.

ആ ശ്രമങ്ങള്‍ എന്തായാലും പാഴായില്ല. അടുത്ത വര്‍ഷം മുതല്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം കൂടിവന്നു. ഇതിന്റെ ചുവടുപിടിച്ച് കൂടുതല്‍ സ്ത്രീകള്‍ കളിയിലേയ്ക്ക് വന്നു. കൊല്‍ക്കത്തയും പുണെയും ന്യൂഡല്‍ഹിയും പോലുള്ള സ്ഥലങ്ങളില്‍ കളി കാണാന്‍, കണക്കുകൂട്ടല്‍ തെറ്റിച്ച്, കൂടുതല്‍ ആളുകളെത്തി. ഇത് വൈകാതെ ഇന്ത്യയ്ക്ക് ഒരു വനിതാ ടീമിനെ ഒരുക്കിയെടുക്കാനുള്ള അടിവളമായി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ നായകനായ ലാല അമര്‍നാഥിനെ പോലൊരു ലെജന്‍ഡിനെ തന്നെ പരിശീലകനായി കൊണ്ടുവരികയും ചെയ്തു. 1974ല്‍ പട്യാലയിലായിരുന്നു ആദ്യത്തെ ക്യാമ്പ്. മൂന്ന് വ്യത്യസ്ത ക്യാപ്റ്റന്മാരെ ചുമതലപ്പെടുത്തി കാലത്തിന് മുന്നേ സഞ്ചരിച്ചുകൊണ്ടായിരുന്നു ലാലയുടെ പരിശീലന പരീക്ഷണം. കളിയുടെ ബാലപാഠങ്ങള്‍ മാത്രം സ്വായത്തമാക്കിയവര്‍ക്ക് മുന്നില്‍ പ്രൊഫഷണല്‍ ക്രിക്കറ്റിന്റെ അപാരസുന്ദരമായ മറ്റൊരു ലോകം തുറന്നിടുകയായിരുന്നു ഇന്ത്യയ്ക്കുവേണ്ടി ആദ്യ ടെസ്റ്റ് സെഞ്ചുറി നേടി ചരിത്രം കുറിച്ച ലാല അമര്‍നാഥ് എന്ന ലെജന്‍ഡ്. ഈ ക്യാമ്പിന്റെ സൃഷ്ടികളായിരുന്നു ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ അഗ്രഗാമികളായ ആദ്യത്തെ നായിക ശാന്ത രംഗസ്വാമിയും ഡയാന എഡല്‍ജിയും ശുഭാംഗി കുല്‍ക്കര്‍ണിയും സുധ ഷായും ഉജ്വല നിഗമും ശ്രീരൂപ ബോസുമെല്ലാം.

ഇല്ലായ്മകളിലും പോരായ്മകളിലും മുടന്തുന്ന 1976ല്‍ തന്നെ ആദ്യത്തെ അന്താരാഷ്ട്ര പരമ്പരയും കളിച്ചു ടീം. അക്കാലത്തെ കരുത്തരായ വെസ്റ്റിന്‍ഡീസായിരുന്നു എതിരാളി. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം ആദ്യ ടെസ്റ്റിനുള്ള വേദിയൊരുക്കി. 1-1 എന്ന നിലയിലായിരുന്നു ആറ് ടെസ്റ്റുകളിലുള്ള പരമ്പരയുടെ പരിസമാപ്തി. സ്‌കേര്‍ട്ടിട്ട് കളിക്കുന്ന പെണ്ണുങ്ങളുടെ കളി കാണാന്‍ ഇരുപത്തിയയ്യായിരത്തോളം പേര്‍ വന്ന പട്‌ന ടെസ്റ്റിലായിരുന്നു ഇന്ത്യയുടെ ചരിത്രംകുറിച്ച ജയം. അന്ന് ടീമംഗങ്ങളെ ഒന്നടങ്കം ആദ്യമായി വിമാനത്തില്‍ കയറ്റി ഡല്‍ഹിയില്‍ കൊണ്ടുപോയി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി അവിസ്മരണീയമായൊരു കൂടിക്കാഴ്ചക്ക് വഴിയൊരുക്കുകയും ചെയ്തു ശര്‍മ.

കൈയില്‍ കാശൊന്നുമില്ലെങ്കിലും അതേ വര്‍ഷം ഡിസംബറില്‍ ഓസ്‌ട്രേലിയയിലും അടുത്ത വര്‍ഷം ജനുവരിയില്‍ ന്യൂസീലന്‍ഡിലും ഓരോ പര്യടനങ്ങളും തരപ്പെടുത്തി ശര്‍മ. 1978ല്‍ ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ചങ്കൂറ്റവും കാട്ടി. അതും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കടുത്ത നിസ്സഹകരണമുണ്ടായിട്ടും. ഓര്‍ക്കണം, പിന്നെയും ഒന്‍പത് കൊല്ലം കഴിഞ്ഞാണ് ഇന്ത്യ പുരുഷന്മാരുടെ ലോകകപ്പിന് വേദിയാക്കാൻ, അപ്പൊഴേക്കും ഖജനാവ് നിറഞ്ഞുതുടങ്ങിയ ബിസിസിഐക്ക് കഴിഞ്ഞത്. ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ അക്ഷരാര്‍ഥത്തില്‍ പാടുപെട്ടു ശര്‍മ. മത്സരങ്ങള്‍ സമയത്ത് നടത്തുന്നതില്‍ പോലും വലിയ വീഴ്ചയുണ്ടായി. ടീമുകളോട് നേരത്തെ വരാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ക്കുവേണ്ടി ഒരൊറ്റ സന്നാഹമത്സരം പോലും ഒരുക്കാന്‍ കഴിയാതിരുന്നത് വലിയ പരാതിക്ക് വഴിവെച്ചു. എന്നാല്‍, വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ മത്സരങ്ങള്‍ക്കായി. നാല്‍പതിനായിരത്തില്‍പ്പരം വരുന്ന കാണികള്‍ക്ക് മുന്‍പില്‍ കളിക്കാനായത് അവിസ്മരണീയമായ അനുഭവമായിരുന്നുവെന്നാണ് ഇംഗ്ലീഷ് താരം മേഗന്‍ ലിയര്‍ അന്ന് പറഞ്ഞത്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെ ഫൈനല്‍ കാണാന്‍ എണ്‍പതിനായിരത്തോളം പേര്‍ വന്നുവെന്നാണ് കണക്ക്.

ശര്‍മ വലിയ റിസ്‌ക്കെടുത്ത് സംഘടിപ്പിച്ച ടൂര്‍ണമെന്റ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരമായി. എന്നാല്‍, കളിച്ച കളി മൂന്നും തോറ്റ് ഗ്രൂപ്പ് റൗണ്ടില്‍ തന്നെ തോറ്റു മടങ്ങാനായിരുന്നു ഡയാന എഡല്‍ജി നയിച്ച ആതിഥേയരുടെ വിധി. ഇംഗ്ലണ്ടിനെതിരെ 63 ഉം ഓസ്ട്രേലിയക്കെതിരെ 79 ഉം റണ്‍സ് മാത്രം നേടിയത് വലിയ നാണക്കേടുമായി. എങ്കിലും ശൈശവാവസ്ഥയിലുള്ള ടീമിന് ശക്തര്‍ക്കെതിരായ മത്സരങ്ങള്‍ വലിയ അനുഭവപാഠമായി. അന്നാണ് ആദ്യമായി ഇറക്കംകുറഞ്ഞ സ്‌കേര്‍ട്ടില്‍ നിന്ന് കളിക്കാര്‍ക്ക് മോചനമായതും. ടീമംഗങ്ങള്‍ സ്വന്തം കൈയില്‍ നിന്ന് കാശെടുത്താണ് കൊല്‍ക്കത്തയിലും പട്നയിലുമൊക്കെ പോയി കളിച്ചത് എന്നത് വേറെ കാര്യം. ചെലവായ കാശ് കിട്ടിയില്ലെങ്കില്‍ ഓസ്ട്രേലിയക്കെതിരേ കളിക്കില്ലെന്ന് ഭീഷണി മുഴക്കേണ്ടിപോലും വന്നു അന്ന് ടീമിന്. ഒടുവില്‍ ബിഹാര്‍ കാബിനറ്റ് സെക്രട്ടറി നേരിട്ടെത്തി നടത്തിയ അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്നാണ് കളിക്കാര്‍ അയഞ്ഞത്. അന്നത്തെ ഗേറ്റ് കളക്ഷനില്‍ നിന്നുള്ള പണം കളിക്കാര്‍ക്ക് കൊടുക്കാം എന്നായിരുന്നു ധാരണ. ഒടുവില്‍ കളി തുടങ്ങാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ മാത്രമാണ് കാശെണ്ണി കണക്കുതീര്‍ത്ത് പ്രശ്നം പരിഹരിച്ചത്. നാല്‍പത്തിയേഴ് കൊല്ലത്തിനിപ്പുറം ഇന്നൊരു ലോകകപ്പ് കൈയിലേന്തി, തൊണ്ണൂറ് കോടി രൂപ പ്രൈസ് മണി കീശയിലാക്കി തിരിഞ്ഞുനോക്കുമ്പോള്‍ തെല്ല് വിസ്മയാവഹമായി തോന്നിയേക്കാം പിന്നിട്ട വഴികളും അതില്‍ താണ്ടിയ യാതനകളും.

ജോലിയില്‍ നിന്ന് ലീവെടുത്തും, ക്ലാസുകള്‍ ഒഴിവാക്കിയുമൊക്കെയാണ് താരങ്ങള്‍ അന്നൊക്കെ കളിക്ക് സമയം കണ്ടെത്തിയത്. അക്കാലത്ത് ഇന്ത്യയുടെ രഹസ്യായുധമായിരുന്ന ലെഗ് സ്പിന്നര്‍ ശുഭാംഗി കുല്‍ക്കര്‍ണിയെ പരീക്ഷ കാരണം വീട്ടുകാര്‍ ഡല്‍ഹിയിലെയും കൊല്‍ക്കത്തയിലെയും രണ്ട് ടെസ്റ്റുകള്‍ക്ക് വിട്ടിരുന്നുമില്ല. യാത്രയ്ക്കും താമസത്തിനുമൊന്നും കാശില്ലാത്ത ദുരിതകാലം കൂടിയായിരുന്നു അത്. മുറിവാടക നല്‍കാന്‍ കാശില്ലാതെ ന്യൂസീലന്‍ഡിലെ ഇന്ത്യക്കാരുടെ വീട്ടിലായിരുന്നു കളിക്കാരുടെ താമസം. എന്നിട്ടും അന്നത്തെ നായിക ശാന്ത രംഗസ്വാമി ന്യൂസീലന്‍ഡിലെ ഡുനഡിനില്‍ സെഞ്ചുറി നേടി.

അക്കാലത്തെല്ലാം ശര്‍മയുടെ ലഖ്‌നൗവായിരുന്നു അസോസിയേഷന്റെ ആസ്ഥാനം. ദേശീയ ടീമിന്റെ സെലക്ഷന്‍ നടക്കാറുണ്ടായിരുന്നതും ലഖ്‌നൗവില്‍ തന്നെ. വൈകാതെ 1978ല്‍ അസോസിയേഷന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (IWCC) അംഗീകാരം ലഭിച്ചു. എങ്കിലും ഒട്ടും എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. വിദേശ പര്യടനങ്ങളോ വിദേശ ടീമുകള്‍ക്കെതിരെയുള്ള കളികളോ ഇല്ലെങ്കില്‍ ടീം ഒരടി വളരില്ലെന്ന ഉത്തമ ബോധ്യമുണ്ടായിരുന്നു ശര്‍മയ്ക്ക്. എന്നാല്‍, അതത്ര അനായാസമായിരുന്നില്ല. 1977നും 84നുമിടയിലും 86നും 91നുമിടയിലും കാര്യമായ മത്സരങ്ങളൊന്നും കളിക്കാന്‍ കഴിഞ്ഞില്ല ടീമിന്. 1988ല്‍ ഓസ്ട്രേലിയയില്‍ നടന്ന ലോകകപ്പിനുവേണ്ടി എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു ടീം. എന്നാല്‍, സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ട് പതിനൊന്നാം മണിക്കൂറില്‍ കായികമന്ത്രാലയം യാത്രാനുമതി നിഷേധിച്ചു. ഇക്കാര്യം ടീമംഗങ്ങളെ അറിയിക്കാനുള്ള സൗമനസ്യം കാണിച്ചതുമില്ല. ഒടുവില്‍ അവസാന നിമിഷം അന്നത്തെ ക്യാപ്റ്റന്‍ ശാന്ത രംഗസ്വാമിക്ക് പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ നേരിട്ട് പോയിക്കണ്ട് സഹായം അഭ്യര്‍ഥിക്കേണ്ടിവന്നു. രാജീവ് അനുമതി നല്‍കിയെങ്കിലും വൈകിക്കിട്ടിയ അപേക്ഷ ആതിഥേയരായ ഓസ്ട്രേലിയ തള്ളിക്കളഞ്ഞു. ഇന്ത്യയ്ക്ക് അവസരം നഷ്ടമാവുകയും ചെയ്തു.

1978 ഓടെ ശര്‍മ ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് പടിയിറങ്ങിക്കഴിഞ്ഞിരുന്നു. 2006ല്‍ അസോസിയേഷനെ ശരദ് പവാര്‍ അധ്യക്ഷനായ ബി.സി.സി.ഐ ഏറ്റെടുക്കുകയും ചെയ്തു. ഇന്ന് നമ്മള്‍ കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും അന്നാ ലയനത്തിന് അരസമ്മതമേ ഉണ്ടായിരുന്നുള്ളൂ പവാറിന്റെ ക്രിക്കറ്റ് ബോര്‍ഡിന്. സാങ്കേതിക പ്രശ്നങ്ങളുടെ മുട്ടാപ്പോക്ക് പറഞ്ഞ് ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നവര്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ തിട്ടൂരത്തിന് അവസാനനിമിഷം വഴങ്ങി എന്നു മാത്രം. ഈ ഇഷ്ടക്കേട് നിഴലിട്ടു പിന്നീടുള്ള പെണ്ണുങ്ങളോടുള്ള ബി.സി.സി.ഐയുടെ സമീപനത്തില്‍ ഇക്കണ്ട കാലമത്രയും. അടിസ്ഥാന സൗകര്യങ്ങളിലും പ്രതിഫലത്തിലും പരിശീലനത്തില്‍ പോലുള്ള ചിറ്റമ്മനയം അലിഞ്ഞില്ലാതാവാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു എന്നതിന് മിതാലി രാജിനെപ്പോലുള്ള കളിക്കാരുടെ മൊഴികള്‍ തന്നെ സാക്ഷ്യം. 2013ല്‍ ഇന്ത്യയായിരുന്നു ലോകകപ്പിന്റെ ആതിഥേയര്‍. അന്ന് സന്ദര്‍ശക ടീമുകളെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പാര്‍പ്പിച്ചപ്പോള്‍ ഇന്ത്യന്‍ ടീമിന് നല്‍കിയത് സാധാരണ ബജറ്റ് ഹോട്ടലുകള്‍. ആണുങ്ങളുടെ കളിയെ ബാധിക്കാതിരിക്കാന്‍ വേദികള്‍ അവസാന നിമിഷം മാറ്റിയ സംഭവങ്ങള്‍ വരെയുണ്ടായി. പിന്നെയും നാലഞ്ച് കൊല്ലം കഴിയേണ്ടിവന്നു കാര്യങ്ങള്‍ ഒന്ന് മാറിമറിയാന്‍.

ഇന്ന് കഥയാകെ മാറിമറിഞ്ഞു. കളി നടത്തിപ്പുകാരുടെ സമീപനം മാത്രമല്ല, കളിയും കളിക്കാരും കാണികളും അടിമുടി മാറി. ആദ്യ ലോകകപ്പില്‍, കളിച്ച കളികളൊക്കെ തോറ്റ അവസാനക്കാര്‍, ഇന്ന് ലോകചാമ്പ്യനാണ്. എന്നാല്‍, അത് കാണാന്‍ ശര്‍മ ഉണ്ടായില്ല. ആ വിയോഗത്തിന് ഈ നവംബര്‍ എട്ടിന് മൂന്ന് വര്‍ഷം തികയുകയാണ്. ശര്‍മ അന്ന് അസോസിയേഷന്‍ തുടങ്ങിയില്ലായിരുന്നെങ്കില്‍ നമ്മള്‍ ഇപ്പോഴും മൂന്ന് പതിറ്റാണ്ടെങ്കിലും പിറകിലായിരിക്കുമെന്നാണ് പില്‍ക്കാലത്ത് സെക്രട്ടറിപദം വഹിച്ച അനുരാധ ദത്ത് പറഞ്ഞത് വൈകിക്കിട്ടിയ വലിയൊരു ആദരവാണ്.

ശര്‍മയ്ക്കൊപ്പം തന്നെ ഇന്ത്യയിലെ വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ചേര്‍ത്തുവായിക്കേണ്ട പേരാണ് അലൂ ഭാംജിയുടേതും. സ്വതന്ത്രഭാരതത്തില്‍ ആദ്യമായി സ്ത്രീകള്‍ മാത്രമുള്ള ഒരു ടീമിന് തുടക്കം കുറിച്ചത് മുംബൈയിലെ ഈ ധനാഢ്യയായ പാഴ്സിയാണ്. ശര്‍മ ക്രിക്കറ്റ് അസോസിയേഷന്‍ രൂപീകരിക്കുന്നതിനും മൂന്ന് നാല് കൊല്ലം മുന്‍പ് അതായത് 1969ല്‍ തന്നെ സ്വന്തം പേര് ചുരുക്കി ആല്‍ബീസ് എന്നൊരു ടീമുണ്ടാക്കിയിരുന്നു വാംഖഡെ സ്റ്റേഡിയത്തിന്റെ തൊട്ടയലക്കാരിയായ ഭാംജി. ലോര്‍ഡ്സിലെ എം.സിസിക്ക് ബദലായ തുടങ്ങിയ മുംബൈയിലെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയുടെ മൈതാനമായിരുന്നു അവരുടെ തട്ടകം. സ്ത്രീകള്‍ക്ക് മാത്രമായി ഒരു ക്രിക്കറ്റ് ടീം തുടങ്ങിയതില്‍ ഒതുങ്ങില്ല ഭാംജിയുടെ സംഭാവന. വനിതാ താരങ്ങളുടെ അവകാശങ്ങള്‍ക്കും അര്‍ഹമായ പരിഗണനയ്ക്കും അവസാനംവരെ പോരാടിയാണ് അവര്‍ വിടപറഞ്ഞത്. സ്ത്രീകള്‍ അണ്ടര്‍ ആം ആയിട്ടാണോ പന്തെറിയുകയെന്നും സാരി ധരിച്ചാണോ കളിക്കുകയെന്നും പരിഹസിക്കുന്നവര്‍ക്കിടയില്‍ എളുപ്പമായിരുന്നില്ല പോരാട്ടം. സ്ത്രീകള്‍ സോഫ്റ്റ്ബോള്‍ ഉപയോഗിക്കണമെന്നും ബൗണ്ടറിലൈന്‍ ചെറുതാക്കണമെന്നുമുള്ള വിജയ് മര്‍ച്ചന്റിനെപ്പോലുള്ളവരുടെ ഔദാര്യങ്ങളെ മുഖത്ത് നോക്കി നിഷേധിക്കാന്‍ അക്കാലത്ത് കുറച്ചൊന്നും പോരാ ചങ്കൂറ്റം. പരിശീലനത്തിന് ഗ്രാന്‍ഡ് നേടാനും രാജ് സിങ് ദുംഗാപുരിനെയും അരവിന്ദ് ആപ്തെയെയും പോലുള്ളവരെ പെണ്ണുങ്ങളുടെ പരിശീലകരായി കൊണ്ടുവരാനും വലിയ പോരാട്ടം തന്നെ നടത്തേണ്ടിവന്നിട്ടുണ്ട് ഭാംജിക്ക്. സ്‌കൂളില്‍ നിന്നും കോളേജുകളില്‍ നിന്നും പെണ്‍കുട്ടികളെ ഗ്രൗണ്ടിലെത്തിക്കാന്‍ അവര്‍ നന്നായി കഷ്ടപ്പെട്ടു. സാമ്പത്തികശേഷി കുറഞ്ഞവര്‍ക്ക് സ്വന്തം കൈയില്‍ നിന്ന് കാശെടുത്ത് ബാറ്റും ഗ്ലൗസും വാങ്ങിക്കൊടുത്തു. അവരുടെ അഴുക്കുപുരണ്ട വസ്ത്രങ്ങള്‍ സ്വന്തം വീട്ടില്‍ കൊണ്ടുപോയി അലക്കിവൃത്തിയാക്കിക്കൊടുത്തു. നന്നായി കളിക്കുന്നവര്‍ക്ക് പ്രോത്സാഹനായി ഇറക്കുമതി ചെയ്ത പാഴ്സി മിഠായികള്‍ സമ്മാനിച്ചു. ഭാംജിയുടെ പ്രേരണയില്‍ അങ്ങനെ നാല്‍പതോളം കളിക്കാര്‍ വന്നുചേര്‍ന്നു ആല്‍ബീസില്‍. പില്‍ക്കാലത്ത് മഹേന്ദ്ര ശര്‍മയുടെ വനിതാ ക്രിക്കറ്റ് അസോസിയേഷന്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചപ്പോള്‍ ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങള്‍ അല്‍ബീസിലെ താരങ്ങളെ കടമെടുത്തുകൊണ്ടുപോയാണ് കല്‍പ്പിച്ചത്. ഫലത്തില്‍ ശര്‍മയുടെ വിമന്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയ്ക്ക് മണ്ണൊരുക്കിയത് അലൂ ഭാംജിയുടെ ആല്‍ബീസാണ്.

2007ല്‍ ഭാംജിയുടെ മരണത്തോടെ ആല്‍ബീസും അന്ത്യശ്വാസം വലിച്ചുതുടങ്ങി. പക്ഷേ, അവര്‍ തുടക്കമിട്ട വിപ്ലവം കെട്ടൊടുങ്ങിയില്ല. അതിന് മഹേന്ദ്രകുമാര്‍ ശര്‍മ പകര്‍ന്ന ഊര്‍ജം വീര്യം ചോര്‍ന്നില്ല. ഭാംജി വിടപറഞ്ഞ് ഏതാണ്ട് രണ്ട് പതിറ്റാണ്ടിനുള്ളില്‍ തന്നെ, ശര്‍മ മടങ്ങി മൂന്ന് വര്‍ഷത്തിനുള്ളില്‍തന്നെ, പരാതികളും പരിദേവനങ്ങളും പരാജയങ്ങളും നിറഞ്ഞുനിന്ന നാലു പതിറ്റാണ്ടിനെ ക്ലീന്‍ ബൗള്‍ഡാക്കി ഇന്ത്യ ലോകം കീഴടക്കി. പുതിയൊരു ചരിത്രം കുറിച്ചു. വമ്പന്മാര്‍ക്കെതിരേ പതറുന്ന പഴയ ഇന്ത്യ ഇനി വിദൂര സ്മരണയിലേ ഉണ്ടാവൂ. ഇല്ലായ്മകളെക്കുറിച്ചും അവഗണനെക്കുറിച്ചുമുള്ള താരങ്ങളുടെ പരിഭവങ്ങളും ഇനി കേട്ടുചെടിച്ച പഴങ്കഥയാവും. നിശ്ചയം, ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനിയുണ്ടാവില്ല രണ്ട് പന്തി. വിജയങ്ങള്‍ അങ്ങനെയാണ് ചരിത്രത്തെ വിപ്ലവകരമായി മാറ്റിയെഴുതുക. ഇനി ക്രിക്കറ്റ് ജെന്റില്‍മാന്‍സ് ഗെയിമല്ല, എവരിബഡീസ് ഗെയിമായിരിക്കുമെന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സ്വന്തം ദേഹത്ത് തിരുത്തിയെഴുതി പ്രഖ്യാപിച്ചത് ലോകകപ്പ് നെഞ്ചോട് ചേര്‍ത്തുകൊണ്ടാണ്. അതിന് നാന്ദിയായവര്‍, അതുകൊണ്ടു തന്നെ അര്‍ഹിക്കുന്നുണ്ട്, രാജ്യത്തിന്റെ വീരസ്മരണയും കടലോളം കൃതജ്ഞതയും.