
അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി അഡില്‍ സുവരിവാലയും വൈസ് പ്രസിഡന്റായി അഞ്ജു ബോബി ജോര്‍ജും തിരഞ്ഞെടുക്കപ്പെട്ടതിനെതിരേ മഹാരാഷ്ട്ര, കര്‍ണാടക അത്‌ലറ്റിക് അസോസിയേഷനുകളില്‍ പടപ്പുറപ്പാട്.
നിലവില്‍ സാരഥിയില്ലാത്ത കര്‍ണാടക അസോസിയേഷനുവേണ്ടി സെക്രട്ടറി രാജവേലുവാണ് അഞ്ജുവിനെ നാമനിര്‍ദേശം ചെയ്തതത്രെ. ജില്ലാ ഘടകങ്ങളോ സംസ്ഥാന അസോസിയേഷനില്‍ അഫിലിയേഷന്‍ ഉള്ള മറ്റ് അംഗങ്ങളോ ഇത് അറിഞ്ഞില്ല. സംസ്ഥാന അസോസിയേഷന്‍ അടിയന്തരമായി 'അസാധാരണ യോഗം ' വിളിക്കണമെന്ന് ആവശ്യപ്പെട്ട് പല ജില്ലാ ഭാരവാഹികളും സംസ്ഥാന സെക്രട്ടറിക്ക് കത്തയച്ചു.
അത്‌ലറ്റിക് ജീവിതത്തില്‍ ഉടനീളം കേരളത്തെ പ്രതിനിധാനം ചെയ്ത അഞ്ജുവിന് കര്‍ണാടക അത്‌ലറ്റിക് അസോസിയേഷനില്‍ എന്നാണ് അംഗത്വം കിട്ടിയതെന്ന് പരാതിക്കാര്‍ ചോദിക്കുന്നു. അഞ്ജു കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന കാര്യവും (ചെയര്‍മാന്‍ എന്നു പരാതികളില്‍) അവര്‍ ചൂണ്ടിക്കാട്ടുന്നു.
ദാവങ്കരെ, ബഗല്‍കോട്ട് , ഹാവേരി തുടങ്ങി പല ജില്ലാ അസോസിയേഷനുകളും പരാതി അയച്ചു.
അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഉപാധ്യക്ഷയാകാന്‍ അഞ്ജുവിനുള്ള യോഗ്യത എന്തായാലും ആരും ചോദ്യം ചെയ്തിട്ടില്ല.
ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഏക ഇന്ത്യന്‍ താരമായ അഞ്ജു എത്രയോ വര്‍ഷമായി ബെംഗളൂരു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു? അഞ്ജുവും ഭര്‍ത്താവ് റോബര്‍ട്ട് ബോബിയും ചേര്‍ന്നു നടത്തുന്ന പരിശീലന കേന്ദ്രവും കര്‍ണാടകയില്‍ അല്ലേ? ലോകതലത്തിലെ നേട്ടങ്ങള്‍ എടുത്താല്‍ പി.ടി.ഉഷയ്ക്കും ഒരു പരിധി വരെ മില്‍ഖാ സിങ്ങിനും മുകളിലല്ലേ അഞ്ജുവിന്റെ സ്ഥാനം.? അവരുടെ കഴിവും പരിചയവും മുതലാക്കുകയല്ലേ വേണ്ടത്?
വിവിധ ജില്ലാ ഘടകങ്ങളുടെ പരാതിയിലെ വാചകങ്ങള്‍ ഒന്നു തന്നെയാണ് എന്നതാണു വിചിത്രം.
ഇനി കര്‍ണാടകയ്ക്ക് അഞ്ജുവിനെ വേണ്ടെങ്കില്‍ കേരള സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്‍ അഞ്ജുവിനെ നാമനിര്‍ദേശം ചെയ്യണം. കേരളത്തില്‍ നിന്നു സംസ്ഥാന സെക്രട്ടറി പി.ഐ. ബാബുവിനെ ജോ. സെക്രട്ടറിയായി തിരഞ്ഞെടുത്തത് തടസമായി കാണേണ്ടതില്ല.
തിബറ്റില്‍ ജനിച്ച പര്‍വതാരോഹകന്‍ ടെന്‍സിങ് നോര്‍ഗേ 1953-ല്‍ എവറസ്റ്റ് കീഴടക്കിയശേഷമാണ് ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചത്. ടെന്‍സിങ്ങിനു ലണ്ടനില്‍ സ്വീകരണത്തിനു പോകാന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു നേരിട്ട് ഇടപെട്ട് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നല്‍കുകയായിരുന്നു. അതാണ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്.
അഡിലിന്റെ കാര്യത്തില്‍ പരാതി വ്യത്യസ്തമാണ്. മൂന്നു തവണ തുടര്‍ച്ചയായി ഒരാള്‍ അസോസിയേഷന്‍ ഭാരവാഹിയാകുന്നതിലെ നിയമപരമായ തടസമാണ് മഹാരാഷ്ട്ര അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല മുംബൈ ഹൈക്കോടതി മേല്‍നോട്ടത്തില്‍ മഹാരാഷ്ട്ര അസോസിയേഷന്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നേയുള്ളൂ. ഇലക്ഷന്‍ ഓഫിസര്‍ വിജയലക്ഷ്മി കെ. ഗുപ്ത ഈ മാസം 23-ന് അഡിലിന്റെ പേര് അസോസിയഷന്‍ ഭരണഘടനാ ചട്ടങ്ങളുടെ പേരില്‍ തഴഞ്ഞിരുന്നതായും പരാതിക്കാര്‍ പറയുന്നു.
ഇതിനിടെ എ.എഫ്.ഐ. പ്ലാനിങ് സമിതി അധ്യക്ഷന്‍ ഡോ. ലളിത് കുമാര്‍ ഭാനോട്ടിനെതിരെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും രാജ്യാന്തര ഒളിംപിക് കമ്മിറ്റിക്കും ചിലര്‍ പരാതിയയച്ചു. എല്ലാം കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ കാര്യം വ്യക്തമാകും. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ എന്നു പറയുമ്പോഴും അഞ്ജുവിനെപ്പോലെ തികഞ്ഞ പ്രഫഷണല്‍ ആയ ഒരു സൂപ്പര്‍ താരത്തിന്റെ നേതൃത്വം ഇന്ത്യന്‍ അത്‌ലറ്റിക്‌സിന് ഏറെ ഗുണം ചെയ്യുമെന്ന യാഥാര്‍ഥ്യം മറക്കരുത്.
Content Highlights: Controversy over former long jumper Anju Bobby George s vice president post in AFI
Published: 30 Oct 2020, 02:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented