ന്യൂഡല്‍ഹി: ഗാബ ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ ഇന്ത്യന്‍ ടീമില്‍ എപ്പോഴും കളിപ്പിക്കണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരം കിരണ്‍ മോറെ.

To advertise here,

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ പന്തിന് പകരം സാഹയെയാണ് കളിപ്പിച്ചത്. ഓസ്‌ട്രേലിയയില്‍ മികച്ച റെക്കോഡുള്ള, സന്നാഹ മത്സരത്തില്‍ സെഞ്ചുറി നേടിയ പന്തിനെ പുറത്തിരുത്തി സാഹയ്ക്ക് അവസരം നല്‍കിയത് ശരിയായില്ലെന്ന് മോറെ പറയുന്നു. അവസരം കിട്ടിയപ്പോള്‍ പന്ത് മികച്ച പ്രകടനം കാഴ്ചവെച്ചെന്നും ഇന്ത്യ നേടിയ പരമ്പരയില്‍ താരം നിര്‍ണായക സ്ഥാനം വഹിച്ചിട്ടുണ്ടെന്നും കിരണ്‍ മോറെ വ്യക്തമാക്കി. ഇത്രയും മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിന് ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നും മോറെ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പറാണ് കിരണ്‍ മോറെ. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പന്തിനെ ടെസ്റ്റ് മത്സരങ്ങളില്‍ ആറാമനോ എഴാമനോ ആക്കി ഇറക്കണം. ഇന്ത്യന്‍ സ്‌കോര്‍ 200 റണ്‍സുള്ളപ്പോള്‍ പന്ത് ഏഴാമനായി ഇറങ്ങിയാല്‍ ചിലപ്പോള്‍ സ്‌കോര് 400 കടക്കുമെന്ന് മോറെ പറയുന്നു. ഓസ്‌ട്രേലിയയ്ക്കായി ആദം ഗില്‍ക്രിസ്റ്റ് നടത്തിയ പ്രകടനത്തിന് സമാനമായ ഇന്നിങ്‌സുകള്‍ പന്തിന് കളിക്കാനാകും. 

സാഹ ഇന്ത്യയുടെ നിലവിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ ബാറ്റിങ്ങിനിറങ്ങുമ്പോള്‍ താരം സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ വീണുപോകുന്നു. പക്ഷേ പന്ത് സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ മിടുക്കനാണ്. മികച്ച ഒരു ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ മധ്യനിരയില്‍ ഇന്ന് ഇന്ത്യയ്ക്കില്ലാത്തതിനാല്‍ പന്തിനെ ആ സ്ഥാനത്ത് ഉപയോഗിക്കാം. 

ഇന്ത്യയില്‍ സാഹയ്ക്ക് മികച്ച റെക്കോഡാണുള്ളത്. അത്തരം സാഹചര്യങ്ങള്‍ വരുമ്പോള്‍ സാഹയെയും പന്തിനെും കളിപ്പിക്കാം. സാഹയ്ക്ക് വിക്കറ്റ് കീപ്പറുടെ റോളും പന്തിന് ബാറ്റ്‌സ്മാന്റെ റോളും നല്‍കണം- മോറെ കൂട്ടിച്ചേര്‍ത്തു.

Content Highlights: You can't drop Rishabh Pant now, he should play in India as wicketkeeper-batsman says Kiran More