ലോകകപ്പിനായി ദക്ഷിണാഫ്രിക്കയിലേക്ക് പോകുമ്പോള്‍ ഇന്ത്യയുടെ ബാറ്റിങ് പ്രതീക്ഷ ഉത്തര്‍പ്രദേശുകാരന്‍ യശ്വസി ഭൂപേന്ദ്ര കുമാര്‍ ജയ്സ്വാള്‍ എന്ന ഓപ്പണിങ് ബാറ്റ്സ്മാനിലായിരുന്നു. ആ പ്രതീക്ഷകാക്കുന്ന പ്രകടനമാണ് ടൂര്‍ണമെന്റിലുടനീളം കണ്ടത്.

To advertise here,

പാകിസ്താനെതിരേ ക്ലാസിക് ബാറ്റിങ്ങാണ് താരം പുറത്തെടുത്തത്. അര്‍ഹത പോലെ സെഞ്ചുറിയും വന്നു. അഞ്ച് കളിയില്‍നിന്ന് 312 റണ്‍സുമായി ടോപ് സ്‌കോറര്‍പട്ടികയില്‍ ഒന്നാം സ്ഥാനത്തും. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറികളും.

സ്വപ്‌ന സാക്ഷാത്കാരം എന്നായിരുന്നു സെമി ഫൈനലിന് ശേഷം യശ്വസി ജയ്‌സ്വാള്‍ പ്രതികരിച്ചത്. 'സ്വപ്‌നം കണ്ടത് നടന്നു. എന്റെ രാജ്യത്തിന് വേണ്ടി സെഞ്ചുറി നേടിയതില്‍ വളരെയധികം സന്തോഷമുണ്ട്,അതു വാക്കുകള്‍ കൊണ്ട് വിവരിക്കാനാകില്ല. ലോകകപ്പില്‍ പാകിസ്താനെതിരേ സെഞ്ചുറി നേടിയത് ഞാന്‍ ഒരിക്കലും മറക്കില്ല.' സമ്മാനദാനച്ചടങ്ങില്‍ യശ്വസി വ്യക്തമാക്കി. 

ശ്രീലങ്കയ്‌ക്കെതിരെ 75 പന്തില്‍ 59, ജപ്പാനെതിരെ 18 പന്തില്‍ പുറത്താകാതെ 29, ന്യൂസീലന്‍ഡിനെതിരെ 77 പന്തില്‍ പുറത്താകാതെ 57 എന്നിങ്ങനെയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇടംകൈയന്‍ ബാറ്റ്സ്മാന്റെ പ്രകടനം.

ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയയ്‌ക്കെതിരെ 82 പന്തില്‍ 62 റണ്‍സ് നേടി. ഇപ്പോള്‍ സെഞ്ചുറിയും. പാര്‍ട്ട് ടൈം ബൗളറായ ജയ്സ്വാള്‍ രണ്ട് വിക്കറ്റും നേടിയിട്ടുണ്ട്. സെമിയില്‍ മികച്ചഫോമില്‍ കളിച്ച പാകിസ്താന്‍ ഓപ്പണര്‍ ഹൈദര്‍ അലിയെ വീഴ്ത്തിയതാണ് ഇതില്‍ പ്രധാനം.

ആഭ്യന്തരക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ലോകകപ്പ് ടീമിലേക്ക് ഇടം നേടിക്കൊടുത്തത്. ലിസ്റ്റ് എ മത്സരങ്ങളില്‍ മുംബൈ ടീമിനായി മിന്നുന്ന പ്രകടനം പുറത്തെടുത്തു. വിജയ് ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡിനെതിരെ 154 പന്തില്‍ 203 റണ്‍സ് നേടി ചരിത്രം സൃഷ്ടിച്ചു. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ടസെഞ്ചുറി നേടുന്ന പ്രായംകുറഞ്ഞ ഇന്ത്യന്‍ താരമായി.

Content Highlights: Yashasvi Jaiswal Century Against Pakistan Under 19 World Cup