
ഡൽഹി: വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴുവിക്കറ്റിന് തോൽപ്പിച്ച ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് പ്ലേ ഓഫിൽ. സ്കോർ: മുംബൈ 19 ഓവറിൽ 113-ന് പുറത്ത്. ബാംഗ്ലൂർ 15 ഓവറിൽ മൂന്നിന് 115. ഡൽഹി, മുംബൈ ടീമുകൾ നേരത്തേ പ്ലേ ഓഫിൽ എത്തിയിരുന്നു. ഇതോടെ നോക്കൗട്ട് ചിത്രം തെളിഞ്ഞു. യു.പി. വാരിയേഴ്സ്, ഗുജറാത്ത് ജയന്റ്സ് എന്നീ ടീമുകൾ പുറത്തായി.
ചൊവ്വാഴ്ച ആദ്യം ബാറ്റുചെയ്ത മുംബൈ 8.3 ഓവറിൽ ഒരുവിക്കറ്റിന് 65 റൺസിലെത്തിയശേഷം തകരുകയായിരുന്നു. നാല് ഓവറിൽ 15 റൺസിന് ആറുവിക്കറ്റ് നേടിയ എലിസ് പെറിയാണ് തകർത്തത്. വനിതാ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. ഒപ്പം 38 പന്തിൽ 40 റൺസും നേടിയ പെറി ഓൾറൗണ്ട് മികവോടെ കളിയിലെ താരമായി.
മലയാളിതാരം സജന സജീവനും (21 പന്തിൽ 30) ഹേലി മാത്യൂസും (23 പന്തിൽ 26) ചേർന്നാണ് മുംബൈയുടെ ഇന്നിങ്‌സ് ഓപ്പൺ ചെയ്തത്. ആദ്യമായാണ് സജന ഒാപ്പണർ റോളിൽ ഇറങ്ങുന്നത്. ആറാം ഓവറിൽ ഹേലി മടങ്ങിയശേഷവും അടി തുടർന്ന സജന അഞ്ചുഫോറും ഒരു സിക്സും നേടി. ഒമ്പതാംഓവറിൽ എലിസ് പെറി സജനയെ ക്ലീൻ ബൗൾഡാക്കി. അടുത്ത പന്തിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (0) ക്ലീൻ ബൗൾഡ്. പിന്നെ മുംബൈക്ക് തിരിച്ചുവരാനായില്ല. പിന്നെ രണ്ടക്കം തികച്ചത് പ്രിയങ്ക ബാല (19*) മാത്രം. പതിമ്മൂന്നാം ഓവറിലും പെറി രണ്ടുവിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ സ്മൃതി മന്ഥാന (11) വേഗം മടങ്ങിയെങ്കിലും എലിസ് പെറി, റിച്ചാ ഘോഷ് (36*) എന്നിവരുടെ കൂട്ടുകെട്ട് ജയം അനായാസമാക്കി.
Content Highlights: Women's Premier League match between Mumbai Indians and Royal Challengers Bangalore
Published: 12 Mar 2024, 07:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented