മുംബൈ: പരിക്കേറ്റ ദീപക് ചാഹറിന് പകരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ വാഷിങ്ടണ്‍ സുന്ദറിനെ ഉള്‍പ്പെടുത്തി. രണ്ട് ഏകദിനങ്ങളാണ് ഇനി പരമ്പരയില്‍ ശേഷിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ചാഹര്‍ ടീമിലേക്ക് തിരികെയെത്തിയിരുന്നത്. പിന്നാലെ വീണ്ടും പരിക്കേല്‍ക്കുകയായിരുന്നു.

To advertise here,

പുറംവേദനയാണ് ചാഹറിലും വില്ലനായിരിക്കുന്നത്. താരത്തോട് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്താന്‍ ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്. ട്വന്റി 20 ലോകകപ്പിനുള്ള റിസര്‍വ് നിരയിലുള്ളതിനാല്‍ ചാഹറിനെ എത്രയും പെട്ടെന്ന് ബിസിസിഐ മെഡിക്കല്‍ സംഘം പരിശോധിക്കും.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കിടെയാണ് ദീപക്കിന് വീണ്ടും പരിക്കേല്‍ക്കുന്നത്. നിലവില്‍ പരിക്ക് കാരണം രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയും ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായിക്കഴിഞ്ഞു. കോവിഡ് ബാധിച്ച് വിശ്രമത്തിലായിരുന്ന മുഹമ്മദ് ഷമിയോടും ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പരിക്കിനെ തുടര്‍ന്ന് ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് വാഷിങ്ടണ്‍ സുന്ദര്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നത്. 2022 ഫെബ്രുവരിയിലാണ് താരം അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്.