ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പഞ്ചാബിനായി സ്‌ഫോടനാത്മക ബാറ്റിങ്ങുമായി ഇന്ത്യന്‍ താരം അഭിഷേക് ശര്‍മ. ബംഗാളിനെതിരായ മത്സരത്തില്‍ 12 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി തികച്ച അഭിഷേക് 32-ാം പന്തില്‍ സെഞ്ചുറി നേട്ടവും സ്വന്തമാക്കി. മത്സരത്തില്‍ 52 പന്തില്‍ നിന്ന് 148 റണ്‍സാണ് അഭിഷേക് അടിച്ചുകൂട്ടിയത്. 16 സിക്‌സറുകളും എട്ട് ഫോറും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ തട്ടുപൊളിപ്പന്‍ ഇന്നിങ്‌സ്. വെറ്ററന്‍ താരം മുഹമ്മദ് ഷമിയുടെ ഓവറില്‍ 23 റണ്‍സും അഭിഷേക് സ്വന്തമാക്കി.
157 ടി20 ഇന്നിങ്‌സുകള്‍ക്കിടെ അഭിഷേകിന്റെ എട്ടാമത്തെ സെഞ്ചുറിയാണിത്. ഇതോടെ എട്ട് ടി20 സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ താരം രോഹിത് ശര്‍മയുടെ റെക്കോഡിനൊപ്പമെത്തി അഭിഷേക്. ഒമ്പത് സെഞ്ചുറികള്‍ നേടിയ വിരാട് കോലി മാത്രമാണ് അഭിഷേകിന് മുന്നിലുള്ളത്.
12 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി നേടിയ താരം ടി20-യില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡിനൊപ്പമെത്തി. ടി20-യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറെന്ന നേട്ടവും അഭിഷേക് സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം സയ്യിദ് മുഷ്താഖ് അലിയില്‍ മേഘാലയക്കെതിരേ 67 പന്തില്‍ നിന്ന് 151 റണ്‍സെടുത്ത തിലക് വര്‍മയുടെ പേരിലാണ് ഈ റെക്കോഡ്.
ഒരു ടി20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും 16 സിക്‌സറുകള്‍ നേടി അഭിഷേക് സ്വന്തം പേരിലാക്കി. 2021-ല്‍ മിസോറമിനെതിരേ 17 സിക്‌സറുകള്‍ നേടിയ മേഘാലയ താരം പുനിത് ബിഷ്താണ് ഈ പട്ടികയില്‍ മുന്നില്‍.
അഭിഷേകിന്റെ വെടിക്കെട്ട് മികവില്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെന്ന റെക്കോഡ് സ്‌കോര്‍ പഞ്ചാബ് അടിച്ചെടുത്തു. 112 റണ്‍സിനാണ് പഞ്ചാബ് മത്സരം വിജയിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗാളിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ഇതോടൊപ്പം ടി20-യില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന സ്വന്തം റെക്കോഡ് തന്നെ അഭിഷേക് തിരുത്തിയെഴുതി. 2025-ല്‍ 33 ടി20 ഇന്നിങ്‌സുകളില്‍ നിന്നായി ഇതുവരെ 91 സിക്‌സറുകളാണ് താരം ഗാലറിയിലെത്തിച്ചത്. 2024-ല്‍ 38 ഇന്നിങ്‌സുകളില്‍ നിന്ന് 87 സിക്‌സറുകള്‍ അഭിഷേക് നേടിയിരുന്നു.
Content Highlights: Indian star Abhishek Sharma breaks T20 records with a sensational 148 off 52 balls, including 16 sixes. Fastest fifty and high scores!
Published: 30 Nov 2025, 01:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented