മുംബൈ: ട്വന്റി20 ലോകകപ്പ് വേദിയുമായി ബന്ധപ്പെട്ട് ഐസിസി-ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ചർച്ചകളിൽ ഇടംപിടിച്ച് കാര്യവട്ടം ഗ്രീൻഫീൽഡ് ക്രിക്കറ്റ് സ്റ്റേഡിയവും. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റാൻ ഐസിസിയോട് അഭ്യർത്ഥിച്ചിരുന്നു. ഇതേത്തുടർന്നുള്ള ചർച്ചകളിലാണ് നിലവിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന വേദികൾ മാറ്റി ദക്ഷിണേന്ത്യയിലേക്ക് ബംഗ്ലാദേശിന്റെ മത്സരങ്ങൾ നടത്താനുള്ള നിർദേശം മുന്നോട്ട് വന്നത്.

To advertise here,

ഐസിസി ഇത് സംബന്ധിച്ച് നിർദേശം ബിസിബിക്ക് മുന്നിൽവെച്ചതായാണ് വിവരം. കൊൽക്കത്തയിലും മുംബൈയിലുമാണ് ബംഗ്ലാദേശിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇതിന് പകരം ചെന്നൈയും തിരുവനന്തപുരവും ബദൽവേദികളായി നിർദേശിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

എന്നാൽ ഇതു സംബന്ധിച്ച് തങ്ങൾക്ക് അറിവില്ലെന്ന് ബിസിസിഐയുടെ പ്രതികരണം. ഐസിസിയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും തമ്മിലാണ് ചർച്ചകൾ നടക്കുന്നത്. ഐസിസിയിൽനിന്ന് തങ്ങൾക്ക് അത്തരമൊരു വിവരം ലഭിച്ചിട്ടില്ലെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു.

ഐപിഎൽ ഫ്രാഞ്ചൈസി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ മുസ്തഫിസുർ റഹ്‌മാനെ ടീമിൽനിന്ന് ഒഴിവാക്കാൻ ബിസിസിഐ നിർദേശിച്ചതിനെ തുടർന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഇന്ത്യയിൽനിന്ന് ലോകകപ്പ് മാറ്റണമെന്ന നിലപാടിലേക്ക് വന്നത്.

ഇതിനിടെ ഐസിസി മുന്നോട്ട് വെച്ച രണ്ട് ബദൽ വേദികളിൽ ഒന്നായ ചെന്നൈയെ ബംഗ്ലാദേശ് നേരത്തെ തള്ളിയതായി എൻഡിവി റിപ്പോർട്ട് ചെയ്യുന്നു. സർക്കാരുമായി ആലോചിച്ചിട്ടേ ഐസിസിയുടെ നിർദേശങ്ങൾ പരിഗണിക്കൂവെന്നാണ് ബിസിബി പ്രസിഡന്റ് അമിനുൽ ഇസ്ലാമിന്റെ പ്രതികരണം.

അതേസമയം ടി20 ലോകകപ്പിൽ ബംഗ്ലാദേശ് മാച്ച് ഒഫീഷ്യലുകൾക്ക് വിലക്ക് ഉണ്ടായേക്കില്ല. ബംഗ്ലാദേശ് റഫറി ഷർഫുള്ള സയീഖ് ഞായറാഴ്ച വഡോദരയിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നടന്ന ആദ്യ ഏകദിന മത്സരത്തിൽ മാച്ച് റഫറിയായി പ്രവർത്തിച്ചിരുന്നു. ഇതിനിടെ വിഷയം എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഐസിസി നടത്തിവരുന്നതെന്നും അധികൃതർ വ്യക്തമാക്കി.